വിമാനത്തില്‍ കയറിയിട്ടില്ലാത്ത 14കാരന്‍; താമസം വഴിയരികില്‍: അമ്മയുടെ കണ്‍മുന്നില്‍ തീഗോളമായി മാറിയ ആകാശ്
അഹമ്മദാബാദ്: ജീവിതത്തില്‍ ഒരിക്കലും വിമാനത്തില്‍ കയറിയിട്ടില്ലാത്ത സഹോദരന്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളില്‍ ഒന്നില്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് കല്‍പേഷ്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം മുറിക്ക് പുറത്ത് 14 വയസുകാരനായ സഹോദരനെ ഓര്‍ത്ത് വിലപിക്കുകയാണ് കല്‍പേഷ് പാട്‌നി. സഹോദരന്‍ ആകാശിന്റെ മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാമ്പിള്‍ നല്‍കാനായിട്ടാണ് കല്‍പേഷ് എത്തിയത്. ആശുപത്രിക്ക് മുന്നിലുള്ള കല്‍പേഷിന്റെ നിലവിളി കണ്ടു നിന്നവരെ എല്ലാം ദുഃഖത്തിലാഴ്ത്തി.
വിമാനയാത്ര സ്വപ്നം കാണാന്‍ പോലും ശേഷിയില്ലാത്ത കുടുംബത്തിലെ അംഗമാണ് ആകാശ്. വിമാന ദുരന്തം ഉണ്ടായ അഹമ്മദാബാദിലെ മേഘാനി നഗറില്‍ ചായ വില്‍പ്പന നടത്തുകയായിരുന്നു ആകാശിന്റെ അമ്മ സീത. വിമാന ദുരന്തത്തില്‍ തകര്‍ന്ന ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന് സമീപമായിരുന്നു ഇവരുടെ ചായക്കട. ഉച്ചയ്ക്ക് തിരക്കൊഴിഞ്ഞതോടെ ചായക്കടയ്ക്കു സമീപത്തെ നടപ്പാതയില്‍ ഒരു മരത്തിന്റെ തണലില്‍ കിടന്നുറങ്ങുകയായിരുന്നു ആകാശ്. ഈ സമയത്താണ് വിമാനം അഗ്‌നിഗോളമായി ഹോസ്റ്റലിന് മുകളില്‍ തകര്‍ന്നു വീണത്. പ്രദേശം മുഴുവന്‍ തീജ്വാലകള്‍ കൊണ്ടു മൂടിയതോടെ ആകാശും അതിനുള്ളില്‍ പെട്ടുപോയി.

മകനെ രക്ഷിക്കാന്‍ അമ്മ സീത ചായക്കടയില്‍ നിന്ന് ഓടിയെത്തിയെങ്കിലും കണ്‍മുന്നില്‍ മകന്‍ തീഗോളമായി മാറിയിരുന്നു. മകനെ രക്ഷിക്കാന്‍ ശ്രമിച്ച സീതയ്ക്കും ഗുരുതരമായി പൊള്ളലേറ്റു.
ഉച്ചയ്ക്ക് 1.30 നാണ് ആകാശിന്റെ സഹോദരനായ കല്‍പേഷിന്റെ ഫോണിലേക്ക് വിമാന ദുരന്തത്തെക്കുറിച്ചുള്ള കോള്‍ ലഭിച്ചത്. അപ്പോഴും സഹോദരന്‍ അതില്‍ പെട്ടിട്ടുണ്ടാകുമെന്ന് കരുതിയില്ല. ഗുരുതരമായി പരിക്കേറ്റ സീത ഇപ്പോള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആകാശിന്റെ മൃതദേഹം തിരിച്ചറിയാനുള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങള്‍. വിമാനം ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവശിഷ്ടങ്ങള്‍ ചുറ്റുപാടും തെറിച്ചുവീണു. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ പ്രദേശത്തെ താപനില 700 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഇതാണ് ആകാശ് അടക്കമുള്ള പ്രദേശവാസികളുടെ ദാരുണ മരണത്തിന് ഇടയാക്കിയത്.
രണ്ടാഴ്ച മുമ്പാണ് ആകാശും കുടുംബവും താമസിച്ചിരുന്നു വീടിന്റെ ഉടമസ്ഥന്‍ ഇവരെ പുറത്താക്കിയത്. തുടര്‍ന്ന് ഏക വരുമാന മാര്‍ഗമായ ചായക്കടയ്ക്ക് സമീപം ഷെഡ്ഡ് നിര്‍മ്മിച്ച് അതിലായിരുന്നു താമസം. ആകാശിന്റെ മരണം കുടുംബത്തിന് ഇരട്ടി ആഘാതമായി മാറി.
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ 294 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണ സംഖ്യ ഇനിയും ഉയരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടും. 241 വിമാന യാത്രക്കാരാണ് മരിച്ചത്. ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന 12 വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമായി തുടരുകയാണ്.
നിരവധി പ്രദേശവാസികളെ കാണാനില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എത്രയും പെട്ടെന്ന് ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ കൂടുതലും കത്തിക്കരിഞ്ഞതിനാല്‍ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് തിരിച്ചറിഞ്ഞതിനു ശേഷം വിട്ടുകൊടുക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നാണ് എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം അഗ്‌നിഗോളമായി തകര്‍ന്നു വീഴുകയായിരുന്നു. വിമാന ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications