17കാരിയെ ബലാത്സംഗം ചെയ്ത വക്കീല്‍ അറസ്റ്റില്‍
ഉജയിന്‍: മധ്യപ്രദേശിലെ ഉജയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. ഒമ്പതാം ക്ലാസുകാരിയെ രണ്ടാഴ്ച വീട്ടിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ ബാലകൃഷ്ണ ജോഷി എന്ന അഭിഭാഷകനാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണ് സംഭവം. ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി സഹായം ചോദിച്ചാണ് പെണ്‍കുട്ടി നാല്‍പ്പത് കാരനായ അഭിഭാഷകന്റെ വീട്ടില്‍ പോയത്. ഡിസംബര്‍ 12നാണ് പെണ്‍കുട്ടി സഹായം ചോദിച്ച് ഇയാളുടെ വീട്ടിലെത്തിയത്. തന്നെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

അതിനിടയില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഭിഭാഷകനും ഭാര്യയും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നത്രെ.
മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടി റോഡിലിരുന്ന് കരയുന്നത് കേട്ട് സമീപവാസികള്‍ കാര്യം ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ വിവരം പൊലീസില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അപ്പോള്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications