ഒറിജിനല്‍ 'തല' വേറെ! ശശികല തത്കാലത്തേക്ക് മാത്രം!! എഐഎഡിഎംകെയ്ക്ക് പുതിയ നേതാവ് വരുന്നു?
ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം.
ദില്ലി: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചിന്നമ്മ ശശികലയെ തിരഞ്ഞെടുത്തത് തത്കാലത്തേക്ക് മാത്രമാണെന്ന് എം തമ്പിദുരൈ. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് തമ്പിദുരൈ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം.
എഐഎഡിഎംകെ പാര്‍ട്ടി ചിഹ്നമായ രണ്ടിലയുടെ അവകാശവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതേ ആവശ്യവുമായി ബുധനാഴ്ച പനീര്‍ശെല്‍വം അടക്കമുള്ള വിമത എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ശശികലയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം അസാധുവാണെന്ന് പനീര്‍ശെല്‍വം ആരോപിച്ചിരുന്നു. പാര്‍ട്ടി നിയമങ്ങള്‍ തെറ്റിച്ചാണ് ശശികല ആ സ്ഥാനത്തെത്തിയതെന്നും പനീര്‍ശെല്‍വം ആരോപിച്ചു.

തിരഞ്ഞെടുക്കും
ചിന്നമ്മ ശശികലയ്ക്ക് പാര്‍ട്ടി അധ്യക്ഷ സ്ഥാനം തത്കാലത്തേക്ക് മാത്രമാണ് നല്‍കിയിരിക്കുന്നതെന്നാണ് തമ്പിദുരൈ പറയുന്നത്. ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്നും തമ്പി ദുരൈ അറിയിച്ചു.

ശശികലയ്ക്ക് അധികാരം
1989ല്‍ എംജി രാമചന്ദ്രന്റെ മരണ ശേഷം ജയലളിതയ്ക്കും പാര്‍ട്ടിയുടെ താത്കാലിക ചുമതലയായിരുന്നു നല്‍കിയിരുന്നതെന്ന് തമ്പിദുരൈ പറയുന്നു. ശശികലയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള എല്ലാ അവകാശങ്ങളുണ്ടെന്നും അദ്ദേഹം. ശശികലയെ തിരഞ്ഞെടുത്തവര്‍ തന്നെയാണ് ഇപ്പോള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അനുവദിക്കരുത്
പാര്‍ട്ടി ചിഹ്നമായ രണ്ടില മറ്റാര്‍ക്കും അനുവദിക്കരുതെന്നാണ് തമ്പിദുരൈ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുടെ ഇത്തരം വൃത്തികെട്ട കളി അനുവദിക്കരുതെന്നും അദ്ദേഹം കമ്മീഷനോട് ആവശ്യപ്പെട്ടു.

ജനാധിപത്യ സംവിധാനം
ജനാധിപത്യ രാജ്യമായതിനാല്‍ ജനങ്ങള്‍ക്ക് എന്ത് പ്രശ്‌നവും ഉന്നയിക്കാനാകുമെന്നും എന്നാല്‍ അവയെല്ലാം പരിഗണിക്കപ്പെടണമെന്നില്ലെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും പാര്‍ട്ടിയിലെ എല്ലാ എംല്‍എമാരുടെയും എംപിമാരുടെയും സഹകരണത്തോടെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും തമ്പിദുരൈ പറയുന്നു.












Click it and Unblock the Notifications