ആപ് വാക്ക് പാലിച്ചു,ജനങ്ങള്‍ക്ക് സൗജന്യ കുടിവെള്ളം
ദില്ലി: അധികാരത്തില്‍ കയറി മണിക്കൂറുകള്‍ക്കകം തന്നെ പണിതുടങ്ങിയ ആം ആദ്മി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഒന്നൊന്നായി പാലിക്കുന്നു. ദില്ലിയിലെ ഓരോ കുടുംബത്തിനും 700 ലിറ്റര്‍ സൗജന്യ കുടിവെള്ളം നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ദില്ലി ജലബോര്‍ഡ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജനുവരി ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കും. മൂന്ന് മാസത്തിന് ശേഷം പദ്ധതി സര്‍ക്കാര്‍ അവലോകനം നടത്തും. 700 ലിറ്ററിലധികം കുടിവെള്ളം ഉപയോഗിക്കുന്നവര്‍ അതിനുള്ള പണം അടയ്ക്കണമെന്ന് ജലഅതോറിറ്റി വിഭാഗം അറിയിച്ചു.

ഇതോടെ അപ് സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് നിറവേറുന്നത്. തിങ്കളാഴ്ച തന്നെ വിഷയത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സത്യപ്രതിജ്ഞാ ദിവസം കെജ്രിവാള്‍ അറയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത പനിയും വയറിളക്കവും കാരണം ഡോക്ടര്‍ പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടും കെജ്രിവാള്‍ ഉദ്യോഗസ്ഥരുമായി വീട്ടില്‍ ചര്‍ച്ച നടത്തുകയായിരുന്നു.
അഴിമതി വിരുദ്ധസമരത്തിലൂടെ അധികാരത്തിലെത്തി കെജ്രിവാള്‍ അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍തന്നെ അഴിമതിവിവാദത്തില്‍പെട്ട ദില്ലി ജലബോര്‍ഡ് സിഇഓയെ ഉള്‍പ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റികൊണ്ടാണ് ശുദ്ധികലശം ആരംഭിച്ചത്. അധികാരമേറ്റ് 15 ദിവസത്തിനുള്ളില്‍ ജനലോക്പാല്‍ ബില്‍ പാസാക്കുമെന്നും എഎപി വാഗ്ദാനം നല്‍കയിട്ടുണ്ട്. അനധികൃത കോളനികള്‍ നിയമ വിധേയമാക്കാനും ഉടന്‍ നടപടിയുണ്ടാകും.












Click it and Unblock the Notifications