പെൺകുട്ടികൾക്ക് തുറന്നകത്തുമായി വിജയ്; പിന്നാലെ ഗവർണറുമായി കൂടിക്കാഴ്ച, 3 ആവശ്യങ്ങൾ ഉന്നയിച്ചു
ചെന്നൈ:നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് തമിഴ്നാട് ഗവർണർ ആർ എൻ രവിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് വിജയ് ഉന്നയിച്ചത്. ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീസുരക്ഷക്കായി നടപടി സ്വീകരിക്കണം, വെള്ളപ്പൊക്കമുണ്ടാക്കിയ കെടുതി നേരിടാൻ കേന്ദ്രസഹായം കിട്ടാൻ ഇടപെടണം എന്നീ ആവശ്യങ്ങളാണ് വിജയ് മുന്നോട്ട് വെച്ചത്. അണ്ണാ യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
അതേ സമയം, നേരത്തെ അദ്ദേഹം തമിഴ്നാട്ടിലെ പെൺകുട്ടികളെ അഭിസംബോധന ചെയ്ത് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണം വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്നും വിജയ് കത്തിൽ പറഞ്ഞു. സഹോദരനായി താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് പറഞ്ഞു.
" നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളിൽ ( വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ) ഞാൻ അതീവ ദുഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരിൽ നിന്നാണ് ഞങ്ങൾ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ചോദിക്കുന്നതിൽ പ്രയോജനമില്ല, " വിജയ് പറഞ്ഞു.

" എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ സഹോദരനെപ്പോലെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും. അത് കൊണ്ട് ദയവായി ഒന്നിനെക്കുറിച്ചും വിഷമിക്കാതെ നിങ്ങളുടെ പഠനത്തിൽ ശ്രദ്ധിക്കുക. നമ്മൾ സുരക്ഷിതമായ ഒരു തമിഴ്നാട് സൃഷ്ടിക്കും ", കത്തിൽ പറയുന്നു. സർക്കാർ ഈ കേസ് അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും കുറ്റകൃത്യത്തിന് അനുയോജ്യമായ ശിക്ഷ നൽകേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് തലേന്ന് അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ 19 കാരിക്ക് നേരയാണ് ലൈംഗികാതിക്രമമുണ്ടായത്. ഈ സംഭവം സംസ്ഥാനത്ത് വലിയ കോളിക്കം ഉണ്ടാക്കി. തൊട്ടുപിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഡി എം കെ സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതായി എ ഐ എ ഡി എം കെ ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ചു.
ഇന്നലെ അണ്ണ ആ സർവകലാശാല ബലാത്സംഗ കേസിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. 3 മുതിർന്ന വനിത ഐ പി എസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്.
അതേ സമയം, വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പാക്കാൻ അണ്ണആ സർവകലാശാല നടപടികൾ സ്വീകരിച്ചു. അധ്യാപകരുടെ സേഫ്റ്റി കമ്മിറ്റി ഒരുക്കും. 40 സുരക്ഷാ ജീവനക്കാരെ പുതുതായി നിയമിക്കും 30 പുതിയ സി സി ടി വികൾ കൂടി സ്ഥാപിക്കും. കോളേജിൽ പ്രവേശിക്കാൻ എല്ലാ തരം ജീവനക്കാർക്കും ഐഡന്റിന്റി കാർഡ് കർശനമാക്കി. ഹോസ്റ്റൽ നിയമങ്ങളും കർശനമാക്കും..












Click it and Unblock the Notifications