കോണ്‍ഗ്രസിന്റെ പാപങ്ങള്‍ ഇതാ, അക്കമിട്ട് നിരത്തി നരേന്ദ്ര മോദി, അംബേദ്കര്‍ വിവാദം കത്തുന്നു
ഡല്‍ഹി: അംബേദ്കര്‍ വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളായി അംബേദ്കറിനെ അവഹേളിക്കുന്ന ദ്രവിച്ച സംവിധാനമാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടനാ ശില്‍പിയായ അംബേദ്കറിനെ അപമാനിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
അമിത് ഷാ രാജി വെയ്ക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ അംബേദ്കറിന്റെ പാരമ്പത്തെ താറടിക്കാനുളള എല്ലാ വൃത്തികെട്ട തന്ത്രങ്ങളും വര്‍ഷങ്ങളായി പയറ്റുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി ആണെന്നും കോണ്‍ഗ്രസ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെ അവഹേളിക്കുന്ന പാര്‍ട്ടിയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.

വര്‍ഷങ്ങളായി ഡോ. അംബേദ്കര്‍ക്ക് എതിരെ കോണ്‍ഗ്രസും അവരുടെ ചീഞ്ഞളിഞ്ഞ സംവിധാനങ്ങളും നടത്തുന്ന ദുര്‍പ്രവര്‍ത്തികളും അവഹേളനങ്ങളും മറച്ച് വെക്കാനാകും എന്നാണ് കരുതുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റി. കോണ്‍ഗ്രസ് അംബേദ്കറിന് ഭാരതരത്‌ന നിഷേധിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് അദ്ദേഹത്തെ രണ്ട് തവണ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയുമുണ്ടായി, മോദി കുറിച്ചു.
പണ്ഡിറ്റ് നെഹ്‌റു തിരഞ്ഞെടുപ്പില്‍ അംബേദ്കറിന് എതിരെ പ്രചാരണം നടത്തി. അദ്ദേഹത്തിന് അംബേദ്കറിനെ തോല്‍പ്പിക്കുക എന്നത് അഭിമാന പ്രശ്‌നം ആയിരുന്നു. അദ്ദേഹത്തിന് ഭാരത രത്‌ന കൊടുത്തില്ല. മാത്രമല്ല അദ്ദേഹത്തിന്റെ ചിത്രത്തിന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഒരിടം കൊടുക്കാനും അവര്‍ തയ്യാറായില്ല, പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യസഭയില്‍ സംസാരിക്കവേയാണ് കഴിഞ്ഞ ദിവസം അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കര്‍ അംബേദ്കര്‍ എന്ന് പറയുന്നത് ഇപ്പോഴൊരു ഫാഷനായി മാറിയിരിക്കുകയാണ്. അത്രയും തവണ ദൈവനാമം പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഒരിടം ലഭിച്ചേനേ എന്നാണ് അമിത് ഷാ പറഞ്ഞത്.
മനുസ്മൃതി പിന്തുടരുന്ന ആളുകള്‍ക്ക് അംബേദ്കര്‍ ഒരു ബുദ്ധിമുട്ടായിരിക്കും എന്നാണ് അമിത് ഷായുടെ വാക്കുകളോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അംബേദ്കറോടുളള അമിത് ഷായുടെ അവഹേളനം തെളിയിക്കുന്നത് ബിജെപിയും ആര്‍എസ്എസും ത്രിവര്‍ണ പതാകയ്ക്കും അശോക ചക്രത്തിനും എതിരാണെന്നാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.












Click it and Unblock the Notifications