കശ്മീരില്‍ രണ്ടാംദൗത്യത്തിന് അമിത് ഷാ; 15ന് ശ്രീനഗറിലെത്തും, വന്‍ മുന്നൊരുക്കങ്ങളുമായി പോലീസ്
ദില്ലി: വന്‍ പ്രക്ഷോഭങ്ങള്‍ക്കും രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും കാരണമാകുമെന്ന് കരുതിയ കശ്മീരിലെ ഇടപെടല്‍ വളരെ തിടുക്കത്തില്‍ പ്രതിബന്ധങ്ങളില്ലാതെ നടപ്പാക്കിയത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ തന്ത്രമായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുവെന്ന് മാത്രമല്ല കശ്മീരിന്റെ സംസ്ഥാന പദവിയും ഒഴിവാക്കി. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി. കശ്മീരും ലഡാക്കും. ബിജെപിയുടെ വന്‍ വിജയമായി ആഘോഷിക്കപ്പെടുന്ന കശ്മീര്‍ ഇടപെടലിന്റെ രണ്ടാം ഭാഗത്തിന് അമിത് ഷാ ഒരുങ്ങുന്നുവെന്നാണ് പുതിയ വിവരം.
കശ്മീരില്‍ എല്ലായിടത്തും സ്വാതന്ത്ര്യദിനാഘോഷം ഇത്തവണ സംഘടിപ്പിക്കുക എന്നതാണ് അമിത് ഷായുടെ പുതിയ ലക്ഷ്യം. ഇതിന് വേണ്ടി അദ്ദേഹം 15ന് ശ്രീനഗറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ മാത്രമല്ല, ലഡാക്കും അമിത് ഷാ സന്ദര്‍ശിക്കും. ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് വിവരം. ഒരുപക്ഷേ, അമിത് ഷാ ആകും പതാക ഉയര്‍ത്തുക. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ.....

ബലിപെരുന്നാള്‍ സമാധാനപരം
ബലി പെരുന്നാളിന് കശ്മീരില്‍ വ്യാപക പ്രക്ഷോഭം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. നേരിയ പ്രതിഷേധം മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കശ്മീരില്‍ ഉടനീളം സ്വാതന്ത്ര്യദിനാഘോഷം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. താഴ്‌വരയില്‍ വിപുലമായ ആഘോഷം നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.

കൂടുതല്‍ ഇളവുകള്‍ നല്‍കും
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പരിശീലനങ്ങള്‍ നടന്നുവരികയാണെന്ന് കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. ജമ്മുവിലും കശ്മീരിലും ലഡാക്കിലും ഇത്തവണ വിപുലമായ ആഘോഷം നടക്കും. ബലി പെരുന്നാളിന് കുഴപ്പങ്ങളൊന്നുമില്ലാത്തതിനാല്‍ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാധാനം പുലരും
പെരുന്നാളിന് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ആഘോഷത്തിരക്ക് അനുഭവപ്പെട്ടില്ല. വന്‍തോതില്‍ ജനങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ഥനകള്‍ക്ക് നേരിയ നിയന്ത്രണം നിലനിര്‍ത്തിയിരുന്നു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണിത്. പള്ളികളില്‍ എത്തുന്നതിന് വിശ്വാസികളെ സൈനികര്‍ സഹായിക്കുകയും ചെയ്തു. കശ്മീരില്‍ പൂര്‍ണമായും സമാധാനം പുലരുമെന്നു തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

അമിത് ഷാ 15ന് എത്തും
ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെത്തുന്നത്. ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തിയേക്കും. 15നാണ് അമിത് ഷാ ശ്രീനഗറില്‍ എത്തുക എന്നാണ് വിവരം. ലഡാക്കില്‍ 16, 17 തിയ്യതികളില്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ശ്രീനഗറിലെ വന്‍ തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് ലാല്‍ ചൗക്ക്. അമിത് ഷാ ഇവിടെ പതാക ഉയര്‍ത്തിയാല്‍ മോദി സര്‍ക്കാരിന്റെ മറ്റൊരു ചരിത്ര നീക്കമാകും.

ഡോവല്‍ കശ്മീരില്‍ തന്നെ
കശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലുണ്ട്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസ് നേതാവായിരിക്കെ നരേന്ദ്ര മോദി ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തരുതെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

1992ല്‍ മോദി പതാക ഉയര്‍ത്തി
1992 ജനുവരി 26ന് മോദി ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തിയിരുന്നു. അന്ന് ആര്‍എസ്എസ് പ്രചാരകനായിരുന്നു മോദി. കൂടെ ബിജെപി ദേശീയ അധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷിയുമുണ്ടായിരുന്നു. 1948ല്‍ പ്രഥമ പ്രധാനമന്ത്രി നെഹ്രു ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തിയിട്ടുണ്ട്. പിന്നീട് പ്രമുഖര്‍ പങ്കെടുത്ത ചടങ്ങുകള്‍ നടന്നിട്ടില്ല. കശ്മീരികളെ പ്രകോപിപ്പിക്കുന്ന നീക്കത്തില്‍ നിന്ന് അമിത് ഷാ പിന്‍മാറണമെന്ന് എന്‍സിപി നേതാവ് മജീദ് മേമന്‍ ആവശ്യപ്പെട്ടു.

അവകാശങ്ങള്‍ മാനിക്കണം
കശ്മീരികളുടെ അവകാശങ്ങള്‍ മാനിക്കണം. അമിത് ഷാ എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നത്. നിലവിലുള്ള സമാധാന അന്തരീക്ഷം നശിപ്പിക്കരുത്. പ്രകോപന പ്രവര്‍ത്തനങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വിട്ടുനില്‍ക്കണം- മജീദ് മേമന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കശ്മീരില്‍ മൊത്തമായി ആഘോഷം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ശശി തരൂരിന് അറസ്റ്റ് വാറണ്ട്; 'ഹിന്ദുപാകിസ്താന്‍' വീണ്ടും ചര്‍ച്ചയാകുന്നു, തരൂരിന്റെ വിവാദ പരാമര്‍ശം