• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഫ്‌സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്റ്; 6 മാസം നീട്ടി കേന്ദ്ര സര്‍ക്കാര്‍... പ്രതിഷേധം കനക്കുന്നു

Google Oneindia Malayalam News

കൊഹിമ: നാഗാലാന്റില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിന്റെ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് നിന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യം ശക്തിപ്പെട്ടിരിക്കെയാണ് കേന്ദ്രത്തിന്റെ മറിച്ചുള്ള നടപടി. നിയമം പിന്‍വലിക്കണമെന്ന് നാഗാലാന്റ് സര്‍ക്കാര്‍ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സൈനികര്‍ 13 ഗ്രാമീണരെ വെടിവച്ച് കൊന്ന പശ്ചാത്തലത്തിലാണ് അഫ്‌സ്പക്കെതിരെ പ്രതിഷേധം ശക്തമായത്. പിന്‍വലിക്കണമെന്ന ആവശ്യം നിലനില്‍ക്കെ കാലാവധി നീട്ടിയത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ നാലിനാണ് 13 ഗ്രാമീണരെ സൈന്യം വെടിവച്ച് കൊന്നത്. സായുധ സംഘത്തില്‍പ്പെട്ടവര്‍ എന്ന് കരുതിയാണ് സൈന്യം ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിഷയത്തില്‍ പ്രതിഷേധം കനത്തതോടെ പട്ടാള വിചാരണ നടക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം സൈനികരില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. സംഘര്‍ഷ മേഖല എന്ന് പ്രഖ്യാപിക്കുന്ന സ്ഥലത്താണ് സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ ഏര്‍പ്പെടുത്തുക. ഇതു പ്രകാരം സൈനികര്‍ക്ക് സര്‍വ അധികാരങ്ങളും നല്‍കപ്പെടും. സൈനികര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ലോക്കല്‍ പോലീസിനേക്കാള്‍ അധികാരം സൈന്യത്തിനായിരിക്കും. സൈനികര്‍ക്കെതിരെ വിചാരണ നടപടികള്‍ ആരംഭിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയും ആവശ്യമാണ്.

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്; സ്ഥലം വെളിപ്പെടുത്താതെ കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പ് വേളയില്‍രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്; സ്ഥലം വെളിപ്പെടുത്താതെ കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പ് വേളയില്‍

ഡിസംബര്‍ നാലിന് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാഗാലാന്റില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഗ്രാമീണര്‍ ക്ഷുഭിതരാകുകയും സൈനികരെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സൈനിക വാഹനങ്ങളും ക്യാമ്പുകളും ആക്രമിക്കപ്പെട്ടു. ഡിസംബര്‍ 20ന് നാഗാലാന്റ് നിയമസഭ അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യകണ്‌ഠ്യേന പ്രമേയം പാസാക്കി. അഫ്‌സ്പ പിന്‍വലിക്കുന്ന സാഹചര്യം സംബന്ധിച്ച് പഠിക്കാന്‍ അഞ്ചംഗ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. നാഗാലാന്റ് സര്‍ക്കാരിന്റെ നടപടിയുമായി സഹരിക്കുമെന്ന് സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സൈനികരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത് ഇതിന് പിന്നാലെയാണ്.

അഫ്‌സ്പ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ കാര്യമില്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. സൈനികര്‍ക്കെതിരെ ഒരു നടപടിയും സാധ്യമല്ല. അതുകൊണ്ട് ആദ്യം അഫ്‌സ്പ പിന്‍വലിക്കുകയും ശേഷം പട്ടാള വിചാരണ നടത്തുകയും വേണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം. സാധാരണ ആറ് മാസത്തേക്കാണ് അഫ്‌സ്പ പ്രഖ്യാപിക്കുക. പിന്നീട് ഓരോ ആറ് മാസവും കാലാവധി നീട്ടുകയാണ് ചെയ്യാറ്. ബ്രിട്ടന്‍ രാജ്യം ഭരിച്ചിരുന്ന കാലത്തെ നിയമമാണിതെന്നും ഉപേക്ഷിക്കാന്‍ സമയമായി എന്നുമാണ് വിമര്‍ശകരുടെ വാദം. കശ്മീര്‍, മണിപ്പൂര്‍ തുടങ്ങിയ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും അഫ്‌സ്പ നിയമം നിലവിലുണ്ട്. മണിപ്പൂരില്‍ അഫ്‌സ്പക്കെതിരെ ഇറോം ശര്‍മിള നടത്തിയ സമരം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

cmsvideo
  നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം
  English summary
  AFSPA Law Extended In Nagaland Amid Demand to Withdraw
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X