'ഫലം രണ്ടാം തരംഗത്തേക്കാള്‍ മോശമായിരിക്കും'; യുപി തിരഞ്ഞെടുപ്പ് നീട്ടുന്നത് ചിന്തിക്കണമെന്ന് കോടതി
ലക്‌നൗ : വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ നിരോധിക്കണമെന്നും കൂടുതല്‍ വ്യാപനശേഷിയുള്ള കോവിഡ് വകഭേദം ഒമൈക്രോണിനെ ഭയന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോടതി അഭ്യര്‍ത്ഥിച്ചു . ഒരു ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
റാലികള്‍ നിര്‍ത്തിയില്ലെങ്കില്‍, ഫലം രണ്ടാം തരംഗത്തേക്കാള്‍ മോശമായിരിക്കും. ജീവനുണ്ടെങ്കില്‍ ഭാവിയിലും തിരഞ്ഞെടുപ്പും റാലിയും നടത്താമെന്നും കോടതി നിരീക്ഷിച്ചു.
പുതിയ വേരിയന്റായ ഒമൈക്രോണിന്റെ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ മൂന്നാം തരംഗ കോവിഡിന് സാധ്യതയുണ്ട്. കൊവിഡ് കേസുകളുടെ എണ്ണത്തെക്കുറിച്ചും ലോക്ക്ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളെക്കുറിച്ചുമുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ജഡ്ജി ഉദ്ധരിച്ചു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളും ബംഗാള്‍ ഉള്‍പ്പടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളും ധാരാളം ആളുകള്‍ക്ക് കൊവിഡ് ബാധിക്കാന്‍ കാരണമായി . ഇത് നിരവധി മരണങ്ങള്‍ക്കും കാരണമായെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ റാലികളും ഒത്തുചേരലുകളും സംഘടിപ്പിക്കുകയാണെന്നും ഇത്തരം സംഭവങ്ങളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . അസംബ്ലി തെരഞ്ഞെടുപ്പിനായി ഏതെങ്കിലും തരത്തിലുള്ള റാലികളും ഒത്തുചേരലുകളും നിരോധിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളെ ദൂരദര്‍ശനിലൂടെയോ പത്രങ്ങളിലൂടെയോ പ്രചാരണത്തിന് നിര്‍ദ്ദേശിക്കണമെന്നും ജഡ്ജി യാദവ് തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ത്ഥിച്ചു . എല്ലാ ഇന്ത്യക്കാര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
പൊതു തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ളതിനാല്‍ ഉത്തര്‍പ്രദേശ് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ മത്സരിക്കുന്നതും രാഷ്ട്രീയമായി പ്രാധാന്യമുള്ളതുമായ തിരഞ്ഞെടുപ്പാണ്. സംസ്ഥാനത്തെ വിവിധ റാലികളില്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനായി സ്റ്റാര്‍ പ്രചാരകരുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ സാധ്യതയില്ലാതെ വലിയ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലും മറ്റ് നിരവധി റാലികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.