അദാനി-മോദി ബന്ധം:മല്ലികാർജ്ജുൻ ഖർഗെയുടെ പരാമർശവും രാജ്യസഭരേഖകളിൽ നിന്ന് നീക്കി
നേരത്തേ മോദി-അദാനി ബന്ധത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളും സഭാ രേഖയിൽ നിന്നും നീക്കം ചെയ്തിരുന്നു.

ദില്ലി: അദാനി മോദി ബന്ധത്തെ കുറിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശങ്ങൾ രാജ്യസഭാ രേഖകളിൽ നിന്നും നീക്കി.മോദിക്കും അദാനിക്കുമെതിരായ ഖാർഗെയുടെ പ്രസംഗത്തിലെ എട്ട് പരാമർശങ്ങളാണ് നീക്കം ചെയ്തത്. ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം നടപടിയിൽ സർക്കാരിനെതിരെ ഖാർഗെ രൂക്ഷവിമർശനം ഉയർത്തി. പ്രസംഗത്തിൽ അൺപാർലമെന്ററിയായ പദങ്ങൾ താൻ ഉപയോഗിച്ചിട്ടില്ലെന്നും പരാമർശങ്ങൾ എന്തകൊണ്ടാണ് നീക്കം ചെയ്തതെന്നും ഖാർഗെ ചോദിച്ചു.
താൻ പറഞ്ഞതിൽ സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ എന്നോട് വ്യക്തത ആവശ്യപ്പെടാമായിരുന്നു. അതിന് പകരം തന്റെ പരാമർശങ്ങൾ താങ്കൾ നീക്കം ചെയ്തു', ഖാർഗെ രാജസഭ ചെയർപേഴ്സൺ ജഗദീപ് ധൻകറിനോട് പറഞ്ഞു. മുൻപ് വാജ്പേയ് മുൻ പ്രധാനമന്ത്രിയായ നരസിംഹ റാവുവിനെതിരെ പരാമർശം നടത്തിയിരുന്നു. അത് സഭാ രേഖകളിൽ ഇപ്പോഴും ഉണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ലളിതമായ കാര്യങ്ങളാണ്. എന്നാൽ മോദിക്ക് അതിന് ഉത്തരമില്ല. ഇത് സത്യം വെളിപ്പെടുത്തുന്നുണ്ട്. അദാനി മോദിയുടെ സുഹൃത്ത് ആയിരുന്നില്ലെങ്കിൽ തീർച്ചയായും വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകുമായിരുന്നു', ഖാർഗെ പറഞ്ഞു. അതേസമയം സഭയുടെ ചട്ടങ്ങൾ അനുസരിച്ചാണ് താൻ തീരുമാനമെടുത്തതെന്നും മോശമായ പരാമർശങ്ങൾ സഭയിൽ നടത്താൻ പാടില്ലെന്നും ചെയർമാൻ ജഗ്ദീപ് ധൻഖർ പറഞ്ഞു.
അദാനിയുടെ പേരെടുത്ത് പറയാതെയായിരുന്നു ഖാർഗെയുടെ വിമർശനം. പ്രധാനമന്ത്രിയുടെ സുഹൃത്തിന്റെ സമ്പത്ത് 13 ഇരട്ടി വർധിച്ചെന്നും പ്രധാനമന്ത്രിയുമായുള്ള ബന്ധം മൂലമാണോ ഈ വളർച്ച എന്നുമായിരുന്നു ഖാർഗെയുടെ പരാമർശം. അതേസമയം നേരത്തേ മോദി-അദാനി ബന്ധത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളും സഭാ രേഖയിൽ നിന്നും നീക്കം ചെയ്തിരുന്നു.
പ്രധാനമന്ത്രിയും വ്യവസായി ഗൗതം അദാനിയും തമ്മില്‍ എന്താണ് ബന്ധമെന്നും അദാനിക്ക് സർക്കാർ വഴിവിട്ട സഹായങ്ങൾ നൽകുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. എന്നാൽ പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്തതും വീണ്ടുവിചാരമില്ലാത്തതുമായി ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചതെന്ന് പറഞ്ഞായിരുന്നു പരാമർശങ്ങൾ നീക്കിയത്.












Click it and Unblock the Notifications