ഷോട്ട് ബ്രേക്ക്!! പവന്‍ കല്യാണ്‍ ഇനി രാഷ്ട്രീയത്തിലേക്ക്... ബിജെപിക്ക് ശക്തി പകരും
ഹൈദരാബാദ്: തെലുങ്ക് നടന്‍ പവന്‍ കല്യാണ്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു. അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശില്‍ ബിജെപിയുമായി സഹകരിച്ച് നീങ്ങാനാണ് ജനസേന നേതാവായ പവന്‍ കല്യാണിന്റെ തീരുമാനം. ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്നാണ് പവന്‍ കല്യാണ്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനാണ് സിനിമയില്‍ നിന്ന് അവധിയെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഒക്ടോബര്‍ അഞ്ച് മുതല്‍ പവന്‍ കല്യാണ്‍ സംസ്ഥാന യാത്ര പദ്ധതിയിട്ടിട്ടുണ്ട്. തിരുപ്പതിയില്‍ നിന്ന് വിജയദശമി ദിനത്തിലാണ് യാത്ര തുടങ്ങുക.

ജനസേന പാര്‍ട്ടിക്ക് ആന്ധ്രയില്‍ ഭരണം തീരുമാനിക്കാനുള്ള സ്വാധീനമില്ല. എങ്കിലും പവന്‍ കല്യാണ്‍ ബിജെപിക്കൊപ്പം സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെ ബിജെപിയുമായി സഹകരിപ്പിക്കുമെന്ന് പവന്‍ കല്യാണ്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ആന്ധ്രയില്‍ ബിജെപിക്കും വലിയ സ്വാധീനമില്ല. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ടിഡിപിയും തമ്മിലാണ് പോരാട്ടം. ടിഡിപി ബിജെപിയുമായി സഹകരിച്ചാല്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.
ഒരു കാലത്ത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനമായിരുന്നു ആന്ധ്ര. ചന്ദ്രശേഖര റെഡ്ഡിയുടെ മരണത്തോടെ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയായി. മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ആദ്യ നിമയസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സംസ്ഥാനത്തിന്റെ ഭരണം പിടിക്കുകയും ചെയ്തു. ജഗനെ കൂടെ നിര്‍ത്താന്‍ ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. പകരം പല ഘട്ടത്തിലും പാര്‍ലമെന്റില്‍ ബിജെപിക്ക് സഹായകമാകുന്ന നിലപാട് ജഗന്റെ പാര്‍ട്ടി സ്വീകരിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications