ഒരു ട്വീറ്റിന് രണ്ട് കോടി? എന്നോട് ആരും അതേക്കുറിച്ച് ചോദിച്ചില്ല; മുഹമ്മദ് സുബൈറിന്റെ മറുപടി
ന്യൂഡൽഹി: താൻ ചെയ്തിരുന്ന ജോലി തുടർന്നു ചെയ്യുമെന്നും അതിന് സുപ്രീംകോടതി ഒരു തരത്തിലുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. മതവികാരം വ്രണപ്പെടുത്തുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തുവെന്ന കേസിൽ രണ്ട് ദിവസം മുമ്പാണ് മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ 27ന് ആയിരുന്നു സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു ട്വീറ്റിന് രണ്ട് കോടി പ്രതിഫലം എന്ന ആരോപണത്തെ കുറിച്ച് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിൽ മോചിതനായ ശേഷം മാത്രമാണ് ഇത്തരം ഒരു ആരോപണത്തെ കുറിച്ച് താൻ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി രൂപ പ്രതിഫലംവാങ്ങിച്ചാണ് ട്വീറ്റുകൾ എന്ന ആരോപണം ഉത്തർപ്രദേശ് സർക്കാരാണ് കോടതിയിൽ ഉന്നയിച്ചത്.

മുഹമ്മദ് സുബൈർ മാധ്യമപ്രവർത്തകൻ അല്ലെന്നും തെറ്റായ രീതിയിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയാണ് എന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ ട്വീറ്റ് ചെയ്ത് മതസ്പർധയുണ്ടാക്കുകയാണ് സുബൈറിന്റെ ജോലിയെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയായ ഗരിമ പ്രസാദ് കോടതിയിൽ വാദിച്ചിരുന്നു.
സുബൈറിനെതിരായ കേസുകൾ അന്വേഷിക്കുന്നതിന് ഉത്തർപ്രദേശ് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിട്ടിരുന്നു. സുബൈറിനെതിരായ ഉത്തർപ്രദേശിലെ ആറ് കേസുകൾ ഉൾപ്പെടെ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റുകയും ചെയ്തു. ഉത്തർപ്രദേശിലെ സീതാപുർ, ഡൽഹി എന്നിവിടങ്ങളിലെ സുബൈറിനെതിരായ കേസുകളിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്‌നേഹ...എവിടേക്കാ എന്ന് സുരഭി ലക്ഷ്മി
സമാനസ്വഭാവമുള്ള കേസുകളിൽ ദീർഘകാലം കസ്റ്റഡിയിൽ വെച്ചിരിക്കുന്നതിന്റെ സാങ്കേതികത്വവും ജാമ്യം അനുവദിച്ച വേളയിൽ കോടതി ചോദ്യംചെയ്തു. യുപിയിൽ ആറ് കേസുകളിൽ എഫ്‌ഐആർ ഇട്ടിട്ടുണ്ട്. ഇത് ഒറ്റ കേസായി എഫ്‌ഐആർ ഇട്ട ശേഷം ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ആയിരിക്കും കേസ് അന്വേഷിക്കുകയെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഇനി ട്വീറ്റുകൾ ചെയ്യരുതെന്ന നിർദേശം സുബൈറിന് നൽകണമെന്ന് യുപി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഗരിമ പ്രസാദ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഒരു അഭിഭാഷകനോട് പ്രാക്ടീസ് ചെയ്യരുതെന്ന് പറയുന്നതിന് തുല്യമായിരിക്കും സുബൈറിനോട് ട്വീറ്റ് ചെയ്യരുത് എന്ന് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഈ ആവശ്യം തള്ളിയത്.












Click it and Unblock the Notifications