'സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ട് പോയി, തോക്കിൻമുനയിൽ പത്രിക പിൻവലിപ്പിച്ചു', ബിജെപിക്കെതിരെ ആപ്
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഗുജറാത്തില്‍ ബിജെപിക്കെതിരെ തട്ടിക്കൊണ്ട് പോകല്‍ ആരോപണം ഉന്നയിച്ച് ആം ആദ്മി പാര്‍ട്ടി. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ബിജെപി തട്ടിക്കൊണ്ട് പോയി തോക്കിന്‍മുനയില്‍ നിര്‍ത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു എന്നാണ് ദില്ലി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയ ആരോപിക്കുന്നത്.
ഈസ്റ്റ് സൂറത്തില്‍ നിന്നുളള ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കാഞ്ചന്‍ ജരിവാലയെ ആണ് ബിജെപി തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതായുളള ആരോപണം ഉയര്‍ന്നിട്ടുളളത്. ഇന്നലെ മുതല്‍ കാഞ്ചന്‍ ജരിവാലയെ കാണാനില്ലെന്ന് മനീഷ് സിസോദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിന് ശേഷം ജരിവാല പ്രത്യക്ഷപ്പെടുകയും ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ അഞ്ഞൂറോളം പോലീസുകാരുടെ അകമ്പടിയോടെ എത്തി നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തുവെന്നും എഎപി ആരോപിക്കുന്നു.

തോക്കിന്‍മുനയില്‍ നിര്‍ത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ച ശേഷം കാഞ്ചന്‍ ജരിവാലയെ മറ്റേതോ സ്ഥലത്തേക്ക് മാറ്റിയെന്നും ആം ആദ്മി നേതാക്കള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ആപ് ഉന്നയിച്ച ആരോപണം സംബന്ധിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. ജരിവാലയുടെ കുടുംബാംഗങ്ങളേയും ബന്ധപ്പെടാനാകുന്നില്ലെന്നും വീട് പൂട്ടിക്കിടക്കുന്ന നിലയിലാണെന്നും ആപ് നേതാക്കള്‍ പറയുന്നു. ''ഒരു സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയിരിക്കുന്നു. തോക്കിന്‍മുനയില്‍ നിര്‍ത്തി അദ്ദേഹത്തെ കൊണ്ട് നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിനേക്കാള്‍ വലിയ അടിയന്തര വിഷയം ഏതാണ് ഉളളത്. അതുകൊണ്ട് ഉടനെ തന്നെ ഇക്കാര്യത്തില്‍ നടപടി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയാണ്'', മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
താരന്‍ പോകാന്‍ ഏത് ഷാംപൂ ഉപയോഗിക്കണം?എത്ര തവണ?
ആം ആദ്മി പാര്‍ട്ടിയുടെ മറ്റൊരു നേതാവായ രാഘവ് ഛദ്ദ റിട്ടേണിംഗ് ഓഫീസറുടെ പക്കല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ജരിവാല എത്തിയ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയും പോലീസുകാരും മറ്റാളുകളും തമ്മിലുളള പിടിവലിയും ബഹളവും വീഡിയോയില്‍ കാണാം. ''നോക്കൂ, പോലീസും ബിജെപിയുടെ ഗുണ്ടകളും ചേര്‍ന്ന് എത്തരത്തിലാണ് തങ്ങളുടെ സൂറത്തിലെ സ്ഥാനാര്‍ത്ഥിയായ കാഞ്ചന്‍ ജരിവാലയെ കൊണ്ട് നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് എന്നതൊക്കെ തമാശയായി മാറിയിരിക്കുന്നു'', എന്നാണ് രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications