മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്‌റ്റ് വാറന്റ്; നടപടി പിഎഫ് തട്ടിപ്പ് കേസിൽ
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്‌റ്റ് വാറന്റ്. പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസിലാണ് നടപടി. റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള വസ്ത്ര വ്യാപാര സ്ഥാപനമായ സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഡിസംബർ 27ന് മുന്നോടിയായി 24 ലക്ഷത്തോളം രൂപ അടച്ചു തീർത്തില്ലെങ്കിൽ ഉത്തപ്പ അറസ്‌റ്റ് നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏകദേശം 23,36,602 രൂപ നഷ്ടപരിഹാരം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും ഇത് ഉത്തപ്പയിൽ നിന്ന് തിരിച്ചുപിടിക്കണമെന്നും ഡിസംബർ 4ന് പുറപ്പെടുവിച്ച അറസ്‌റ്റ് വാറണ്ടിൽ റീജിയണൽ പിഎഫ് കമ്മീഷണർ സദാക്ഷരി ഗോപാൽ റെഡ്ഡി അറിയിച്ചിരുന്നു.

റോബിൻ ഉത്തപ്പയുടെ കമ്പനി തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രൊവിഡന്റ് ഫണ്ട് വെട്ടികുറച്ചെങ്കിലും പകരം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഈ ഫണ്ട് നിക്ഷേപിച്ചില്ലെന്നാണ് ആരോപണം. കൃത്യമായി കുടിശ്ശിക അടയ്ക്കാത്തതിനാൽ, പാവപ്പെട്ട തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ തീർപ്പാക്കാൻ ഓഫീസിന് സാധിക്കുന്നില്ലെന്ന് വാറണ്ടിൽ പറയുന്നു.
അതേസമയം, ഉത്തപ്പയും കുടുംബവും നിലവിൽ ദുബായിലാണ് കഴിയുന്നതെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട താരത്തിന്റെ പ്രതികരണങ്ങൾ ഒന്നും ഇതുവരെയും ലഭ്യമായിട്ടില്ല. വാറന്റിന്റെ കാലാവധി തീരാൻ 6 ദിവസം മാത്രം ശേഷിക്കെ താരം പണം തിരികെ നൽകി തടിയൂരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്ത്യക്ക് വേണ്ടി 59 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് റോബിൻ ഉത്തപ്പ. അതിൽ 46 ഏകദിനങ്ങളും 13 ടി20കളും ഉൾപ്പെടുന്നുണ്ട്. പല നിർണായക മത്സരങ്ങളിലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ഉത്തപ്പയെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പെട്ടെന്ന് മറക്കാൻ കഴിയില്ല. ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ഉത്തപ്പ. ഇരുന്നൂറിലധികം ഐപിഎൽ മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.
മലയാളി വേരുകളുള്ള താരം കൂടിയാണ് റോബിൻ ഉത്തപ്പ. അദ്ദേഹത്തിന്റെ മാതാവ് മലയാളിയാണ്. അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കം മുതൽ മലയാളികൾ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന താരമാണ് റോബിൻ. അടുത്ത കാലത്തായി രഞ്ജി ട്രോഫിയിൽ കേരളം ടീമിന് വേണ്ടിയും റോബിൻ ഉത്തപ്പ കളത്തിൽ ഇറങ്ങിയിരുന്നു.












Click it and Unblock the Notifications