അദാനി വിഷയം ഏറ്റെടുക്കാതെ പവാറിന്റെ എന്‍സിപിയും; കോണ്‍ഗ്രസ് പ്രതിരോധത്തില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയ അദാനിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് വിട്ട് നിന്ന് എന്‍ സി പി ശരദ് പവാര്‍ വിഭാഗം. അദാനി വിഷയം മൂലം പാര്‍ലമെന്റ് തടസ്സപ്പെട്ടതില്‍ തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും അസ്വസ്ഥത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് എന്‍ സി പി (എസ് പി) യുടെ പ്രതികരണവും ശ്രദ്ധേയമാകുന്നത്.
അദാനിക്കെതിരായ അമേരിക്കയിലെ കുറ്റപത്രത്തിന്റെ പേരില്‍ സര്‍ക്കാരിനെ ആക്രമിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളില്‍ തങ്ങളില്ല എന്ന സൂചനയാണ് എന്‍സിപി (എസ്പി) നേതാക്കള്‍ നല്‍കുന്നത്. 'ഒരു വ്യവസായിയും ഒരു രാഷ്ട്രീയ നേതാവും തമ്മിലുള്ള ബന്ധത്തില്‍ കുടുങ്ങിക്കിടക്കേണ്ടതില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഈ വിഷയത്തിന്റെ പേരില്‍ സ്തംഭിപ്പിച്ചു.

കര്‍ഷകര്‍, യുവാക്കള്‍, സാധാരണക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് കൂടുതല്‍ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു,' എന്‍സിപി (എസ്പി) യുടെ ലോക്‌സഭാ എംപി അമോല്‍ കോല്‍ഹെ പറഞ്ഞു. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് പകരം അടിസ്ഥാന വിഷയങ്ങളില്‍ സംവാദവും ചര്‍ച്ചയുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ഭരണകക്ഷിയും പ്രതിപക്ഷവും ഉറപ്പാക്കണം എന്നും കോല്‍ഹെ കൂട്ടിച്ചേര്‍ത്തു. ശരദ് പവാറിന്റെ മകളും ബാരാമതിയില്‍ നിന്നുള്ള എംപിയുമായ സുപ്രിയ സുലെയും ഇത് ശരിവെക്കുന്നു. അദാനി പ്രശ്നം ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പിടിവാശിയെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദ് പാര്‍ട്ടിയും ഇതിനോടകം തന്നെ തങ്ങളുടെ ആശങ്കകള്‍ പങ്ക് വെച്ചിട്ടുണ്ട്.
ഇത് സംഭാല്‍ കലാപവും ബംഗ്ലാദേശുമായി ബന്ധപ്പെട്ടതുമായ മറ്റ് പ്രധാന പ്രശ്നങ്ങളും ഉന്നയിക്കുന്നതില്‍ നിന്ന് തങ്ങളെ തടയുന്നു എന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ അദാനി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചിരുന്നു. പക്ഷേ, സഖ്യകക്ഷികളില്‍ ചിലര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന് പുറത്ത് മാത്രമാണ് പ്രതിഷേധം നടത്തുന്നത്.
ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയിലും ഈ വിഷയം വളരെ ഉപരിപ്ലവമായി മാത്രമാണ് പരാമര്‍ശിക്കപ്പെട്ടത്. എങ്കിലും രാഹുല്‍ തന്റെ പ്രസംഗത്തിനിടെ അദാനിയെ കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. 'അദാനിക്ക് നിങ്ങള്‍ ധാരാവി നല്‍കുമ്പോള്‍, നിങ്ങള്‍ അവിടെയുള്ള ചെറുകിട, ഇടത്തരം ബിസിനസുകളുടെ പെരുവിരലാണ് വെട്ടിക്കളയുന്നത്. നിങ്ങള്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ന്യായമായ വില ചോദിക്കുന്ന കര്‍ഷകന്റെ തള്ളവിരലാണ് നിങ്ങള്‍ വെട്ടുന്നത്,' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.












Click it and Unblock the Notifications