ഗെലോട്ടിനെ മാറ്റുമെന്ന് അമരീന്ദര്‍, ബിജെപിക്ക് വേണ്ടി യുപിയിലും ഉത്തരാഖണ്ഡിലും പ്രചാരണത്തിനിറങ്ങും
ദില്ലി: കോണ്‍ഗ്രസ് ശക്തരായ മുഖ്യമന്ത്രിമാര്‍ ഏതൊക്കെ സംസ്ഥാനങ്ങളിലുണ്ടോ അവരെയൊക്കെ മാറ്റുകയാണെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍. രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള പരാമര്‍ശമാണിത്. ഹൈക്കമാന്‍ഡിന് വഴങ്ങാത്തവരെ മാറ്റുന്നുവെന്ന പരാമര്‍ശമാണ് അമരീന്ദര്‍ നടത്തുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി കൊണ്ടുവരുമെന്നും അമരീന്ദര്‍ പറഞ്ഞു. അതുപോലെ ബിജെപിക്ക് വേണ്ടി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും താന്‍ പ്രചാരണം നടത്തുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിനെതിരെ പോര് തുറന്നിരിക്കുകയാണ് ക്യാപ്റ്റന്‍.

അതേസമയം കോണ്‍ഗ്രസില്‍ അടുത്തത് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാന്‍ പോകുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ്. എന്തുകൊണ്ടെന്നാല്‍ കോണ്‍ഗ്രസിന് ശക്തരായ മുഖ്യമന്ത്രിമാരെ വെറുപ്പാണെന്നും ക്യാപ്റ്റന്‍ തുറന്നടിച്ചു. കാര്‍ഷിക നിയമം തന്റെ സംസ്ഥാനത്തിന് ഒട്ടും നല്ലതായിരുന്നില്ല. കര്‍ഷകര്‍ അതിനെ എതിര്‍ക്കുന്നുണ്ട്. ഭാവി തലമുറയിലും അതിന്റെ സ്വാധീനമുണ്ടാകുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. നിയമം പിന്‍വലിക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കി ഞാന്‍ പറഞ്ഞിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ചിരുന്നില്ല. ആ നിയമം പഞ്ചാബിന്റെ സമ്പദ് ഘടനയെ തന്നെ തകര്‍ക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.
താങ്ങുവില എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. ചെലവുകള്‍ക്ക് അനുസരിച്ച് വരുമാനം ലഭിക്കേണ്ടതുണ്ട്. ഉല്‍പ്പാദന ചെലവ് കൂടുമ്പോള്‍ അത് കര്‍ഷകനെയും ബാധിക്കും. താങ്ങുവില വാര്‍ഷിക പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കണമെന്നും ക്യാപ്റ്റന്‍ പറയുന്നു. കര്‍ഷകര്‍ തീര്‍ച്ചയായും വീടുകളിലേക്ക് മടങ്ങും. വൈകാതെ തന്നെ അവര്‍ പഞ്ചാബില്‍ തിരിച്ചെത്തും. പ്രധാനമന്ത്രി അക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുന്നില്ല. എന്നെ രാജ്യദ്രോഹി എന്നൊക്കെയാണ് വിളിക്കുന്നത്. അശോക് ഗെലോട്ടും ഭൂപേഷ് ബാഗലും പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഈ പ്രശ്‌നമൊന്നും കോണ്‍ഗ്രസിനില്ലേ എന്നും അമരീന്ദര്‍ ചോദിക്കുന്നു.
കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തീര്‍ച്ചയായും ഞാന്‍ ബിജെപിയെ കടന്നാക്രമിച്ചിരുന്നു. അതിലൊന്നും കാര്യമില്ല. ഇന്ന് ഞാന്‍ കോണ്‍ഗ്രസിനെയാണ് വിമര്‍ശിക്കുന്നത്. കാരണം അവരാണ് പ്രതിപക്ഷത്തുള്ളതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. പഞ്ചാബ് തിരഞ്ഞെടുപ്പിനെ കുറിച്ച് എനിക്ക് ഭയമൊന്നുമില്ല. ഞാന്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. ആരോടും എന്റെ കരുത്ത് തെളിയിക്കേണ്ട കാര്യം എനിക്കില്ല. പഞ്ചാബിലുള്ള ജനങ്ങള്‍ക്കെല്ലാം അവര്‍ക്ക് ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അറിയാം. സ്വന്തം കാര്യങ്ങള്‍ മാത്രം വിചാരിച്ച നടക്കുന്നയാളല്ല ഞാനെന്ന് അവര്‍ക്കറിയാമെന്നും അമരീന്ദര്‍ പറയുന്നു. എന്നെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് പഞ്ചാബികളല്ലാത്തവര്‍ പഞ്ചാബിന്റെ കാര്യം തീരുമാനിക്കുന്നതാണ്.
ഹരീഷ് ചൗധരി, കൃഷ്ണ അല്ലവാരു പോലുള്ള നേതാക്കളാണ് പഞ്ചാബിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പഞ്ചാബ് എങ്ങനെയാണ് ഭരിക്കാന്‍ കഴിയുക. പഞ്ചാബിന്റെ കാര്യങ്ങള്‍ പഞ്ചാബികളല്ലാത്ത ഇവരെങ്ങനെയാണ് തീരുമാനിക്കുക. ഞാന്‍ പറയുന്നത് കുറിച്ച് വെച്ചോളൂ, അടുത്ത മാറ്റം വരാന്‍ പോകുന്നത് രാജസ്ഥാനിലാണ്. അശോക് ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും. അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്. പിന്നില്‍ നിന്ന് കുത്തുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. അവര്‍ എന്നോട് ചെയ്തതും അത് തന്നെയാണെന്നും അമരീന്ദര്‍ തുറന്നടിച്ചു. അതേസമയം അകാലിദളുമായി സഖ്യമുണ്ടാക്കില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.
ഞാന്‍ അകാലിദളിനൊപ്പമുണ്ടാവും. പക്ഷേ അവര്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കില്ല. ബിജെപിക്ക് വേണ്ടിയും ഞാന്‍ പ്രവര്‍ത്തിക്കില്ല. അക്കാര്യം എനിക്കറിയാം. അകാലിദള്‍ വളരെ മോശമായി പെരുമാറിയിട്ടുണ്ട്. ബിജെപി ഒരിക്കലും അവരെ വിശ്വസിക്കില്ല. ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമോ എന്ന് പ്രഖ്യാപിക്കാന്‍ സാധിക്കുന്ന സമയമല്ല ഇത്. ഞങ്ങള്‍ മൂന്ന് പാര്‍ട്ടികളാണ്. ബിജെപി, എന്റെ പാര്‍ട്ടി, ഒപ്പം അകാലിദളിലെ വിവിധ വിഭാഗങ്ങള്‍ എന്നിവരായിരിക്കും സഖ്യത്തിലുണ്ടാവുക.ആ തീരുമാനം ഉടനുണ്ടാവും. കോണ്‍ഗ്രസിനെ വിമര്‍ശിക്കുക വളരെ എളുപ്പമുള്ള കാര്യമാണ്. പ്രധാനമന്ത്രി എനിക്ക് വേണ്ടി പ്രചാരണം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ബിജെപിക്ക് വേണ്ടി യുപിയിലെയും ഉത്തരാഖണ്ഡിലെയും സിഖ് മേഖലയില്‍ താന്‍ പ്രചാരണം നടത്തുമെന്നും അമരീന്ദര്‍ പറഞ്ഞു.












Click it and Unblock the Notifications