ഉത്തര്‍ പ്രദേശില്‍ മാത്രം 6 കേസുകള്‍; എല്ലാം റദ്ദാക്കണമെന്ന് സുബൈര്‍, സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളും റദ്ദാക്കണമെന്ന് സത്യാന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സുബൈര്‍ പ്രത്യേക ഹര്‍ജി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. സുബൈറിനെതിരായ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സംഘത്തെ പിരിച്ചുവിടണമെന്ന് സുബൈര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ലഖീംപൂര്‍ ഖേരി, ഹത്രാസ്, സിതാപൂര്‍ എന്നിവിടങ്ങളിലാണ് ഇതില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിന്ദുത്വ നേതാക്കള്‍ക്കെതിരായ ട്വീറ്റാണ് ഈ കേസുകള്‍ക്ക് കാരണമെന്നും സുബൈര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

സിതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുബൈറിന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇടക്കാല ആശ്വാസം നല്‍കയിരുന്നു. അദ്ദേഹത്തിനുള്ള ജാമ്യം നീട്ടി നല്‍കുകയാണ് ചെയ്തത്. മറ്റു കേസുള്ളതിനാല്‍ സുബൈറിന് ജയിലില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചിട്ടില്ല. ഡല്‍ഹിയിലും സുബൈറിനെതിരെ കേസുണ്ട്.
തീവ്ര ഹിന്ദുത്വ നേതാക്കളായ സ്വാമി യതി നരസിംഹാനന്ദ്, ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ മുഹമ്മദ് സുബൈര്‍ രംഗത്തുവന്നിരുന്നു. ഇവരെല്ലാം ശത്രുത പരത്തുന്നവരാണെന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്. ഇത് മതവികാരം വ്രണപ്പെടുത്തുന്ന ട്വീറ്റാണെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. മാന്യന്മാരായ വ്യക്തികളെ അവഹേളിക്കുകയാണ് സുബൈര്‍ ചെയ്തതെന്നും യുപി പോലീസ് പറയുന്നു.
സുബൈറിനെതിരെ സുദര്‍ശന്‍ ന്യൂസ് ചാനലിലെ ജീവനക്കാരന്‍ നല്‍കിയ പരാതിയാണ് ലഖീംപൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 27നാണ് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. നാല് വര്‍ഷം മുമ്പുള്ള ട്വീറ്റുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ബിജെപി നേതാവ് നുപുര്‍ ശര്‍മ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശം ചര്‍ച്ചയാക്കിയത് സുബൈര്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് നാല് വര്‍ഷം മുമ്പുള്ള ട്വീറ്റുമായി ബന്ധപ്പെട്ട് സുബൈറിനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications