കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്ക്; നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്
ഡെറാഡൂണ്‍: തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസില്‍ കൂട്ടരാജി. ഒട്ടേറെ പ്രമുഖരായ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവ്.
സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഡെറാഡൂണ്‍ യൂണിറ്റ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ പൃഥ്വിരാജ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അനുയായികളും ബിജെപിയില്‍ ചേര്‍ന്നത്. എല്ലാവര്‍ക്കും ബിജെപിയുടെ വാതില്‍ തുറന്നുകിടക്കുകയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസിന്റെ മുഖം
ഡെറാഡൂണിലെ കോണ്‍ഗ്രസിന്റെ മുഖമാണ് ചൗഹാന്‍. ഒട്ടേറെ അനുയായികളുള്ള നേതാവാണ് ഇദ്ദേഹം. ചൗഹാനോടൊപ്പം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെറാഡൂണിലെ ബിജെപി സംസ്ഥാന ഓഫീസില്‍ ഇവര്‍ക്ക് പ്രത്യേക സ്വീകരണം നല്‍കി.

കളംമാറിയതില്‍ ചിലര്‍
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ അധ്യക്ഷതയില്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അംഗത്വമെടുത്തത്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ഭട്ട്, മുന്‍ വൈസ് പ്രസിഡന്റ് കുല്‍ഭൂഷണ്‍ ഗുസൈന്‍, കോണ്‍ഗ്രസ് വ്യാപാര്‍ മണ്ഡലം പ്രസിഡന്റ് പങ്കജ് മാസണ്‍ എന്നിവരും ബിജെപി അംഗത്വമെടുത്തവരില്‍ പ്രമുഖരാണ്.

ബിജെപിക്ക് കരുത്തുപകരും
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിട്ടാണ് താന്‍ ബിജെപിയില്‍ എത്തിയതെന്ന് ചൗഹാന്‍ പറഞ്ഞു. അഴിമതി തുടച്ചുനീക്കാന്‍ മുഖ്യമന്ത്രി നടത്തിയ നീക്കം അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ ഒരുമിച്ചുള്ള വരവ് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയുടെ വാതില്‍
ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് പറഞ്ഞു. ഈമാസം 18നാണ് ഉത്തരാഖണ്ഡില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. ഡെറാഡൂണ്‍ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് മല്‍സരിപ്പിക്കുമെന്ന് കരുതിയ വ്യക്തിയാണ് ചൗഹാന്‍.

സ്ഥാനമില്ലെങ്കില്‍ പാര്‍ട്ടി വേണ്ട
എന്നാല്‍ മുന്‍ മന്ത്രി ദിനേഷ് അഗര്‍വാളിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍തിഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ചൗഹാനും സംഘവും കോണ്‍ഗ്രസ് വിട്ടതും ബിജെപിയില്‍ ചേര്‍ന്നതും. കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാണ് നേതാക്കളുടെ കൂട്ടരാജിയോടെ ഉണ്ടായിരിക്കുന്നത്. ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തു.












Click it and Unblock the Notifications