ആം ആദ്മി കോൺഗ്രസിന്റെ ഫോട്ടോകോപ്പി, ഇരുകൂട്ടർക്കും പാക്കിസ്ഥാന്റെ ശബ്ദം..കടന്നാക്രമിച്ച് മോദി
ചണ്ഡീഗഡ്; പഞ്ചാബിൽ കോൺഗ്രസിനേയും ആം ആദ്മിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഒറിജിനൽ ആണെങ്കിൽ അവരുടെ ഫോട്ടോകോപ്പിയാണ് ആം ആദ്മിയെന്ന് മോദി പരിഹസിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിലോ സൈന്യത്തിന്റെ പ്രവൃത്തികളിലോ ഇരുകൂട്ടരും സന്തുഷ്ടരല്ലെന്നും മോദി കുറ്റപ്പെടുത്തി. പഠാൻകോട്ടിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയായിരുന്നു മോദിയുടെ വാക്കുകൾ.

കോൺഗ്രസ് പഞ്ചാബിനെ കൊള്ളയടിച്ചു, ആം ആദ്മി ദില്ലിയിൽ അഴിമതി നടത്തുന്നു. കുറ്റം ചെയ്യാൻ കോൺഗ്രസിന് ആം ആദ്മിയെന്ന പങ്കാളിയെ ലഭിച്ചിരിക്കുകയാണ്. ഒരു കൂട്ടർ പഞ്ചാബിൽ യുവാക്കളെ ലഹരിയിലേക്ക് തള്ളിവിട്ടു. മറ്റൊരു കൂട്ടർ മദ്യത്തിലേക്കും. ഇനി രാമക്ഷേത്രമായാലും സൈന്യത്തിന്റെ കാര്യമായാലുമെല്ലാം ഇരു പാർട്ടികൾക്കും പാകിസ്താന്റെ സ്വരമാണ്. ദില്ലിയിൽ അധികാരം നേടാൻ കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ചവരാണ് ആം ആദ്മി. പഞ്ചാബിൽ ഇത്തവണ മാറ്റം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കർതാപൂർ സാഹിബ് ഇടനാഴിയെ കുറിച്ചും മോദി തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു.
സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ പഞ്ചാബിലെ ഗുരുദാസ്പുരീല്‍
നിന്ന് നാലു കിലോ മീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിൽ കർതാർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാര വരെയുള്ളതാണ് ഇടനാഴി. ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ദർബാർ സാഹിബിലാണ്.കർതാർപൂർ ഇടനാഴിയിലൂടെ പാകിസ്ഥാൻ വിസയില്ലാതെ തന്നെ വിശ്വാസികൾക്ക് ഗുരുദ്വാര സന്ദർശിക്കാം.
കോൺഗ്രസ് മുൻകൈ എടുത്തിരുന്നുവെങ്കിൽ ഗുരുനാനാക്കിന്റെ ജന്മസ്ഥലം ഇന്ത്യയിലാകുമായിരുന്നു. 1965 ൽ അവർ യാതൊരു ശ്രമവും നടത്തിയിട്ടില്ല, മോദി പറഞ്ഞു.

2016ലെ പത്താൻകോട്ട് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ കോൺഗ്രസ് ഇകഴ്ത്തുകയും അവഹേളിക്കുകയും ചെയ്തതായി പ്രധാനമന്ത്രി ആരോപിച്ചു. ആക്രമണത്തിനെതിരായ പ്രതികരണത്തിൽ കോൺഗ്രസ് ഒഴികെ രാജ്യം ഒറ്റക്കെട്ടായി നിന്നും. എന്നാൽ കോൺഗ്രസുകാർ സർക്കാരിനെയും പഞ്ചാബിലെ ജനങ്ങളെയും നമ്മുടെ സൈന്യത്തെയും പോലും ചോദ്യം ചെയ്തു. സൈനികരുടെ ത്യാഗത്തെ അവർ ഇകഴ്ത്തി," അദ്ദേഹം പറഞ്ഞു.2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ വാർഷിക വേളയിലും കോൺഗ്രസ് അതുതന്നെയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പുൽവാമ വാർഷികത്തിൽ പോലും അവർ അവരുടെ 'പാപ ലീല' തുടരുകയാണ്. കോൺഗ്രസിന് ഒരു അവസരം കൂടി ലഭിച്ചാൽ പഞ്ചാബിന്റ െസുരക്ഷെയെ തന്നെ അവർ അപകടത്തിലാക്കുമെന്നും മോദി ആരോപിച്ചു.
കോൺഗ്രസിലായിരുന്നപ്പോൾ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടിയുടെ ഇത്തരം നീക്കങ്ങളെ ചെറുത്തു. എന്നാൽ അമരീന്ദറും ഇപ്പോൾ പാർട്ടി വിട്ടുവെന്നും മോദി പറഞ്ഞു.

ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന പഞ്ചാബിൽ ഇക്കുറി വലിയ അട്ടിമറി ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. പാർട്ടിക്ക് യാതൊരു സ്വാധീനവും നിലവിൽ സംസ്ഥാനത്ത് ഇല്ല. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യമൊട്ടുക്കം അലയടിച്ച മോദി തരംഗത്തിൽ പോലും ബി ജെ പിക്ക് സംസ്ഥാനത്ത് നിന്ന് ലഭിച്ചത് വെറും 9 ശതമാനം വോട്ടുകളായിരുന്നു.

കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാരിനെ വലിയ പ്രക്ഷോഭങ്ങൾ നടന്ന സംസ്ഥാനമാണ് പഞ്ചാബ്. നിയമങ്ങൾ പിൻവലിച്ചെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനരോഷം നേരിടുന്ന പാർട്ടി ബി ജെ പിയാണ്. അതേസമയം കോൺഗ്രസ് വിട്ട് എത്തിയ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായി സഖ്യത്തിലാണ് ബി ജെ പി പഞ്ചാബിൽ ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കർഷകരുമായി ഏറെ അടുപ്പമുള്ള നേതാവാണ് അമരീന്ദർ. സഖ്യം തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്.












Click it and Unblock the Notifications