'എല്ലായിടത്തും കുഴിച്ചാൽ ഒരു പരിഹാരവും ലഭിക്കില്ല'; സംഭൽ സർവേയിൽ ബിജെപിക്കെതിരെ അഖിലേഷ് യാദവ്
ന്യൂഡൽഹി: സംഭൽ സർവേയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. രാജ്യത്തെ സുപ്രധാന വിഷയങ്ങളായ കർഷക പ്രക്ഷോഭം, തൊഴിലില്ലായ്‌മ എന്നിവയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സംഭലിൽ നടത്തിയ ആർക്കിയോളജിക്കൽ സർവേ പോലെയുള്ള ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്നാണ് അഖിലേഷ് യാദവ് ആരോപിക്കുന്നത്.
ഇന്ത്യയിലെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിർത്താനും സംരക്ഷിക്കാനും ശ്രമിക്കുന്ന ആരാധനാലയങ്ങളുടെ നിയമത്തെക്കുറിച്ച് കൂടി മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പരാമർശിച്ചു. 'എല്ലായിടത്തും കുഴിക്കുന്നത് കൊണ്ട് നമുക്ക് ഒരു പരിഹാരവും ലഭിക്കില്ല. നമ്മുടെ രാജ്യത്ത് ആരാധനാലയങ്ങൾക്ക് നിയമം ഉണ്ട്, അതിൽ ഇത്തരം കാര്യങ്ങൾ നിരോധിച്ചിരിക്കുന്നു' അഖിലേഷ് ചൂണ്ടിക്കാട്ടി.

1857ലെ കലാപത്തിന്റെ കാലഘട്ടത്തിലുള്ളതെന്ന് കരുതുന്ന 250 അടി താഴ്‌ചയുള്ള പടിക്കിണർ സംഭലിലെ ഒരു സർവേയിൽ വീണ്ടെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം രംഗത്ത് വന്നത്. ഈ മാസം ആദ്യം, അതേ പ്രദേശത്ത് പുരാതന ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സംഭൽ വിഷയത്തിന് പുറമേ ബിജെപിയുടെ ഭരണ പരാജയങ്ങളും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്‌മയിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് അദ്ദേഹം വിമർശിച്ചത്. അവർ ഡൽഹിയിൽ 10 വർഷവും ഉത്തർപ്രദേശിൽ 7 വർഷവുമായി അധികാരത്തിൽ തുടരുകയാണ്. ഇതോടെ തൊഴിലില്ലായ്‌മ റെക്കോർഡ് തലത്തിലെത്തി; അഖിലേഷ് ചൂണ്ടിക്കാട്ടി.
സംഭൽ സംഘർഷവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി എംപി സിയാവുർ റഹ്മാൻ വാർഖിനെതിരായ കേസിനെക്കുറിച്ചും അഖിലേഷ് പ്രതികരിച്ചു. എംപിക്കെതിരെ ഉള്ളതായാലും സാധാരണക്കാർക്ക് എതിരേയുള്ളതായാലും എല്ലാ കേസുകളും പിൻവലിക്കണം എന്നായിരുന്നു അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്.
നവംബർ 24ന് സംഭലിൽ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അക്രമ സംഭവങ്ങൾക്ക് സൗകര്യമൊരുക്കിയതിനും ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതിനും സിയാവുർ റഹ്മാൻ വാർഖിനെതിരെ കേസെടുത്തിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി അദ്ദേഹം ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയും സാമുദായിക സൗഹാർദം തകർക്കുകയും ചെയ്‌തുവെന്നാണ് പോലീസ് എഫ്ഐആറിൽ ആരോപിക്കുന്നത്.
പിന്നീട് സമാജ്‌വാദി പാർട്ടി എംപി അലഹബാദ് ഹൈക്കോടതിയെ സമീപിച്ച് തന്റെ അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ഭരണകക്ഷി (ബിജെപി) തന്നോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും തെറ്റായ ആരോപണങ്ങളിലൂടെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.












Click it and Unblock the Notifications