നടന്‍ നഞ്ചില്‍ സമ്പത്ത് ഇനി വിജയ്‌ക്കൊപ്പം; എഐഎഡിഎംകെയുടെ രണ്ടാം വിക്കറ്റ്, പ്രശസ്ത വാഗ്മി
ചെന്നൈ: നടനും പ്രാസംഗികനുമായ നഞ്ചില്‍ സമ്പത്ത് തമിഴക വെട്രി കഴകം പാര്‍ട്ടിയില്‍ ചേര്‍ന്നു. അടുത്തിടെ എഐഎഡിഎംകെ പുറത്താക്കിയ നേതാവാണ് സമ്പത്ത്. ടിവികെ ചെയര്‍മാന്‍ വിജയ് ഇദ്ദേഹത്തെ സ്വീകരിച്ചു. ദ്രാവിഡ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ സമ്പത്തിന്റെ ടിവികെ പ്രവേശനം പാര്‍ട്ടിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നേരത്തെ പല പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച സമ്പത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കൂടുമാറിയത് എന്ന വിമര്‍ശനവുമുണ്ട്. ടിവികെയുടെ പനയൂരിലെ ആസ്ഥാനത്ത് എത്തിയാണ് അംഗത്വം എടുത്തത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സമ്പത്ത് നടന്‍ വിജയിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. തമിഴ് രാഷ്ട്രീയത്തിലെ എഐഎഡിഎംകെയുടെ സ്ഥാനം ഇനി മുതല്‍ ടിവികെക്ക് ആയിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കെഎ സെങ്കോട്ടയ്യന്‍ കഴിഞ്ഞ ദിവസം ടിവികെയില്‍ ചേര്‍ന്നിരുന്നു. കൂടുതല്‍ നേതാക്കള്‍ വൈകാതെ ടിവികെയില്‍ ചേരുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സമ്പത്തിന്റെ വരവ്. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ വൈകാതെ ടിവികെയില്‍ ചേരുമെന്നാണ് സമ്പത്ത് അവകാശപ്പെടുന്നത്.
വൈക്കോ നേതൃത്വം നല്‍കുന്ന എംഡിഎംകെ, ഡിഎംകെ, എഐഎഡിഎംകെ, എഎംഎംകെ എന്നീ പാര്‍ട്ടികളിലെല്ലാം പ്രവര്‍ത്തിച്ച വ്യക്തിയാണ് സമ്പത്ത്. സെമ്പി, ജോ ഒ ജിംഖാന, എല്‍കെജി തുടങ്ങിയ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. കന്യാകുമാരിയിലെ മണലിക്കരയിലാണ് ജനനവും വിദ്യാഭ്യാസവും. സൗത്ത് ട്രാവന്‍കൂര്‍ ഹിന്ദു കോളജിലും പഠിച്ചിട്ടുണ്ട്.
വിജയ് കോണ്‍ഗ്രസുമായി അടുക്കുന്നു?
ഈറോഡ്, സേലം എന്നിവിടങ്ങളില്‍ കൂറ്റന്‍ സമ്മേളനം നടത്താന്‍ ടിവികെ പദ്ധതിയിടുന്നുണ്ട്. സെങ്കോട്ടയ്യന്റെ നാടാണ് ഈറോഡ്. എഐഎഡിഎംകെയുടെ ശക്തി കേന്ദ്രവുമാണ്. വരുന്ന തിരഞ്ഞെടുപ്പോടെ എഐഎഡിഎംകെ തമിഴ്‌നാട് രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് ഇല്ലാതാകുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. എഐഎഡിഎംകെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്ന സാഹചര്യം വന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും.
അതേസമയം, ടിവികെ-കോണ്‍ഗ്രസ് ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയുമായി ഒരു മണിക്കൂറില്‍ അധികം ചര്‍ച്ച നടത്തി എന്ന വിവരം പുറത്തുവന്നു. കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് ടിവികെയുമായി സഖ്യമുണ്ടാക്കണം എന്ന അഭിപ്രായമുണ്ട്. അതേസമയം, ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ തുടരണം എന്ന അഭിപ്രായമുള്ളവരും കോണ്‍ഗ്രസിലുണ്ട്.
മതിയായ പരിഗണന ഡിഎംകെ സഖ്യത്തില്‍ കിട്ടുന്നില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കളിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഒരുകാലത്ത് തമിഴ്‌നാട് ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഡിഎംകെ, എഐഎഡിഎംകെ കക്ഷികള്‍ സജീവമായതോടെ കോണ്‍ഗ്രസ് ഒതുക്കപ്പെടുകയായിരുന്നു. കൂടുതല്‍ സീറ്റുകള്‍ കിട്ടണം എങ്കില്‍ ഡിഎംകെ സഖ്യത്തിന് പുറത്തുവരണം എന്നാണ് ടിവികെ സഖ്യത്തിന് വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.












Click it and Unblock the Notifications