കിടപ്പറയില്‍ നിന്നും വിളിച്ച് അറസ്റ്റ്; പൊലീസിനോട് തട്ടിക്കയറി അല്ലു അർജുനും ഭാര്യയും: പിന്നില്‍ ആ നേതാവോ?
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ അറസ്റ്റ് ഇന്ത്യന്‍ സിനിമ ലോകത്തെയാകെ അമ്പരിപ്പിച്ചിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ താരത്തെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന അല്ലു അർജുന്റെ ഹർജിയില്‍ ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. ഹർജി ഹൈക്കോടതി തള്ളിയാല്‍ ചെഞ്ചൽഗുഡ സബ് ജയിലിലേക്ക് താരത്തെ കൊണ്ടുവരും.
ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് ചിക്കടാപ്പള്ളി പൊലീസ് സ്റ്റേഷന്‍, ചെഞ്ചൽഗുഡ ജയില്‍ പരിസരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

ഇന്ന് രാവിലെയോടെ ജൂബിലി ഹിൽസിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം അല്ലു അർജുനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും അല്ലു അർജ്ജുനും തമ്മില്‍ വാക്കേറ്റമുണ്ടായതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിന് എന്ന് ചോദിച്ച അദ്ദേഹം പ്രാതൽ കഴിക്കാൻ സമയം തരണം എന്നും ആവശ്യപ്പെട്ടു. താരത്തിന്റെ അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും പോലീസ് നടപടിയെ ചോദ്യം ചെയ്ത രംഗത്ത് വന്നത് ചെറിയ വാക്കേറ്റത്തിന് ഇടയാക്കി.
പുഷ്പ-2 പ്രീമിയറിനിടേയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുനെതിരായ പൊലീസ് നടപടി. നാലാം തിയതി നടന്ന പ്രീമിയർ ഷോ കാണാന്‍ വന്‍ തിരക്കായിരുന്നു തിയേറ്റററില്‍ അനുഭവപ്പെട്ടത്. ഇതിന് ഇടയിലേക്കാണ് അല്ലു അർജുനും പുഷ്പയുടെ സംവിധായകൻ സുകുമാറും എത്തിയത്. ഇതോടെ ആരാധകരുടെ നിയന്ത്രണം വിടുകയും വന്‍ തിക്കും തിരക്കമുണ്ടാവുകയായിരുന്നു. ഇതില്‍ അകപ്പെട്ട് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിച്ച സംഭവത്തിലാണ് അല്ലു അർജുനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
അല്ലു അർജുന്റെ അറസ്റ്റ് രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ബി ആർ എസ് നേതാവ് കെ ടി രാമറാവു അടക്കമുള്ളവർ തെലങ്കാനയിലെ കോണ്‍ഗ്രസ് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണകർത്താക്കളുടെ അരക്ഷിതത്വത്തിന്റെ പ്രതിഫലനമാണ് അറസ്റ്റെന്നാണ് രാമറാവുവിന്റെ പ്രതികരണം.
അല്ലു അർജുന്റെ അറസ്റ്റില്‍ ചന്ദ്രബാബു നായിഡുവിനെതിരേയാണ് എൻ ടി ആറിന്‍റെ ഭാര്യയും വൈ എസ് ആർ സി പി നേതാവുമായ ലക്ഷ്മി പാർവതി ആരോപണം ഉന്നയിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിന് അല്ലു എങ്ങനെ ഉത്തരവാദിയാകുമെന്ന് ചോദിക്കുന്ന അവർ അല്ലു അർജുൻ വരുന്നത് കണക്കിലെടുത്ത് സുരക്ഷ ഒരുക്കാതിരുന്ന സർക്കാരാണ് അപകടത്തിനുത്തരവാദിയെന്നും അവകാശപ്പെടുന്നു.
ചന്ദ്രബാബു നായിഡുവിന്‍റെ പഴയ അനുയായിയും ഇപ്പോഴത്തെ തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയാണ് അല്ലുവിന്‍റെ അറസ്റ്റിന് പിന്നിൽ. രേവന്ത് റെഡ്ഡിയുടെ ഈ നീക്കത്തിന് പിന്നിൽ ചന്ദ്രബാബു നായിഡുവാണെന്നും ലക്ഷ്മി പാർവതി ആരോപിച്ചു. അതേസമയം നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രതികരണം.












Click it and Unblock the Notifications