അച്ഛന്‍ ചെയ്തതാണ് പറഞ്ഞത്, ഒരു നാണക്കേടുമില്ല... വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ഖുഷ്ബു
ഡിഎംകെ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ഖുഷ്ബു 2020ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞാഴ്ച അവരെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചിരുന്നു

ചെന്നൈ: സ്വന്തം പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം സംബന്ധിച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ പുറത്തുപറഞ്ഞതില്‍ ഖുഷ്ബുവിനെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയരുകയുണ്ടായി. എന്നാല്‍ താന്‍ എന്തുകൊണ്ട് ഇക്കാര്യം പരസ്യമായി പറഞ്ഞു എന്ന് വിശദീകരിക്കുകയാണ് ഖുഷ്ബു ഇപ്പോള്‍.
ദേശീയ വനിതാ കമ്മീഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഖുഷ്ബു പിതാവില്‍ നിന്ന് നേരിട്ട ക്രൂരതകള്‍ സംബന്ധിച്ച് മനസ് തുറന്നത്. പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് അവര്‍ നല്‍കിയ പുതിയ വിശദീരണം ഇങ്ങനെ...

എല്ലാം സംഭവിച്ചത്
പിതാവ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്നും ഇക്കാര്യം തുറന്നുപറഞ്ഞതില്‍ നാണക്കേടില്ലെന്നും ഖുഷ്ബു പറഞ്ഞു. സത്യസന്ധമായിട്ടാണ് എല്ലാം തുറന്നുപറഞ്ഞത്. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് പറഞ്ഞത്. മറുഭാഗത്തുള്ള വ്യക്തിക്കാണ് അവര്‍ ചെയ്ത കാര്യം ആലോചിച്ച് നാണക്കേടുണ്ടാകേണ്ടതെന്നും ഖുഷ്ബു പറഞ്ഞു.

സ്ത്രീകള്‍ തുറന്നുപറയണം
എല്ലാ സ്ത്രീകളും അവര്‍ക്ക് നേരിട്ട മോശം അനുഭവങ്ങള്‍ തുറന്നുപറയണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. എല്ലാവര്‍ക്കും പ്രചോദനമാകാന്‍ വേണ്ടിയാണ് താന്‍ തുറന്നുപറഞ്ഞത്. ജീവിതത്തില്‍ നേരിടുന്ന മോശം അനുഭവത്തില്‍ തളരേണ്ടതില്ല. നിങ്ങളുടെ എല്ലാ വഴികളും അവിടെ അവസാനിക്കുന്നില്ല. ഞാന്‍ തുറന്നുപറയുന്നതിന് തന്നെ വര്‍ഷങ്ങള്‍ എടുത്തു. എല്ലാവരും ഇതുപോലെ തയ്യാറാകണമെന്നും ഖുഷ്ബു പറഞ്ഞു.

ഖുഷ്ബുവിന്റെ രാഷ്ട്രീയ മാറ്റം
മുംബൈ സ്വദേശിനിയായ ഖുഷ്ബു തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അവര്‍ താമസം തമിഴ്‌നാട്ടിലേക്ക് മാറ്റിയിരുന്നു. സിനിമാ രംഗത്ത് സജീവമായി നില്‍ക്കവെ തന്നെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഡിഎംകെ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ഖുഷ്ബു 2020ല്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.

മൂന്ന് വര്‍ഷത്തേക്ക്
2021ല്‍ തമിഴ്‌നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഖുഷ്ബു മല്‍സരിച്ചിരുന്നു എങ്കിലും പരാജയപ്പെടുകയായിരുന്നു. അടുത്തിടെയാണ് ഖുഷ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്. മൂന്ന് വര്‍ഷത്തേക്കാണ് സാധാരണ വനിതാ കമ്മീഷനില്‍ നിയമനം ലഭിക്കുക. അല്ലെങ്കില്‍ 65 വയസ് വരെയാണ് നിയമനം.

ഖുഷ്ബുവിന്റെ വെളിപ്പെടുത്തല്‍
കഴിഞ്ഞ ദിവസമാണ് അവര്‍ തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനം സംബന്ധിച്ച് വെളിപ്പെടുത്തിയത്. മോശം നിലപാടുള്ള വ്യക്തിയായിരുന്നു പിതാവ്. മാതാവ് ആ നിലപാടിനോട് പൊരുത്തപ്പെട്ടിരുന്നു. എന്നാല്‍ എട്ടാം വയസില്‍ എനിക്ക് നേരെയും ലൈംഗിക അതിക്രമമുണ്ടായി. മാതാവിനോട് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമെന്ന് തോന്നിയില്ല. 15ാം വയസില്‍ എല്ലാം തുറന്നു പറഞ്ഞു. അതോടെ പിതാവ് ഞങ്ങളെ വിട്ടുപോയി എന്നാണ് ഖുഷ്ബു വെളിപ്പെടുത്തിയത്.












Click it and Unblock the Notifications