'ബ്ലോക്ക് പ്രസിഡന്റില്‍ നിന്ന് ഇവിടം വരെയെത്തി, ആ സമയം തരൂര്‍ എവിടെയായിരുന്നു?' ചോദ്യവുമായി ഖാര്‍ഗെ
ന്യൂദല്‍ഹി: എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തന്നേയും ശശി തരൂരിനേയും താരതമ്യം ചെയ്യരുത് എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസില്‍ അധികാരം വികേന്ദ്രീകരിക്കാനുള്ള ശശി തരൂരിന്റെ പദ്ധതിയെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രകടനപത്രികയുമായി മുന്നോട്ട് പോകാന്‍ ശശി തരൂരിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നതാണ് തന്റെ അജണ്ട എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതി പരിഷ്‌കരിക്കാനുള്ള തരൂരിന്റെ പ്രകടന പത്രികയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു ഉള്‍ക്കാഴ്ച, തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ്, ദേശീയ പരിശീലനം എന്നിവയാണ് മെയ് മാസത്തില്‍ പാര്‍ട്ടി ഉദയ്പൂര്‍ ചിന്തന്‍ ശിബിറില്‍ അംഗീകരിച്ച പ്രഖ്യാപനം. എല്ലാ മുതിര്‍ന്ന നേതാക്കളുമായും വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷമാണ് ആ പ്രഖ്യാപനങ്ങള്‍ പരിഗണിച്ചത് എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റില്‍ നിന്ന് ഈ നിലയിലേക്ക് താന്‍ സ്വന്തം നിലയിലാണ് എത്തിയത് എന്നും ശശി തരൂര്‍ ആ സമയത്ത് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നോ എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസിന് പ്രായം കുറഞ്ഞവരെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, പാര്‍ട്ടിയില്‍ ആരാണെന്ന് അറിയാവുന്ന ഒരു സംഘടനാ പ്രവര്‍ത്തകനാണ് താന്‍ എന്നാായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മറുപടി.

അവരുടെ സേവനം ആവശ്യമുള്ളിടത്ത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തന്റെ 10 ഇന പ്രകടനപത്രിക പുറത്തിറക്കിയത്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക, തൊഴിലാളികളെ ശാക്തീകരിക്കുക, അധികാരം വികേന്ദ്രീകരിക്കുക, ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നതാണ് തന്റെ സന്ദേശം എന്ന് ശശി തരൂര്‍ പറയുന്നു.

ഇത് കോണ്‍ഗ്രസിനെ മാറ്റുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി ജെ പിയെയും നേരിടാന്‍ താന്‍ രാഷ്ട്രീയമായി യോഗ്യനാണ് എന്നും ശശി തരൂര്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications