ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതേയുള്ളൂ; അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്ക്? ജഗനുമായി കൂടിക്കാഴ്ച്ച
വിശാഖപട്ടണം: സജീവ ക്രിക്കറ്റില്‍ നിന്നെല്ലാം വിരമിച്ച അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് സൂചന. ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം കിരീടം നേടിയാണ് അദ്ദേഹം ക്രിക്കറ്റ് മതിയാക്കിയത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ റായിഡു ഒരുങ്ങുന്നുവെന്നാണ് സൂചന.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയെ അദ്ദേഹം നേരിട്ട് കണ്ടിരിക്കുകയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിലാണ് അദ്ദേഹം ചേരാന്‍ പോകുന്നതെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ താഡേപള്ളിയിലുള്ള വസതിയിലെത്തിയാണ് റായിഡു ജഗനെ കണ്ടത്. ഇരുവരും എന്താണ് സംസാരിച്ചതെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ജഗനുമായി ദിവസങ്ങള്‍ക്കിടെ റായിഡു നടത്തുന്ന രണ്ടാം കൂടിക്കാഴ്ച്ചയാണിത്. ക്രിക്കറ്ററെന്ന നിലയില്‍ വലിയ സ്വാധീനം ജനങ്ങള്‍ക്കിടയില്‍ റായിഡുവിനുണ്ട്. സ്വന്തം സംസ്ഥാനത്ത് നിന്നുള്ള ടീമില്‍ കളിക്കാന്‍ സാധിച്ചില്ല എന്നത് മാത്രമാണ് റായിഡുവിനുള്ള നിരാശ. ഇന്ത്യന്‍ ക്രിക്കറ്റില്‍ അടക്കം ആന്ധ്രയെ പ്രതിനിധീകരിച്ചാണ് താരം കളിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റിന് അടക്കം വലിയ സംഭാവനകള്‍ നല്‍കിയത് കൊണ്ട് റായിഡുവിന് ധാരാളം ആരാധകരുണ്ട്. ഇതാണ് വലിയ നേട്ടമായി മാറുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് കരുതുന്നത്. പക്ഷേ പാര്‍ട്ടി പ്രവേശത്തിന് റായിഡു പൂര്‍ണമായും സമ്മതമറിയിച്ചോ എന്ന് വ്യക്തമല്ല.
തെലുങ്ക് മാധ്യമങ്ങള്‍ ഇവരുടെ കൂടിക്കാഴ്ച്ച രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ടുള്ളാണെന്ന് അവകാശപ്പെടുന്നു.ഐപിഎല്‍ ഫൈനലിന് മുമ്പായിരുന്നു റായിഡുവും ജഗനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച. ഇത് വെറും സാധാരണ സന്ദര്‍ശനമാണെന്നായിരുന്നു കരുതിയത്.
എന്നാല്‍ രണ്ടാം തവണയും കണ്ടതോടെ രാഷ്ട്രീയ പ്രവേശം തന്നെയാണ് റായിഡു ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജഗന്‍ ചില വാഗ്ദാനങ്ങള്‍ റായിഡുവിന് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതെന്താണെന്ന് വ്യക്തമല്ല.
അതേസമയം റായിഡുവിനെ വൈഎസ്ആര്‍ കോണ്‍ഗ്രസ് മാത്രമല്ല മറ്റ് പാര്‍ട്ടികളും ലക്ഷ്യമിടുന്നുണ്ട്. വെല്ലല്ലൂരിലെ പൊന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് റായിഡുവിന്റെ വളര്‍ച്ച. ഇത് ഗുണ്ടൂര്‍ ജില്ലയിലാണ്. ടിഡിപിയുടെ പ്രവര്‍ത്തകനായിരുന്നു റായിഡുവിന്റെ മുത്തച്ഛന്‍.
റായിഡുവിന്റെ സമുദായം തന്നെയാണ് ആന്ധ്ര രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുക. കാപ് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖനാണ് അദ്ദേഹം. ഗുണ്ടൂരില്‍ നിന്ന് റായിഡുവിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.
നേരത്തെ മോഡുഗുല വേണുഗോപാല്‍ റെഡ്ഡിയാണ് ഇവിടെ നിന്ന് നേരത്തെ മത്സരിച്ചത്. പക്ഷേ ഗല്ല ജയദേവിനോട് തോല്‍ക്കാനായിരുന്നു വിധി. റായിഡു മത്സരിക്കുന്നതിലൂടെ വിജയസാധ്യത വര്‍ധിക്കുമെന്ന് ഉറപ്പാണ്.
ടിഡിപിയും താരത്തിനായുള്ള ശ്രമത്തിലാണ്. എംഎല്‍എയോ, എംപിയോ ആക്കാനാണ് അവരുടെ ശ്രമവും. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വിജയ് സായ് റെഡ്ഡി, അമ്പാട്ടി രാംബാബു എന്നിവരാണ് അണിയറയില്‍ രഹസ്യ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസും, ബിആര്‍എസ്സും അദ്ദേഹത്തിനായി രംഗത്തുണ്ട്.












Click it and Unblock the Notifications