അധ്യക്ഷനെ ഉപദേശിച്ചാല്‍ മതി, ബാക്കിയൊന്നിലും ഇടപെടേണ്ട, സിദ്ദുവിന്റെ ഉപദേശകര്‍ക്കെതിരെ അമരീന്ദർ
ദില്ലി: പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോര് പുതിയ ഘട്ടത്തിലേക്ക്. സിദ്ദു ഉപദേശകര്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് അമരീന്ദറിന്റെ രൂക്ഷ പ്രതികരണം. ഉപദേശകര്‍ സിദ്ദുവിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. സംസ്ഥാന അധ്യക്ഷനെ ഉപദേശിക്കുക മാത്രം അവര്‍ ചെയ്താല്‍ മതി. അല്ലാതെ വൈകാരിക വിഷയങ്ങളായ കശ്മീരിനെയും പാകിസ്താനെയും കുറിച്ചുമൊന്നും പറയേണ്ടതില്ല. കാരണം നിങ്ങള്‍ക്ക് അതിനെ കുറിച്ചൊന്നും യാതൊരു ധാരണയുമില്ല. അത് എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തിലും നിങ്ങള്‍ക്ക് അറിവില്ലെന്നും അമരീന്ദര്‍ തുറന്നടിച്ചു.

പാകിസ്താനെതിരായ വിമര്‍ശനത്തെ നേരത്തെ സിദ്ദുവിന്റെ ഉപദേഷ്ടാവ് പ്യാരേ ലാല്‍ ഗാര്‍ഗ് ചോദ്യം ചെയ്തിരുന്നു. മറ്റൊരു ഉപദേഷ്ടാവ് മല്‍വീന്ദര്‍ സിംഗ് മലി കശ്മീര്‍ വിഷയത്തിലും പ്രസ്താവന നടത്തിയിരുന്നു. ഇവര്‍ രണ്ടുപേരും പറഞ്ഞ കാര്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണെന്ന് അമരീന്ദര്‍ പറഞ്ഞു. ശരിക്കും താന്‍ ഞെട്ടിപ്പോയി. അനവസരത്തിലായിരുന്നു ഇവ വന്നത്. പാകിസ്താനും കശ്മീരും സംബന്ധിച്ച ഇന്ത്യയുടെയും കോണ്‍ഗ്രസിന്റെയും നിലപാടിന് കടകവിരുദ്ധമാണ് ഈ പ്രസ്താവനകളെന്ന് അമരീന്ദര്‍ പറഞ്ഞു. ഇന്ത്യാ വിരുദ്ധമായ നിലപാടുകള്‍ എടുക്കുന്നതില്‍ നിന്ന് ഉപദേശകരെ സിദ്ദു തടയുന്നതാണ് നല്ലതെന്നും അമരീന്ദര്‍ പറഞ്ഞു.
കശ്മീര്‍ ഇന്ത്യയുടെ നിര്‍ണായകമായ ഭാഗമാണ്. സിദ്ദുവിന്റെ ഉപദേഷ്ടാവ് മല്‍വീന്ദര്‍ സിംഗ് മലി പ്രസ്താവനയിലൂടെ പാകിസ്താനൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് തീര്‍ത്തും രാജ്യവിരുദ്ധമായ കാര്യമാണ്. പ്രസ്താവന തിരുത്താന്‍ മലി തയ്യാറായിട്ടില്ല. ഇത്രയും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും അതേ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസില്‍ നിന്ന് പോലും ശക്തമായ വിമര്‍ശനമാണ് മലിക്ക് നേരെ ഉണ്ടായതെന്നും അമരീന്ദര്‍ വ്യക്തമാക്കി. എന്താണ് പഞ്ചാബിന്റെ താല്‍പര്യമെന്നും ജനങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്നും അറിയുന്നതില്‍ സിദ്ദുവിന്റെ ഉപദേശകര്‍ പരാജയപ്പെട്ടിരിക്കുകയാണ്. പാകിസ്താന്‍ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തുന്നവരാണെന്ന് എല്ലാ പഞ്ചാബിക്കും ഇന്ത്യക്കാരനും അറിയാമെന്നും അമരീന്ദര്‍ പറഞ്ഞു.
Recommended Video
എല്ലാ ദിവസവും പാകിസ്താന്‍ ആയുധങ്ങളും മയക്കുമരുന്നും പഞ്ചാബിലേക്ക് അയക്കുന്നുണ്ട്. ഡ്രോണുകള്‍ വഴിയാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്. നമ്മുടെ രാജ്യത്തെയും പഞ്ചാബിനെയും തകര്‍ക്കാനാണ് ഇത്. പാക് പിന്തുണയോടെയുള്ള ഭീകരര്‍ കാരണം പഞ്ചാബി സൈനികര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുകയാണ്. തീര്‍ത്തും ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയാണ് ഉപദേശകര്‍ നടത്തിയതെന്നും അമരീന്ദര്‍ പറഞ്ഞു. പാകിസ്താന്‍ പിന്തുണയോടെയുള്ള തീവ്രവാദത്തില്‍ ആയിരക്കണക്കിന് പഞ്ചാബികള്‍ മരിച്ച് വീണത് പ്യാരേ ലാല്‍ ഗാര്‍ഗിന് ചിലപ്പോള്‍ ഓര്‍മയുണ്ടാവില്ല. എന്നാല്‍ ഞാനോ പഞ്ചാബിലെ ജനങ്ങളോ അതൊന്നും മറക്കില്ല. പാകിസ്താന്റെ അപകടം പിടിച്ച നീക്കങ്ങളെ തടയാന്‍ ഞങ്ങള്‍ എന്തും ചെയ്യും. ഇത്തരം പ്രസ്താവനകള്‍ കൊണ്ട് പഞ്ചാബിന് വേണ്ടി ത്യാഗം സഹായിച്ച പോരാളികളെ അപമാനിക്കരുതെന്നും അമരീന്ദര്‍ പറഞ്ഞു.












Click it and Unblock the Notifications