ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം? എവിടെയും തൊടാതെ ദേവഗൗഡയുടെ മറുപടി
ബംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ജെഡിഎസ് സഖ്യമുണ്ടാനുളള സാധ്യത നിഷേധിക്കാതെ പാർട്ടി അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. ബി ജെ പിക്കൊപ്പം ജെഡിഎസ് കൈ കോർത്തേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പ്രത്യേകിച്ച് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ജെ ഡി എസിന് കനത്ത തിരിച്ചടിയേറ്റ സാഹചര്യം ഇത്തരം ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.
2024ൽ ബിജെപിയുമായുളള സഖ്യസാധ്യത തള്ളിക്കളയാനാകില്ല എന്ന് സൂചിപ്പിക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ടുളള ദേവഗൗഡയുടെ പ്രതികരണം. ബിജെപിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലാത്ത ഏതെങ്കിലും പാര്‍ട്ടി രാജ്യത്തുണ്ടോ എന്ന് ദേവഗൗഡ ചോദിച്ചു. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി വിരുദ്ധ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ജെ ഡി എസ് അവരുടെ ഭാഗമാകുമോയെന്നുമുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദേവഗൗഡ.

'എനിക്ക് ദേശീയ രാഷ്ട്രീയത്തെ കുറിച്ച് വിശകലനം ചെയ്യാന്‍ സാധിക്കും, പക്ഷേ, എന്താണ് പ്രയോജനം. നേരിട്ടോ അല്ലാതെയോ ബി ജെ പിയുമായി ബന്ധമില്ലാത്ത ഒരു പാര്‍ട്ടിയെ കാണിച്ചു തരൂ, അപ്പോള്‍ ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം പറയാം'- ദേവഗൗഡ പറഞ്ഞു. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച ജെഡിഎസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. വെറും 19 സീറ്റില്‍ ഒതുങ്ങിയ ജെ ഡി എസിന്റെ വോട്ട് വിഹിതത്തില്‍ വലിയ ഇടിവും രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച് ചർച്ച ചെയ്ത പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എച്ച് ഡി ദേവഗൗഡ. 'ബി ജെ പിയുമായി ഒരിക്കലും സഖ്യമുണ്ടാക്കിയില്ലെന്ന് വാദിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കും. എന്നാല്‍ ആറ് വര്‍ഷത്തോളമായി ബി ജെ പിയെ പിന്തുണച്ച ഡി എം കെയുടെ അടുത്തേക്ക് പോയില്ലേ, അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.. നേരിട്ടോ അല്ലാതയോ. അതുകൊണ്ട് തന്നെ ഇതേ കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല'- ദേവഗൗഡ പറഞ്ഞു.
'ഇപ്പോള്‍ ഈ രാജ്യത്തി നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് എനിക്ക് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഈ രാജ്യം എങ്ങനെയാണെന്ന് എനിക്കറിയാം. 1991 മുതല്‍ ഞാന്‍ പ്രധാനമന്ത്രിയായും മുഖ്യമന്ത്രിയായും എം പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന മുഴുവന്‍ കാര്യങ്ങളും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്'- ദേവഗൗഡ പറഞ്ഞു.
പത്രസമ്മേളനത്തിനിടെ ദേവഗൗഡ നേരിട്ട മറ്റൊരു ചോദ്യം 'ആരാണ് വര്‍ഗീയവാദി, ആരാണ് വര്‍ഗീയവാദിയല്ലാത്തത്' എന്നതായിരുന്നു. ഇതിന് ദേവഗൗഡയുടെ മറുപടി ഇങ്ങനെയായിരുന്നു: ''അതിനെ കുറിച്ച് എനിക്കറിയില്ല, ഒന്നാമതായി വര്‍ഗീയതയുടെ നിര്‍വചനം വിശാലവും വ്യാപ്തിയുള്ളതുമാണ്''. നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന്, ബംഗളൂരു സിവില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പാണ് ഇനി പാര്‍ട്ടിക്ക് മുന്നിലുള്ളതെന്നും അതിനാണ് പ്രാഥമിക പരിഗണയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications