'അഖിലേഷ് ജി രാമക്ഷേത്ര നിർമ്മാണം തടയാമെന്ന് കരുതേണ്ട';ബിജെപിക്ക് 300 സീറ്റുകൾ ലഭിക്കുമെന്നും അമിത് ഷാ
ലഖ്നൗ; ഉത്തർപ്രദേശിൽ ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലാണ് പാർട്ടികൾ. എന്തുവിലകൊടുത്തും ബി ജെ പിയെ വീഴ്ത്തുമെന്ന് പ്രതിപക്ഷ കക്ഷികൾ അവകാശപ്പെടുമ്പോൾ ഭരണം നിലനിർത്താനുള്ള തീവ്ര ശ്രമങ്ങൾ ബി ജെ പിയും നടത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയും കർഷക പ്രശ്നവുമെല്ലാം സംസ്ഥാനത്ത് ബി ജെ പിക്ക് വലിയ ആശങ്കകളാണ്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ 300 ഓളം സീറ്റുകൾ നേടി ബി ജെ പി അധികാരം നിലനിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ.

2014 ലെയും 2019 ലെയും പൊതുതെരഞ്ഞെടുപ്പുകളിലും 2017ൽ നടന്ന യു പി നിയമസഭാ തെരഞ്ഞെടുപ്പിലും തുടർച്ചയായി വിജയിച്ച ബി ജെ പിയുടെ തൊപ്പിയിലെ മറ്റൊരു തൂവലായിരിക്കും 2022 ലെ ഉത്തർപ്രദേശ് നിയനസഭ തിരഞ്ഞെടുപ്പ് വിജയമെന്ന് അമിത് ഷാ പറഞ്ഞു. യു പിയിലെ കസ്ഗഞ്ചിൽ ജൻ വിശ്വാസ് യാത്ര റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. പ്രസംഗത്തിൽ ബി എസ് പിയേയും എസ് പിയേയും അമിത് ഷാ കടന്നാക്രമിച്ചു.

'ബുവാ-ബാബുവ'യുടെ (മായാവതിയും അഖ്‌ലേഷ് യാദവും) മുൻകാല ഭരണങ്ങൾ ജാതി അടിസ്ഥാനമാക്കിയുള്ളതും കുടുംബാധിഷ്ഠിതവുമായ രാഷ്ട്രീയത്തിന്റേതുമായിരുന്നു. 2017ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് സംസ്ഥാനത്ത് കടുത്ത നിയമലംഘനങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ ബി ജെ പി അധികാരത്തിലെത്തിയതോടെ കുറ്റവാളികൾ കൂട്ടത്തോടെ പലായനം ചെയ്തു. പെൺമക്കളെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയക്കാൻ നേരത്തെ ആളുകൾ ഭയപ്പെട്ടിരുന്നു. നാലര വർഷത്തിനുള്ളിൽ, ആദിത്യനാഥിന്റെ നേതൃത്വത്തിൽ, എല്ലാ ഗുണ്ടകളും യുപിയിൽ നിന്ന് പലായനം ചെയ്തു, ഷാ പറഞ്ഞു.

സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിൽ വരുമെന്നും രാമജന്മഭൂമിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ തടയുമെന്നും പകൽ സ്വപ്നം കാണുകയാണ്. അഖിലേഷ് ജി, ഒരു കാര്യം പറയാം, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ആർക്കും തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. കർഷകർക്ക് വേണ്ടി യോഗി സർക്കാർ നിരവധി പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്ന് ബി ജെ പി അവകാശപ്പെട്ടു.

86 ലക്ഷം കർഷകരുടെ 36,000 കോടി രൂപയുടെ വായ്പയാണ് യോഗി സർക്കാർ എഴുതിത്തള്ളിയത്.അഞ്ച് വർഷം കൊണ്ട് ഞങ്ങൾ അഞ്ച് എക്‌സ്പ്രസ് വേകൾ നിർമ്മിച്ചു. 70 വർഷത്തിനിടെ 12 മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങൾ 30 മെഡിക്കൽ കോളേജുകൾ നിർമ്മിച്ചു. നേരത്തെ 1,900 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 3,800 ആയി, യോഗി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് കൊണ്ട് ഷാ പ്രസംഗിച്ചു.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി വിജയിച്ചിരുന്നത്. എന്നാൽ ഇക്കുറി സീറ്റുകിൽ വലിയ ഇടിവുണ്ടാകുമെന്ന് ബി ജെ പിയും കണക്ക് കൂട്ടുന്നുണ്ടെന്നതാണ് അമിത് ഷായുടെ പ്രസംഗത്തിലൂടെ വ്യക്തമാകുന്നത്. പുറത്തുവന്ന അഭിപ്രായ സർവ്വേകളിലും ബി ജെ പി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും 250 നും 300 നും ഇടയിൽ സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്.