അദാനി-ഹിന്‍ഡന്‍ബർഗ് റിപ്പോർട്ട്; മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് സുപ്രീംകോടതി
അഭിഭാഷകരായ എം എൽ ശർമ്മ, വിശാൽ തിവാരി, കോൺഗ്രസ് നേതാവ് ജയ താക്കൂർ, ആക്ടിവിസ്റ്റ് മുകേഷ് കുമാർ എന്നിവരാണ് ഹർജി സമർപ്പിച്ചത്

ദില്ലി: അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഇത് സംബന്ധിച്ച വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഹിൻഡൻബർഗ് റിസർച്ചിന്റെ തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അടുത്തിടെയുണ്ടായ അദാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ചയെക്കുറിച്ചുള്ള ഒരു കൂട്ടം പൊതുതാൽപര്യ ഹർജികളിൽ സ്വന്തം നിലക്ക് സമിതിയെ നിയോഗിക്കുമെന്ന് ഫെബ്രുവരി 20-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇക്കാര്യം പരാമർശിച്ചുകൊണ്ടായിരുന്നു അഭിഭാഷകനായ എം എൽ ശർമ മാധ്യമ വാർത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയത്. എന്നാല്‍ ഈ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ജസ്റ്റിസ് പി.എസ്. നരസിഹ, ജെ.ബി. പർധിവാല എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ....

"ഞങ്ങൾ മാധ്യമങ്ങൾക്ക് ഒരു നിയന്ത്രണം പുറപ്പെടുവിക്കാൻ പോകുന്നില്ല," ബെഞ്ച് പറഞ്ഞു. ഹർജിക്കാരിൽ ഒരാളുടെ നിർദ്ദേശവും ഒരു കൂട്ടം പൊതുതാൽപര്യ ഹർജികളിൽ ഫോർബ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടും ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചിരുന്നു. ഓഹരിവിപണിയിലെ നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കണമെന്ന കേന്ദ്രത്തിന്റെ നിർദേശം മുദ്രവച്ച കവറിൽ സ്വീകരിക്കാനും കോടതി നേരത്തെ തയ്യാറായിരുന്നില്ല. നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്കായി പൂർണ്ണ സുതാര്യത നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി സീൽ ചെയ്ത കവറിൽ കേന്ദ്രത്തിന്റെ നിർദ്ദേശം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
''പൂർണ്ണ സുതാര്യത നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ നിങ്ങളുടെ സീൽ ചെയ്ത കവർ നിർദ്ദേശം ഞങ്ങൾ അംഗീകരിക്കില്ല," ബെഞ്ച് പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണനത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ഇന്ത്യൻ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ഫെബ്രുവരി 10 ന് വ്യക്തമാക്കിയിരുന്നു. നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുന്നതിലേക്ക് കൂടാതെ ഒരു മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
അഭിഭാഷകരായ എം എൽ ശർമ്മ, വിശാൽ തിവാരി, കോൺഗ്രസ് നേതാവ് ജയ താക്കൂർ, ആക്ടിവിസ്റ്റ് മുകേഷ് കുമാർ എന്നിവർ ഈ വിഷയത്തിൽ ഇതുവരെ നാല് പൊതുതാൽപര്യ ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഹിൻഡൻബർഗ് റിസർച്ച് ബിസിനസ്സ് കമ്പനിക്കെതിരെ വഞ്ചനാപരമായ ഇടപാടുകളും ഓഹരി വില കൃത്രിമത്വവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ ഓഹരി വിപണിയിൽ തിരിച്ചടി നേരിടുകയായിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.












Click it and Unblock the Notifications