സർക്കാർ ഗുസ്തി താരങ്ങൾക്കൊപ്പമെന്ന് അനുരാഗ് താക്കൂർ; സമരത്തിനുള്ള രാഷ്ട്രീയ പാർട്ടി പിന്തുണയ്ക്ക് വിമർശനം
ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിൽ പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. പോലീസ് അന്വേഷണം പൂർത്തിയാക്കുന്നത് വരെ ക്ഷമിക്കാൻ കായിക താരങ്ങൾ തയ്യാറാകണമെന്നും സർക്കാർ താരങ്ങൾക്കൊപ്പമാണെന്നും താക്കൂർ പറഞ്ഞു. സമരത്തിന് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പിന്തുണയേയും മന്ത്രി വിമർശിച്ചു.
'സമരം രാഷ്ട്രീയ വേദിയാകില്ലെന്നാണ് ഗുസ്തി താരങ്ങൾ പറഞ്ഞത്. ഒരു പാർട്ടിയുടേയും പിന്തുണ വേണ്ടെന്നും പറഞ്ഞു. എന്നാൽ രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂനിയനുകളും ദിവസവുമെന്നോണം സമരത്തിന് പിന്തുണ അർപ്പിച്ച് എത്തുകയാണ്', അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.

'കായിക താരങ്ങളോട് പറയാനുള്ളത് ഡൽഹി പോലീസിന്റെ അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്ത് നിൽക്കൂവെന്നാണ്. സുപ്രീം കോടതിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നത് വരെ സ്പോർട്സിനേയോ കായിക താരങ്ങൾക്കോ ദോഷം വരുന്ന രീതിയിലുള്ള നടപടികളിലേക്ക് സമരക്കാർ കടക്കാതിരിക്കുന്നതാകും നല്ലത്. സർക്കാർ കായിക താരങ്ങൾക്കൊപ്പമാണ്. അവരുടെ വളർച്ചയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ രാജ്യത്തെ കായിക മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. അത് ബജറ്റിൽ മാത്രമല്ല, നേട്ടങ്ങളുടെ കാര്യത്തിലും', അനുരാഗ് താക്കൂർ പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയിൽ ബി ജെ പി എംപിയും മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ഗുസ്തി താരങ്ങൾ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഉൾപ്പെടെ ഗംഗയിൽ ഒഴുക്കാൻ താരങ്ങൾ തയ്യാറായിരുന്നു. എന്നാൽ കർഷ സംഘടന നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നാലെ അഞ്ച് ദിവസത്തെ സമയം കൂടി സർക്കാരിന് അനുവദിച്ചിരിക്കുകയാണെന്നും ബ്രിജ് ഭൂഷണെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. നടപടിയെടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു.
അതേസമയം താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ബ്രിജ് ഭൂഷൺ. തനിക്കെതിരേ ഒരു കുറ്റമെങ്കിലും തെളിഞ്ഞാൽ ആത്മഹത്യ ചെയ്യാൻ തയ്യാറാണെന്നും ഇയാൾ പറഞ്ഞു. ഗംഗയിൽ മെഡലുകൾ ഒഴുക്കാനുള്ള കായിക താരങ്ങളുടെ നടപടിയേയും ബ്രിജ് ഭൂഷൺ പരിഹസിച്ചിരുന്നു. മെഡലുകൾ ഒഴുക്കാൻ പോയവർ അത് കർഷക നേതാവ് രാകേഷ് ടികായത്തിന് നൽകുകയാണ് താരങ്ങൾ ചെയ്തതെന്നായിരുന്നു പരിഹാസം.












Click it and Unblock the Notifications