'മോദിജീ... പോകല്ലേ, എനിക്കും കുറച്ച് പറയാനുണ്ട്..'; രാഹുലിന് പിന്നാലെ ബിജെപിയെ കുടഞ്ഞ് മഹുവ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പാര്‍ലമെന്റില്‍ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ച ബിജെപിയെ ജനങ്ങള്‍ പാഠം പഠിപ്പിച്ചു എന്ന് മഹുവ മൊയ്ത്ര പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു മഹുവ മൊയ്ത്രയുടെ പ്രസംഗം. ബിജെപിയുടേത് ന്യൂനപക്ഷ സര്‍ക്കാരാണ് എന്നും ഏത് നിമിഷവും താഴെ വീഴും എന്നും മഹുവ മൊയ്ത്ര പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും സഭയില്‍ നിന്നിറങ്ങാനായി എഴുന്നേറ്റിരുന്നു. ഇതിനെ കളിയാക്കി കൊണ്ടായിരുന്നു മഹുവ പ്രസംഗം ആരംഭിച്ചത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി എനിക്ക് പറയാനുള്ളത് കേള്‍ക്കണം എന്ന് നിങ്ങളോട് അപേക്ഷിക്കുകയാണ്. പേടിക്കാതിരിക്കൂ, അല്‍പനേരം ഇവിടെയിരിക്കൂ,' എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം.

കഴിഞ്ഞ ലോക്‌സഭയില്‍ ബിജെപി തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചു എന്നും അതിന് പകരമായി ബിജെപിയുടെ 63 എംപിമാരെ എന്നന്നേക്കുമായി ജനങ്ങള്‍ നിശബ്ദരാക്കി എന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേര്‍ത്തു. 'കഴിഞ്ഞ തവണ ഇവിടെ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ഒരു എംപിയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഭരണകക്ഷിക്ക് വലിയ വിലയാണ് നല്‍കേണ്ടി വന്നത്,' മഹുവ ചൂണ്ടിക്കാട്ടി.
ബിജെപി സര്‍ക്കാര്‍ സുസ്ഥിരമല്ലെന്നും സഖ്യകക്ഷികളെ ആശ്രയിക്കുന്നതിനാല്‍ ഏത് ദിവസവും അത് തകരാമെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയും കൂട്ടരും ഉപയോഗിച്ച ഭാഷ കേട്ട് രാജ്യം ലജ്ജിച്ച് പോയെന്നും മഹുവ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം വിഷലിപ്ത പ്രചരണങ്ങളില്‍ മൗനം പാലിച്ചു എന്നും അവര്‍ വിമര്‍ശിച്ചു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭരണകക്ഷ പലതവണ അത് ലംഘിച്ചെന്നും എന്നാല്‍ അപ്പോഴെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണടച്ചു എന്നും മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. സിബിഐ, ഇഡി എന്നീ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടായാടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത് എന്നും അവര്‍ പറഞ്ഞു. ഒടുവില്‍ ഇതിനൊരവസാനം വേണം എന്ന് ജനങ്ങള്‍ തീരുമാനിച്ചു എന്നും അതാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത് എന്നും മഹുവ ചൂണ്ടിക്കാട്ടി.
തന്റെ നിയോജക മണ്ഡലമായ കൃഷ്ണനഗറിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണക്ക് മൊയ്ത്ര തന്റെ പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി. നേരത്തെ തന്നെ ഭഗവാന്‍ കൃഷ്ണനാണ് രക്ഷിച്ചതെന്നും ഇത്തവണ കൃഷ്ണനഗറിലെ ജനങ്ങള്‍ താന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തുമെന്ന് ഉറപ്പ് വരുത്തിയെന്നും മഹുവ പറഞ്ഞു. രാജ്യത്തെ തുടര്‍ച്ചയായുള്ള ട്രെയിനപകടങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും അവര്‍ ആരോപിച്ചു.
'108000 കോടി രൂപയാണ് നിങ്ങള്‍ ഒരു മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് വേണ്ടി അനുവദിച്ചത്. ഒരു കിലോമീറ്റര്‍ അതിവേഗ റെയില്‍പാതക്ക് 200 കോടി രൂപയാണ് ചെലവ്. ട്രെയിനുകളുടെ സുരക്ഷക്കായി കവച് ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ഇന്ത്യയിലെ എല്ലാ ട്രെയിനുകളിലും കവച് സംവിധാനം നടപ്പാക്കാന്‍ വേണ്ടത് 63000 കോടി രൂപയാണ്. എന്നാല്‍ ഒരൊറ്റ മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് വേണ്ടി ചെലവാക്കുന്നത് 108000 കോടി രൂപയാണ്.
കഴിഞ്ഞ ജൂണില്‍ ബാലാസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 296 പേര്‍ മരിച്ചു. അന്ന് റെയില്‍വേ മന്ത്രാലയം പറഞ്ഞു കവച് ആ ട്രെയിനുകളില്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്ന്. കഴിഞ്ഞ ആഴ് കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് മരിച്ചു. അപ്പോഴും മന്ത്രാലയം പറഞ്ഞു കവച് ആ ട്രെയിനുകളില്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്ന്.
ഇക്കണോമിക് ടൈംസ് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കവചിന് അനുവദിക്കുന്ന ഫണ്ടിംഗ് നില അനുസരിച്ച് എല്ലാ റൂട്ടുകളിലും കവച് സംവിധാനം വരാന്‍ 50 വര്‍ഷമെടുക്കും എന്നാണ്. എന്നിട്ടാണോ നിങ്ങള്‍ ബുള്ളറ്റ് ട്രെയിനിനെ കുറിച്ച് സംസാരിക്കുന്നത്,' മഹുവ ചോദിച്ചു.
'ചോദ്യങ്ങള്‍ക്ക് പണം' അഴിമതിയില്‍ ഉള്‍പ്പെട്ടെന്നാരോപിച്ച് 2023 ഡിസംബറില്‍ മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. മോദി സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ പാര്‍ലമെന്റില്‍ പ്രത്യേക ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പകരമായി ഒരു വ്യവസായിയില്‍ നിന്ന് സമ്മാനങ്ങളും പണവും സ്വീകരിച്ചതിന് എത്തിക്സ് കമ്മിറ്റി അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച മഹുവ മൊയ്ത്ര, എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications