അല്ലു അര്‍ജുനെ പൂട്ടാന്‍ പ്ലാനുണ്ടോ? ഭാര്യാപിതാവ് ഇറങ്ങിയിട്ടും രക്ഷയില്ല, കോണ്‍ഗ്രസ് നേതാവിന്റെ പരാതി
ഹൈദരാബാദ്: പുഷ്പ 2 റെക്കോര്‍ഡ് കളക്ഷന്‍ നേടി കുതിക്കവെ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ കൂടതല്‍ വെട്ടിലാകുകയാണ്. നടനെതിരെ പോലീസില്‍ പുതിയ പരാതി ലഭിച്ചു. ഹൈദരാബാദിലെ തിയേറ്റര്‍ ദുരത്തില്‍ അല്ലുവിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരിക്കെയാണ് പുതിയ പരാതി. ചിക്കഡ്പള്ളി പോലീസില്‍ അല്ലു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി.
കോണ്‍ഗ്രസ് എംഎല്‍സി ചിന്തപണ്ടു നവീന്‍ എന്ന തീന്‍മര്‍ മല്ലണ്ണയാണ് അല്ലുവിനെതിരെ പുതിയ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അല്ലുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ട് എന്ന് ബിജെപിയും ബിആര്‍എസും ആരോപിക്കുന്നതിനിടെയാണ് പുതിയ പരാതി. എല്ലാം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രതികരണം.

പുഷ്പ 2 സിനിമയില്‍ പോലീസ് സേനയെ അപമാനിക്കുന്ന രംഗങ്ങളുണ്ട് എന്നാണ് മെഡിപ്പള്ളി സ്‌റ്റേഷനില്‍ മല്ലണ്ണ നല്‍കിയ പരാതിയില്‍ പറയുന്നത്. സിനിമയുടെ സംവിധായകന്‍ സുമാറിനെയും നിര്‍മാതാക്കളെയും പേരെടുത്ത് പരാതിയില്‍ പറയുന്നുണ്ട്. പോലീസുമായി കൊമ്പുകോര്‍ക്കുന്ന സീനില്‍ അല്ലു അര്‍ജുന്റെ കഥാപാത്രം നീന്തല്‍കുളത്തില്‍ മൂത്രമൊഴിക്കുന്ന രംഗം സേനയെ അപമാനിക്കുന്നതാണ് എന്നാണ് പരാതി.
ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയ്യേറ്ററില്‍ സിനിമയുടെ പ്രീമിയറിനിടെ തിക്കുംതിരക്കുമുണ്ടായ ദുരന്തമാണ് പുതിയ വിവാദങ്ങളുടെ തുടക്കം. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല എന്ന് സംഭവം വിവാദമായ ശേഷം പോലീസ് അറിയിച്ചിരുന്നു. അനുമതിയില്ലാത്ത പരിപാടിയിലാണ് അല്ലു അര്‍ജുന്‍ പങ്കെടുത്തതെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ അറസ്റ്റിലായ അല്ലു അര്‍ജുനെ ഒരു ദിവസം ജയിലില്‍ പാര്‍പ്പിക്കാന്‍ രാഷ്ട്രീയമായ ഇടപെടല്‍ നടന്നു എന്ന് ആക്ഷേപമുണ്ട്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച അല്ലു മാധ്യമങ്ങളെ കണ്ട വേളയില്‍ നിയമം പാലിച്ചു മുന്നോട്ട് പോകുമെന്നും മരിച്ച സ്ത്രീയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വ്യക്തമാക്കി.
തൊട്ടുപിന്നാലെയാണ് അല്ലുവിന്റെ വസതിയില്‍ ചിലര്‍ അതിക്രമിച്ച് കടന്നതും ആക്രമണം നടത്തിയതും. കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഷയം ദുരുപയോഗം ചെയ്യുകയാണ് എന്ന് ബിജെപിയും ബിആര്‍എസും കുറ്റപ്പെടുത്തി. അല്ലുവിന്റെ വീട്ടില്‍ അക്രമം നടത്തിയവര്‍ മുഖ്യമന്ത്രിയുടെ കോടങ്കല്‍ മണ്ഡലത്തില്‍ നിന്നുള്ളവരാണെന്നും അവര്‍ ആരോപിച്ചു. പ്രതികാരം തീര്‍ക്കാന്‍ പോലീസ് ഈ കേസ് ഉപയോഗിക്കരുതെന്ന് ബിജെപി നേതാവ് രഘുനന്ദന്‍ റാവു പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അല്ലുവിന്റെ ഭാര്യാപിതാവ് ചന്ദ്രശേഖര്‍ റെഡ്ഡി. തെലങ്കാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപദാസ് മുന്‍ഷിയുമായി അദ്ദേഹം ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. കോണ്‍ഗ്രസ് ബന്ധമുള്ള നടന്‍ ചിരഞ്ജീവി സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തി സമവായ ശ്രമം നടത്തുമെന്നാണ് മറ്റൊരു വിവരം.
ജയില്‍ മോചിതനായ അല്ലുവിനെ കാണാന്‍ വന്ന ചിരഞ്ജീവി പക്ഷേ, പിന്നീട് മൗനം പാലിക്കുകയാണ്. തെലുഗു സിനിമ ഭരിക്കുന്ന മെഗാ കുടുംബത്തിലെ പോരാണ് അല്ലുവിന്റെ അറസ്റ്റിനും വിവാദത്തിനും കാരണം എന്ന് പ്രചാരണമുണ്ട്. അല്ലുവിന്റെ വളര്‍ച്ചയില്‍ വിറളി പൂണ്ടവര്‍ കുടുംബത്തിലുണ്ടെന്നും പറയപ്പെടുന്നു. ചിലഞ്ജീവിയെയും പവന്‍ കല്യാണിനെയും പരോക്ഷമായി സൂചിപ്പിച്ചാണ് ഈ പ്രചാരണം.
അതേസമയം, ജഗന്‍ റെഡ്ഡിയുടെ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിക്ക് വേണ്ടി അല്ലു പ്രചാരണം നടത്തിയതില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന് അല്ലുവിനോട് അമര്‍ഷമുണ്ടെന്ന പ്രചാരണവും കൊഴുക്കുകയാണ്. പുഷ്പ റിലീസിന് ശേഷം അല്ലു ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തിലും രാഷ്ട്രീയം കണ്ടെത്തിയവരുണ്ട്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി അല്ലു ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പക്ഷേ, അല്ലുവുമായി അടുപ്പമുള്ളവര്‍ തള്ളിയിരുന്നു.












Click it and Unblock the Notifications