അഖിലേഷിന് തിരിച്ചടി; മുതിർന്ന നേതാവ് അസം ഖാൻ സമാജ്വാദി പാർട്ടി വിട്ടേക്കും
ദില്ലി; സമാജ്‍വാദി പാർട്ടിയുടെ മുതിർന്ന നേതാവ് മുഹമ്മദ് അസം ഖാൻ ഉടൻ പാർട്ടി വിട്ടേക്കുമെന്ന് സൂചന. അഖിലേഷ് യാദവുമായുള്ള അതൃപ്തികളെ തുടർന്നാണ് അദ്ദേഹം പാർട്ടി വിടാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം പാർട്ടി രൂപീകരിക്കുന്നതിനെ സംബന്ധിച്ചുള്ള ആലോചനയിലാണ് അസം ഖാനെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അസം ഖാനെ ജയിലിൽ നിന്ന് പുറത്താക്കാൻ അഖിലേഷ് ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയായിരുന്നുവെന്ന് അസം ഖാന്റെ മീഡിയ ഇൻചാർജ് ഫസഹത് ഖാൻ ഷാനു പറഞ്ഞു.ഞായറാഴ്ച രാത്രി രാംപൂരിലെ പാർട്ടി ഓഫീസിൽ പാർട്ടി പ്രവർത്തകരുമായി മടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഫസഹത് ഷാനുവിന്റെ പ്രതികരണം.

2020 ഫെബ്രുവരി മുതൽ തടവിൽ കഴിയുന്ന സീതാപൂർ ജയിലിൽ അസം ഖാനെ ഒരു തവണ മാത്രമായിരുന്നു അഖിലേഷ് യാദവ് സന്ദർശിച്ചത്. ഇതിൽ അദ്ദേഹത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
അസം ഖാന്റെ നിർദ്ദേശ പ്രകരാം രാംപൂരിൽ മാത്രമല്ല, പല ജില്ലകളിലും മുസ്ലീങ്ങൾ എസ്പിക്ക് വോട്ട് ചെയ്തു. എന്നാൽ എസ്പി ദേശീയ അധ്യക്ഷൻ മുസ്ലീങ്ങളുടെ പക്ഷം ചേർന്നില്ല. രണ്ട് വർഷത്തിലേറെയായി അസം ഖാൻ ജയിലിലാണ്. എസ്പി അധ്യക്ഷൻ ഒരിക്കൽ മാത്രമാണ് അദ്ദേഹത്തെ കാണാൻ ജയിലിൽ പോയത്. അതുമാത്രമല്ല പാർട്ടിയിൽ മുസ്ലീങ്ങൾക്ക് യാതൊരു പ്രധാന്യവും നേതൃത്വം നൽകുന്നില്ലെന്നും ഫസഹത് ആരോപിച്ചു.
കഴിഞ്ഞ ദിവസം എസ് പി എംപി ഷഫീഖുർ റഹ്മാൻ ബർഖും എസ്പി നേതൃത്വം മുസ്ലീങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു.
1980 മുതൽ രാംപൂർ സീറ്റിൽ നിന്നുള്ള എം എൽ എയാണ് അസം ഖാൻ. 1996 ൽ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. അന്ന് കോൺഗ്രസിനോടായിരുന്നു അസം ഖാൻ പരാജയപ്പെട്ടത്. ഇത്തവണ ജയിലിൽ നിന്നായിരുന്നു അസം ഖാൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്താം തവണയാണ് രാംപൂരിൽ നിന്ന് അസംഖാൻ എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തേ 2009 ൽ അസം ഖാനെ എസ് പി ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. 2010 ലായിരുന്നു അദ്ദേഹത്തെ പാർട്ടി തിരിച്ചെടുത്തത്. അതേസമയം എസ് പിയിൽ നിന്നും പുറത്താക്കിയെങ്കിലും പുറത്താക്കപ്പെട്ട കാലത്ത് അദ്ദേഹം മറ്റൊരു പാർട്ടിയുമായി സഖ്യം ഉണ്ടാക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്തിട്ടില്ല. എന്നാൽ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അസം ഖാൻ പാർട്ടി വിടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം ഏതെങ്കിലും യോഗത്തെ കുറിച്ചോ അസംഖാൻ പാർട്ടി വിടുന്നതിനെ കുറിച്ചോ തനിക്ക് അറിയില്ലെന്നായിരുന്ു സമാജ്വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി പ്രതികരിച്ചത്. അസം ഖാൻ എസ് പിക്കൊപ്പം തന്നെയണ് എസ് പി അദ്ദേഹത്തിന് ഒപ്പമാണെന്നും ചൗധരി പറഞ്ഞു.
അസം ഖാൻ പാർട്ടി വിട്ടാൽ അത് അഖിലേഷ് യാദവിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും. പ്രത്യേകിച്ച് അമ്മാവനും പ്രഗതിശീൽ പാർട്ടി തലവനുമായ ശിവ്പാൽ യാദവുമായി അഖിലേഷ് ഇടഞ്ഞ് നിൽക്കുന്ന ഈ സാഹചര്യത്തിൽ. അഖിഷേവുമായി ഉടക്കി നിൽക്കുന്ന ശിവപാൽ ഉടൻ തന്നെ പാർട്ടി വിട്ടേക്കുമെന്നാണ് സൂചന. അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി ജെ പി നേതാക്കളെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യാനും ആരംഭിച്ചിരുന്നു. രണ്ട് മുതിർന്ന നേതാക്കളുടെ പടിയിറക്കം ബി ജെ പി അഖിലേഷിനെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കിയേക്കും.












Click it and Unblock the Notifications