'അഗ്നിപഥ്' പദ്ധതിയെ ചോദ്യം ചെയ്ത് ബിജെപി എംപി വരുൺ ഗാന്ധി; പ്രതിരോധമന്ത്രിക്ക് കത്ത്
ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈനികരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രത്തിന്റെ 'അഗ്നിപഥ്' പദ്ധതിയുടെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി എംപി വരുൺ ഗാന്ധി. സൈനിക റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ ഈ മാറ്റത്തേക്കുറിച്ച് യുവജനങ്ങൾ തന്നോട് ധാരാളമായി സംശയം ഉന്നയിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് അയച്ച കത്തിൽ ഗാന്ധി പറഞ്ഞു. പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ ചേരുന്നവരിൽ 75 ശതമാനം പേരും നാല് വർഷത്തിന് ശേഷം വിരമിക്കുമെന്നും പിന്നീട് അവർ തൊഴിൽ രഹിതരായി തുടരുമെന്നും വരുൺ ഗാന്ധി പറയുന്നു.
"75 ശതമാനം സൈനികരും നാല് വർഷത്തിന് ശേഷം തൊഴിൽ രഹിതരാകുകയും. അവരുടെ ആകെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത് യുവാക്കൾക്കിടയിൽ അസംതൃപ്തി വർദ്ധിപ്പിക്കും." എംപി പറഞ്ഞു. "15 വർഷത്തിനു ശേഷം വിരമിക്കുന്ന സാധാരണ സൈനികരെപ്പോലും നിയമിക്കാൻ കോർപ്പറേറ്റ് മേഖല വലിയ താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ വിരമിച്ച ഈ സൈനികരുടെ പ്രതീക്ഷകൾ എന്തായിരിക്കും" അദ്ദേഹം ചോദിച്ചു. നാല് വർഷത്തെ സേവനം അവരുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തും. സമാനമായ യോഗ്യതയുള്ള മറ്റുള്ളവരേക്കാൾ പ്രായമുള്ളതിനാൽ അവർക്ക് മറ്റൊരു ജോലിയോ കൂടുതൽ വിദ്യാഭ്യാസമോ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസത്തെ അടിസ്ഥാന പരിശീലനം മാത്രമുള്ള ഈ സൈനികർ നിലവിലുള്ള റെജിമെന്റൽ രൂപീകരണത്തെ തടസ്സപ്പെടുത്താൻ കാരണമായേക്കാമെന്നും ലോക്‌സഭാ എംപി പറഞ്ഞു. നാല് വർഷത്തിന് ശേഷം 25 ശതമാനം അഗ്നിവീഴ്‌സിനെ മാത്രമാണ് മറ്റ് സർവ്വീസുകളിലേക്ക് എടുക്കു. ഈ പദ്ധതി പ്രകാരം പരിശീലനച്ചെലവ് പാഴാക്കുമെന്നും പ്രതിരോധ ബജറ്റിൽ അനാവശ്യ ഭാരമായി മാറുമെന്നും അദ്ദേഹം സിംഗിന് അയച്ച കത്തിൽ അവകാശപ്പെട്ടു. തൊഴിലില്ലാത്ത യുവാക്കളുടെ താൽപ്പര്യം സർക്കാർ പരമപ്രധാനമായി നിലനിർത്തണമെന്നും ഈ സംരംഭത്തിന്റെ വിവിധ നയ വശങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അഗ്നിപഥ്' പദ്ധതി പ്രകാരം ഇന്ത്യൻ യുവാക്കൾക്ക് 'അഗ്നിവീർ' ആയി സായുധ സേനയിൽ സേവനമനുഷ്ഠിക്കാൻ അവസരം നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം ഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്ധതി പ്രകാരം കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ നാല് വർഷത്തേക്കായിരിക്കും നിയമനം നടക്കുന്നത്. അതേ സമയം നാല് വർഷം പൂർത്തിയാക്കുന്ന അ ഗ്നിവീറുകൾക്ക് അർദ്ധസൈനിക, അസം റൈഫിൾസ് ജോലികളിൽ മുൻ ഗണന നൽകുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അഗ്‌നിപഥിന് കീഴിൽ പരിശീലനം ലഭിച്ച യുവാക്കൾക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും കൂടുതൽ സംഭാവന നൽകാൻ സഹായിക്കുമെന്ന് ഷാ പറഞ്ഞു.












Click it and Unblock the Notifications