ഗുജറാത്തില്‍ മോഡിക്കെതിരെ ആപ് മത്സരിക്കുന്നു?
അഹമ്മദാബാദ്: നിയമ സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ വിജയം തൂത്തുവാരിയ ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ രാജ്യം മുഴുവന്‍ അനുയായികളായി. എവിടെ മത്സരിച്ചലും വിജയ്ക്കും എന്ന വിശ്വാസം പാര്‍ട്ടിക്കും ഉണ്ട്. പക്ഷേ മോഡി ഇഫക്ടിനെ മറികടക്കാന്‍ അതിന് കഴിയുമോ എന്നൊരു ചോദ്യവും ബാക്കിയാണ്. എങ്കില്‍ അതൊന്ന് പരീക്ഷിക്കാന്‍ തന്നെ ആപ് തീരുമാനിച്ചു.
നിയമ സഭാ തിരഞ്ഞെടുപ്പില്‍ ആപ്പിനെ രണ്ടാമത്തെ വലിയ കക്ഷിയാക്കിയത് ബി ജെ പിയാണ്. ആ പേര് ഒന്ന് മാറ്റണമല്ലോ. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 26 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയുടെ സ്വന്തം തട്ടകത്തില്‍ മത്സരിക്കാന്‍ രണ്ട് ദിവസം അഹമ്മദാബാദില്‍ നടക്കുന്ന
പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം തീരുമാനിക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍ സുഖ്‌ദേവ് പട്ടേലിനെ ഉദ്ധരിച്ച് പി ടി ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അമേഠിയില്‍ നിന്നുള്ള ആപ് യുവ നേതാവ് കുമാര്‍ വിശ്വാസിനെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കെതിരെ മത്സരിപ്പിക്കാന്‍ നേരത്തെ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെയും എഎപി ലക്ഷ്യം വയ്ക്കുന്നതായുളള സൂചനകളാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ ഗുജറാത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല.
മോഡിയെ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തില്‍ നിന്ന് നേരിടണമെന്ന് സുഖ്‌ദേവ് പട്ടേല്‍ പറഞ്ഞു. നിലവിലെ ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും അതിനാല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്തെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുകയാണ് എഎപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏത് പാര്‍ട്ടിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. എന്നാല്‍ ഗുജറാത്തില്‍ ബി ജെ പിക്കെതിരെ നിന്ന് മത്സരിക്കുന്നതുകൊണ്ട് കാര്യമുണ്ടെവില്ലെന്ന് ബി ജെ പി വക്താവ് ഹര്‍സദ് പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications