ബാങ്ക് വിളിക്കെതിരെ വിസിയുടെ പരാതി; ഉറക്കം നഷ്ടപ്പെടുന്നു, ശബ്ദം കുറച്ച് പള്ളിക്കമ്മറ്റി, വിസിക്ക് വിമര്‍ശനം
അലഹാബാദ്: മസ്ജിദില്‍ നിന്നുള്ള ബാങ്ക് വിളിക്കെതിരെ ഉത്തര്‍ പ്രദേശിലെ അലഹാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംഗീത ശ്രീവാസ്തവയുടെ പരാതി. രണ്ടാഴ്ച മുമ്പ് അലഹാബാദ് ജില്ലാ കളക്ടര്‍ക്ക് വിസി നല്‍കിയ പരാതിയുടെ പകര്‍പ്പ് ഇന്ന് പുറത്തുവന്നു. പരാതി സ്വീകരിച്ച ജില്ലാ ഭരണകൂടം ബാങ്കിന്റെ ശബ്ദം കുറയ്ക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അവര്‍ ശബ്ദം കുറയ്ക്കുകയും ചെയ്തു. എന്നാല്‍ വിസിയുടെ നടപടി ഏറെ വിമര്‍ശനത്തിന് ഇടായാക്കി.

വിവിധ സമുദായങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന സമൂഹത്തില്‍ വിശാലമായ മനസോടെ പെരുമാറണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പരസ്പര സൗഹാര്‍ദത്തോടെ മുന്നോട്ടുപോകുന്നതാണ് നല്ലത് എന്ന് മുസ്ലിം പണ്ഡതന്‍മാരും അഭിപ്രായപ്പെട്ടു. സര്‍വകലാശാലയുടെ ലെറ്റര്‍ പാഡില്‍ പരാതി നല്‍കിയ വിസിയുടെ നടപടി ശരിയായില്ലെന്ന് വിദ്യാര്‍ഥി യൂണിയനുകള്‍ കുറ്റപ്പെടുത്തി. വിസിയുടെ സ്വകാര്യ ആവശ്യത്തിന് ലെറ്റര്‍പാഡ് ഉപയോഗിക്കരുത് എന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്.
പ്രയാഗ് രാജിലെ സിവില്‍ ലൈനിലാണ് വിസിയുടെ താമസം. ഇവിടെ അല്‍പ്പം മാറി ഒരു പള്ളിയുണ്ട്. പ്രഭാത നമസ്‌കാരത്തിന് പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് കേട്ട് തന്റെ ഉറക്കം നഷ്ടപ്പെടുന്നു എന്നാണ് വിസിയുടെ പരാതി. പിന്നീട് എത്ര ശ്രമിച്ചാലും ഉറക്കം കിട്ടില്ല. മാത്രമല്ല, ഉറക്കം നഷ്ടപ്പെടുന്നത് കാരണം തനിക്ക് തലവേദന അനുഭവപ്പെടുകയും ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വരികയും ചെയ്യുന്നു എന്നും പരാതിയില്‍ വിസി ചൂണ്ടിക്കാട്ടുന്നു. താന്‍ ഒരു മതത്തിനും എതിരല്ല. പക്ഷേ, എന്റെ മൂക്കിന്‍ തുമ്പത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന് ഓര്‍ക്കണം. മൈക്കില്‍ അല്ലാതെ ബാങ്ക് വിളിച്ചോട്ടെ. പെരുന്നാളിന് മുമ്പ് അതിരാവിലെ മൈക്കിലുള്ള സംസാരങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും വിസി പരാതിയില്‍ പറയുന്നു.
അതേസമയം, വിസിയുടെ പരാതിക്കെതിരെ ലഖ്‌നൗവിലെ മുസ്ലിം പണ്ഡിതന്മാര്‍ രംഗത്തുവന്നു. വിവിധ സമൂഹങ്ങള്‍ സഹവര്‍ത്തിത്തോടെ താമസിക്കുന്ന നാടാണിതെന്ന് വിസി ഓര്‍ക്കണം. പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളിയും അമ്പലങ്ങളില്‍ നിന്നുള്ള ഭജന കീര്‍ത്തനങ്ങളൊന്നും ആര്‍ക്കും ശല്യമല്ല. ഹൈക്കോടതി വിധി നേരത്തെ എല്ലാ പള്ളികളും പാലിക്കുന്നുണ്ടെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫിറാംഗി മഹാലി പറഞ്ഞു. അതേസമയം, പരാതി സംബന്ധിച്ച് പോലീസ് തങ്ങളെ അറിയിച്ചിരുന്നു. രണ്ടു ഉച്ചഭാഷിണി ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് അനുമതിയുണ്ട്. എങ്കിലും ശബ്ദം കുറച്ചിരിക്കുകയാണ്. ഇനിയും ആരെങ്കിലും പരാതിപ്പെട്ടാല്‍ ശബ്ദം വീണ്ടും കുറയ്ക്കാന്‍ തയ്യാറാണെന്ന് പള്ളി കമ്മിറ്റി ഭാരവാഹി മുഹമ്മദ് കരീം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Click it and Unblock the Notifications