എംഎല്‍എമാരെ ബര്‍മുഡയില്‍ നിര്‍ത്തി; റിസോര്‍ട്ടില്‍ കൂടെ താമസിച്ചു, എന്നിട്ടും...ശശികല പൊട്ടിക്കരഞ്ഞു

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല അവസാനം നടത്തിയ നീക്കങ്ങളും അവതാളത്തിലാക്കി സുപ്രിംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ അവര്‍ പൊട്ടിക്കരഞ്ഞു. കരച്ചില്‍ അടക്കി നിര്‍ത്താന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ അവരെ ആശ്വസിപ്പിച്ചു. എന്നാല്‍ ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടുവെന്നാണ് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.

റിസോര്‍ട്ടില്‍ ഒരാഴ്ചയോളമായി തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ താമസിപ്പ് ശശികല ആസൂത്രണം ചെയ്ത പദ്ധതികളാണ് സുപ്രിംകോടതി വിധിയോടെ തകര്‍ന്നത്. എംഎല്‍എമാരില്‍ നിന്നുള്ള ചെറിയ വിമത നീക്കം പോലും അനുവദിക്കില്ലെന്ന തരത്തിലായിരുന്നു ശശികല നടത്തിയ നീക്കങ്ങള്‍. എന്നാല്‍ പുതിയ വിധിയോടെ പനീര്‍ശെല്‍വം ക്യാംപ് കരുത്താര്‍ജിക്കും.

പരിസരവാസികളുടെ ആഹ്ലാദ പ്രകടനം

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്‍ പോലിസ് സന്നാഹമാണ് കുവത്തൂരിലെ റിസോര്‍ട്ടില്‍ വിന്യസിച്ചിരുന്നത്. എന്നാല്‍ വിധി വന്ന ഉടനെ പരിസരവാസികള്‍ ആഹ്ലാദ പ്രകടനം നടത്തി. ഇവരെ പോലിസ് ഇടപെട്ട് പിരിച്ചുവിട്ടു.

റിസോര്‍ട്ടില്‍ ബഹളം

റിസോര്‍ട്ടില്‍ എല്ലാവരും സ്തംഭിച്ച അവസ്ഥയിലായിരുന്നു. ആദ്യം നിശബ്ദത പരന്നു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മൊത്തം ബഹളമായി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ആദ്യം ആരും തയ്യാറായില്ല.

ശശികല ദുരൂഹ കഥാപാത്രം

ജയലളിതയുടെ ആശുപത്രി വാസം മുതല്‍ ദുരൂഹത നിറഞ്ഞ കഥാപാത്രമായിരുന്നു ശശികല. ആശുപത്രിയില്‍ ഇവര്‍ക്ക് മാത്രമാണ് സ്വാതന്ത്ര്യമുണ്ടായിരുന്നത്. ശശികലയും ശശികലയും കുടുംബമായ മന്നാര്‍ഗുഡി മാഫിയ എന്നറിയപ്പെടുന്നവരും മാത്രമാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

പനീര്‍ശെല്‍വത്തെ അടുപ്പിച്ചില്ല

മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന പനീര്‍ശെല്‍വം എല്ലാ ദിവസവും ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ജയലളിത മരിച്ചിട്ടും ശശികല കരഞ്ഞില്ല

ജയലളിത മരിച്ചിട്ടും ശശികല കരഞ്ഞില്ലെന്നും അവരും അവരുടെ വിശ്വസ്തനായ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയും സന്തോഷിച്ചുവെന്നും പനീര്‍ശെല്‍വം ക്യാംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം മറിച്ചിടാന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ശശികല വിതുമ്പി.

അമ്മയുടെ ആഗ്രഹം

അമ്മയുടെ കൂടെ മൂന്ന് പതിറ്റാണ്ടായി ഒപ്പം കഴിഞ്ഞ വ്യക്തിയാണ് താനെന്നും അമ്മയുടെ ആഗ്രഹപ്രകാരമാണ് മുഖ്യമന്ത്രിയാവുന്നതെന്നുമായിരുന്നു ശശികല പറഞ്ഞത്. താന്‍ മുഖ്യമന്ത്രിയാവണമെന്ന് പനീര്‍ശെല്‍വവും ആദ്യം ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ശശികല അവകാശപ്പെട്ടിരുന്നു.

പനീര്‍ശെല്‍വം പട തുടങ്ങി

എന്നാല്‍ രാജിവച്ച് തൊട്ടടുത്ത ദിവസം മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തിയ പനീര്‍ശെല്‍വം 40 മിനിറ്റോളം അവിടെ ധ്യാനത്തിലിരുന്നു. പിന്നീടാണ് തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. അതോടെ തുടങ്ങി വിവാദങ്ങളും പ്രശ്‌നങ്ങളും.

ദുരൂഹതകള്‍ ദുരൂഹതകള്‍

പഴയ കുറേ വെളിപ്പെടുത്തലും അതോടൊപ്പം പുറത്തുവന്നു. ജയലളിതയുടെ ആശുപത്രി വാസത്തിലെ ദുരൂഹതകളും മരുന്ന് നല്‍കിയതിലെ പാളിച്ചകളും മാത്രമല്ല, ജയലളിതയുടെ മൃതദേഹമാണ് ആശുപത്രിയിലെത്തിച്ചത് എന്നുവരെ വാര്‍ത്തകള്‍ പരന്നു.

പനീര്‍ ശെല്‍വത്തിനൊപ്പം ആളുകൂടി

പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തെ പിന്തുണച്ച് പ്രതിദിനം അണ്ണാഡിഎംകെ നേതാക്കള്‍ ശശികല ക്യാംപ് വിട്ടുപോരാന്‍ തുടങ്ങി. 11 എംപിമാരും 11 എംഎല്‍എമാരും ഇന്ന് അദ്ദേഹത്തിനൊപ്പമുണ്ട്. വിധി വന്ന ശേഷം രണ്ടു എംഎല്‍എമാരാണ് പനീര്‍ശെല്‍വത്തോടൊപ്പം ചേര്‍ന്നത്.

ശശികല ക്യാംപ് മറ്റൊരു മുഖ്യമന്ത്രിയെ കാണും

ശശികല ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ഇനി ശശികല ക്യാംപ് അവരുടെതായ മറ്റൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്നോട്ട് വയ്ക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ ഇടപെടുമോ എന്നതാണ് പ്രശ്‌നം. പനീര്‍ശെല്‍വം മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടാലും അദ്ദേഹം സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിവരും.

ശശികലയുടെ അവസാന അടവുകള്‍

എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ശശികല അവസാന നിമിഷം വരെ കഠിന പരിശ്രമമാണ് നടത്തിയത്. പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ച അവര്‍ അവിടെ നിന്നു തന്നെ കഴിഞ്ഞ ബുധനാഴ്ച ബസില്‍ കയറ്റി രണ്ട് ആഡംബര റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ എത്തിക്കുകയായിരുന്നു.

മൂന്നാം തവണയെത്തി റിസോര്‍ട്ടില്‍ താമസിച്ചു

എങ്കിലും പനീര്‍ശെല്‍വം പക്ഷത്തേക്ക് ഒഴുക്ക് തുടര്‍ന്നതോടെ അവര്‍ രണ്ടു തവണ റിസോര്‍ട്ടില്‍ നേരിട്ടെത്തി. എന്നാല്‍ ഇതുകൊണ്ടൊന്നും ഒഴുക്ക് തടയാനായില്ല. മധുര സൗത്ത് എം.എല്‍.എ ശരവണനും മധുര എം.പി ഗോപാലകൃഷ്ണനും പന്നീര്‍സെല്‍വം പക്ഷത്തേക്ക് മാറി. മേട്ടൂര്‍ എം.എല്‍.എ സെമ്മലൈ ആണ് ശശികലയ്ക്ക് അവസാന അടി കൊടുത്തത്. അദ്ദേഹം തിങ്കളാഴ്ച രാത്രിയാണ് പനീര്‍ശെല്‍വം ക്യാംപിലെത്തിയത്. ശശികല മൂന്നാംതവണ റിസോര്‍ട്ടിലെത്തി എംഎല്‍എമാര്‍ക്കൊപ്പം താമസിക്കുമ്പോഴായിരുന്നു ഇത്.

ബര്‍മുഡയും ബനിയനും

എംഎല്‍എമാരെല്ലാം കുവത്തൂര്‍ റിസോര്‍ട്ടില്‍ തടവിലാണെന്ന് ശരവണന്‍ പറഞ്ഞു. പോലിസ് റിപോര്‍ട്ടില്‍ എംഎല്‍എമാര്‍ക്ക് കുഴപ്പമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എംഎല്‍എമാര്‍ക്ക് ബര്‍മുഡയും ബനിയനും മാത്രമാണ് ശശികല നല്‍കിയിരുന്നതെന്നും അവര്‍ രക്ഷപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു ശരവണനെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍.

English summary
VK Sasikala cannot become Chief Minister of Tamil Nadu after the Supreme Court decided today to confirm her conviction in a corruption case. She received the news at a heavily-guarded luxury resort near Chennai, where she had stayed the night along with lawmakers camped there for five days.
Please Wait while comments are loading...