പാക് ഭീകരരെ തടയാന്‍ ഇന്ത്യയുടെ പുതിയ തന്ത്രമിങ്ങനെ? ഇനി ഭീകരര്‍ക്ക് രക്ഷപ്പെടാനാകില്ല
ദില്ലി: പാക് ഭീകരരെ ശക്തമായി പ്രതിരോധിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പദ്ധതി. ഇതിനായി പുതിയ വഴികളാണ് അധികൃതര്‍ തെരഞ്ഞെടുക്കുന്നത്. ഇനി ഭീകരര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാനാകില്ലെന്നാണ് പറയുന്നത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ ലേസര്‍ ഭിത്തികളാണ് സ്ഥാപിക്കുന്നത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുവേണ്ടിയാണ് ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
പഞ്ചാബിലെ വിവിധ അതിര്‍ത്തി പ്രദേശങ്ങളിലാണ് ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പുതിയ സംവിധാനം എത്തുന്നതോടെ ഭീകരരുടെ നുഴഞ്ഞുകയറ്റം ഒരുപരിധി വരെ അവസാനിപ്പിക്കാന്‍ കഴിയുന്നതായിരിക്കും. ലേസര്‍ ഭിത്തിയുടെ പരിസരത്ത് ആരെങ്കിലും കടന്നാല്‍ ഉടന്‍ തന്നെ വിവരം ലഭിക്കുമെന്നാണ് പറയുന്നത്.

നിലവില്‍ അഞ്ചോ ആറോ ഇടങ്ങളില്‍ മാത്രമാണ് ലേസര്‍ ഭിത്തികള്‍ സ്ഥാപിച്ചിട്ടുള്ളത്. പത്താന്‍കോട് ആക്രമണം നടത്താന്‍ ഭീകരര്‍ ഉജ്ജ് നദി തീരത്തിലൂടെയാണ് ഇന്ത്യയിലേക്ക് കടന്നത്. ഇവിടെ ലേസര്‍ ഭിത്തി സ്ഥാപിച്ചിരുന്നില്ല. ലേസര്‍ ഭിത്തി ഉണ്ടായിരുന്നെങ്കില്‍ വ്യക്തമായ വിവരം ഉടന്‍ കിട്ടുമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പഞ്ചാബിലെ നദീ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 40ഓളം സ്ഥലങ്ങളിലാണ് ലേസര്‍ സംരക്ഷണം ഏര്‍പ്പെടുത്തുക. ബിഎസ്എഫിന്റെ നേതൃത്വത്തിലാണ് ലേസര്‍ വാള്‍ ടെക്‌നോളജി വികസിപ്പിച്ചെടുത്തത്. ഭീകരര്‍ ഇന്ത്യയ്ക്ക് തൊട്ടടുത്തെത്തിയാല്‍ ഇനി അലാറം മുഴങ്ങുന്നതായിരിക്കും.












Click it and Unblock the Notifications