ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചു; അവകാശവാദവുമായി അമിത് ഷാ

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ സമാധാനം സ്ഥാപിക്കപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീര്‍ വീണ്ടും പഴയ നാഗരികതയിലേക്കും പാരമ്പര്യത്തിലേക്കും മടങ്ങുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ജമ്മു കശ്മീരിലെ സംസ്‌കാരത്തിന്റെ പുനരുജ്ജീവനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിരവധി ക്ഷേത്രങ്ങളും വിശ്വാസ കേന്ദ്രങ്ങളും നവീകരിക്കുന്നുണ്ട് എന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ സാംസ്‌കാരിക, മത, വിദ്യാഭ്യാസ പൈതൃകത്തിന്റെ ചരിത്ര കേന്ദ്രമാണ് ശാരദാപീഠം. കര്‍താര്‍പൂര്‍ ഇടനാഴി പോലെ ഭക്തര്‍ക്കായി ശാരദാപീഠവും തുറക്കുന്നതിലേക്ക് മോദി സര്‍ക്കാര്‍ നീങ്ങും എന്നും അമിത് ഷാ വ്യക്തമാക്കി. സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനത്തിന്റെ പാതയിലാണ് ജമ്മു കശ്മീര്‍ എന്നും അദ്ദേഹം പറഞ്ഞു.

നിരവധി ക്ഷേത്രങ്ങളും സൂഫി സ്ഥലങ്ങളും ഉള്‍പ്പെടുന്ന 123 സ്ഥലങ്ങളില്‍ ചിട്ടയായ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട് എന്നും ആദ്യഘട്ടത്തില്‍ 65 കോടി രൂപ ചെലവില്‍ 35 സ്ഥലങ്ങള്‍ നവീകരിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഓരോ ജില്ലയിലും 20 സാംസ്‌കാരിക ഉത്സവങ്ങള്‍ വീതം സംഘടിപ്പിച്ചിട്ടുണ്ട് എന്നും ഇത് നമ്മുടെ പഴയ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം
കശ്മീരിലെ മാ ശാരദ ക്ഷേത്രം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും പുരാണ ഗ്രന്ഥങ്ങള്‍ അനുസരിച്ചാണ് ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്നും അമിത് ഷാ പറഞ്ഞു. ഒരു കാലത്ത് ശാരദാപീഠം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിജ്ഞാനത്തിന്റെ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നു.
കശ്മീരിന്റെ യഥാര്‍ത്ഥ ലിപിയാണ് ശാരദാ ലിപിയെന്നും ശാരദാദേവിയുടെ പേരിന്റെ അടിസ്ഥാനത്തിലാണ് ഇത് നല്‍കിയിരിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും ചടങ്ങില്‍ പങ്കെടുത്തു. താഴ്വാരയിലെ മോദിയുടെ എല്ലാ പ്രധാന പദ്ധതികളും നടപ്പിലാക്കാന്‍ മനോജ് സിന്‍ഹ ശ്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications