അമരീന്ദർ സിംഗ് ബിജെപിയിലേക്ക്; പാർട്ടിയെ ലയിപ്പിക്കും, പഞ്ചാബിൽ ബിജെപിയുടെ കരുനീക്കങ്ങൾ
ചണ്ഡീഗഡ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബി ജെ പിയില്‍ ലയിക്കും. സപ്റ്റംബർ 19 നാണ് പാർട്ടി ഔദ്യോഗികമായി ബി ജെ പിയിൽ പ്രവേശിക്കുന്നത്. അടുത്തിടെ ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് വെച്ച് അമരീന്ദർ സിംഗ് ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലയന പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.
മുൻ എം എൽ എമാർ അമരീന്ദറിന്റെ മകൻ രൺ ഇന്ദർ സിംഗ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിംഗ് എന്നിവരും ബി ജെ പിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിൽ നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് ചികിത്സയിൽ കഴിയുന്ന അമരീന്ദർ തിരിച്ചെത്തുന്നതോടെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള ലയനത്തെ ഏറെ പ്രതീക്ഷയോടെയാണ് ബി ജെ പി നോക്കി കാണുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു കോൺഗ്രസിലെ അധികാര തർക്കത്തെ തുടർന്ന് അമരീന്ദർ സിംഗ് പാർട്ടി വിട്ടത്. പിന്നാലെ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പാർട്ടി രൂപീകരിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഖ്യത്തിലായിരുന്നു അമരീന്ദറിന്റെ പാർട്ടി മത്സരിച്ചിരുന്നത്. എന്നാൽ സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. അതേസമയം വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കാപ്റ്റന്റെ സാന്നിധ്യം ഗുണകരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും ബി ജെ പിക്ക് നേട്ടമുണ്ടാക്കാൻ കഴിയാതിരുന്ന സംസ്ഥാനമാണ് പഞ്ചാബ്. 2024 ൽ ഇതിന് മാറ്റം ഉണ്ടാകുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ കാപ്റ്റൻറെ വരവ് ഏറെ നിർണായകമാകുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നു. കാപ്റ്റനൊപ്പം നിരവധി മുൻ മന്ത്രിമാരും എം എൽ എമാരും ബി ജെ പിയുടെ ഭാഗമാകുന്നതോടെ കോൺഗ്രസിന്റേയും ആം ആദ്മിയുടേയും പല കോട്ടകളിലും വലിയ അട്ടിമറി ഉണ്ടാക്കാൻ ആകുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.

അതിനിടെ ആം ആദ്മിയിൽ നിന്നുള്ള എം എൽ എമാർ ബി ജെ പി ക്യാമ്പിലെത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. ആം ആദ്മി എം എൽ എമാരെ ചാക്കിട്ട് സംസ്ഥാനത്ത് ഓപ്പറേഷൻ താമര നടപ്പാക്കാൻ ബി ജെ പി ശ്രമങ്ങൾ ആരംഭിച്ചതായുള്ള ആരോപണം ആം ആദ്മി ഉയർത്തിയിരുന്നു. 25 മുതൽ 40 കോടി വരെ എം എൽ എമാർക്ക് വാഗ്ദാനം ചെയ്തുവെന്നാണ് ആം ആദ്മി ആരോപിച്ചത്.

കുറഞ്ഞത് 35 എം എൽ എമാരെ പാർട്ടിയിൽ എത്തിച്ച് പഞ്ചാബിൽ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാനാണ് ബി ജെ പി ശ്രമം .ഭൂരിപക്ഷം തികയ്ക്കാൻ ചില കോൺഗ്രസ് എം എൽ എമാരേയും ബി ജെ പി സമീപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആം ആദ്മി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ആം ആദ്മിയുടെ ആരോപണങ്ങൾ ബി ജെ പി തള്ളി. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാക്കൾ ഇന്ന് ഗവർണറെ കണ്ടിട്ടുണ്ട്.












Click it and Unblock the Notifications