പുതിയ 900 പൈലറ്റുമാരും 4200 ക്യാബിന്‍ ക്രൂ ട്രെയിനികളും; വമ്പന്‍ വിപുലീകരണത്തിന് എയര്‍ ഇന്ത്യ
നേരത്തെ 470 വിമാനങ്ങള്‍ വാങ്ങിക്കുമെന്ന് എയര്‍ ഇന്ത്യ പറഞ്ഞിരുന്നു. അതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത്

ന്യൂദല്‍ഹി: വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 900 പൈലറ്റുമാരെയും 4200 ക്യാബിന്‍ ക്രൂ ട്രെയിനികളെയും നിയമിക്കുമെന്ന് എയര്‍ ഇന്ത്യ. നേരത്തെ ഫ്രാന്‍സില്‍ നിന്നും അമേരിക്കയില്‍ നിന്നും 470 പാസഞ്ചര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
80 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് 470 വിമാനം വാങ്ങുന്നത് വഴി നടക്കാന്‍ പോകുന്നത്. 36 വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനുള്ള പദ്ധതികളും ഇതിനകം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്ത് 15 ആഴ്ചത്തെ പരിശീലന പരിപാടിക്ക് വിധേയരാക്കും.
2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ 1900 ക്യാബിന്‍ ക്രൂവിനെ നിയമിച്ചിട്ടുണ്ട് എന്നും എയര്‍ ഇന്ത്യ അറിയിച്ചു. പുതിയ വിമാനങ്ങളും ആവശ്യത്തിന് ജീവനക്കാരും ഉണ്ടാകുന്നതിലൂടെ എയര്‍ ഇന്ത്യ ഈ മേഖലയിലെ സ്വാധീനം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. വിഹാന്‍ പദ്ധതിയുടെ ഭാഗമായി പുതിയ ക്യാബിന്‍ ക്രൂ ടീം കൂടി വരുന്നത് എയര്‍ ഇന്ത്യയുടെ സാംസ്‌കാരിക പരിവര്‍ത്തനത്തെ വേഗത്തിലാക്കും എന്ന് എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് സര്‍വീസ് മേധാവി സന്ദീപ് വര്‍മ പറഞ്ഞു.

കൂടുതല്‍ പൈലറ്റുമാരെയും മെയിന്റനന്‍സ് എഞ്ചിനീയര്‍മാരെയും നിയമിക്കുന്നത് വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വ്യോമഗതാഗതത്തിന്റെ ആവശ്യകത വര്‍ധിക്കുകയാണ് എന്നും ഇത് നേരിടാന്‍ മേഖല വിപുലമായ നവീകരണത്തിന് വിധേയമാക്കും എന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു.
ഡി ജി സി എയെ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വിപുലീകരണ പദ്ധതിയെ ക്കുറിച്ച് ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഡി ജി സി എ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. അഹമ്മദാബാദ്, ജയ്പൂര്‍, അഗര്‍ത്തല, അമൃത്സര്‍, നാഗ്പൂര്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ ആറ് പുതിയ റീജിയണല്‍ ഓഫീസുകള്‍ തുറക്കാനും തങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications