ശ്രദ്ധ ബജറ്റില്‍ മാത്രം, ജെയ്റ്റ്‌ലി സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കില്ല
ദേവഗൗഡയ്ക്ക് ശേഷം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോഡി
ദില്ലി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ ഇതിന്റെ നടപടി ക്രമങ്ങളൊക്കെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ തന്നെ തയ്യാറാക്കി കഴിഞ്ഞു. പക്ഷേ എന്നിട്ടും സമാധാനമായിരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
വിദേശരാജ്യങ്ങളില്‍ ബജറ്റിന് മുന്‍പ് അദ്ദേഹം പങ്കെടുക്കേണ്ട പല യോഗങ്ങളും ഉച്ചകോടിയും നടക്കുന്നുണ്ട്. എന്നാല്‍ അതിനോടെല്ലാം നോ പറഞ്ഞിരിക്കുകയാണ് ജെയ്റ്റ്‌ലി. ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിന്റെ സാമ്പത്തിക ഉച്ചക്കോടിയാണ് ജെയ്റ്റ്‌ലി ഒഴിവാക്കിയ പ്രധാന ചടങ്ങ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരുപാട് ജനപ്രിയ പദ്ധതികള്‍ അദ്ദേഹം ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് സൂചന.

ചടങ്ങുകള്‍ക്കില്ലെന്ന് ജെയ്റ്റ്‌ലി
ബജറ്റ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനാല്‍ വിദേശത്ത് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് ജെയ്റ്റ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയില്‍ നിന്ന് അദ്ദേഹം പിന്‍മാറിയത്.
ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കും. ആറു കേന്ദ്രമന്ത്രിമാരും ചടങ്ങിനുണ്ടാവും. ദേവഗൗഡയ്ക്ക് ശേഷം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോഡി. ലോകത്ത് ഇന്ത്യയുടെ പ്രാധാന്യമെന്ത് എന്ന സുപ്രധാന സെഷനില്‍ മോഡി പങ്കെടുക്കും. ജനുവരി 23ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളുടെയും സമ്പൂര്‍ണ സെഷനില്‍ മോഡി സംസാരിക്കും.

കാര്‍ഷിക മേഖലയെ പരിഗണിക്കും
ബജറ്റില്‍ കൃഷിക്ക് പ്രാധാന്യം നല്‍കുമെന്നാണ് ധനമന്ത്രാലയം നല്‍കുന്ന സൂചന. അടുത്തിടെ ധനമന്ത്രാലയം നടത്തിയ അനൗദ്യോഗിക സര്‍വേയില്‍ 38 പേര്‍ കൃഷിക്കും കര്‍ഷകര്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ വളര്‍ച്ച കുറഞ്ഞത് കാര്‍ഷിക മേഖലയില്‍ വേണ്ടത്ര വളര്‍ച്ച ഇല്ലാത്തതിനാലാണ്. കാര്‍ഷിക വളര്‍ച്ചാ നിരക്ക് 2.1 ശതമാനത്തില്‍ നിന്ന് 4.9 ആയിട്ടാണ് കുറഞ്ഞത്.
കാര്‍ഷിക വായ്പ എഴുതി തള്ളാനുള്ള ആവശ്യവും കാര്‍ഷിക ഉല്‍പന്നങ്ങളുടെ അടിസ്ഥാന വിലവര്‍ധനവും ധനമന്ത്രാലയം ബജറ്റില്‍ പരാമര്‍ശിക്കുമെന്നാണ് പ്രതീക്ഷ. ഫാം കോഴ്‌സുകള്‍, കാര്‍ഷിക ഗവേഷണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം എന്നിവ ബജറ്റില്‍ ഉള്‍പ്പെടുത്തും.

തൊഴില്‍ മേഖലയെ കരുത്തുറ്റതാക്കും
രാജ്യത്തെ തൊഴില്‍ മേഖലയെ സുരക്ഷിത സ്ഥലത്തേക്ക് മുന്നേറാന്‍ സഹായിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിക്കുക. ഇതില്‍ ഉയര്‍ന്ന ശമ്പളമുള്ളവരേക്കാള്‍ കുറഞ്ഞ വേതനമുള്ളവരെയാണ് പരിഗണിക്കുക. മിനിമം ശമ്പളം 15000 ഇടയില്‍ വരുന്നവരില്‍ നിന്ന് ഈടാക്കുന്ന തുകയില്‍ കുറവ് വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ പേര്‍ സ്വകാര്യ മേഖലയിലേക്ക് ആകൃഷ്ടരാവുമെന്നും ഇത് ജോലി സ്ഥലങ്ങളിലെ ആളുകളുടെ കുറവ് പരിഹരിക്കുന്നതിന് സഹായിക്കുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
നീതി ആയോഗും പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയം ചേര്‍ന്നുള്ള നെപുണിക വികസന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കും. ഇത്തരത്തില്‍ ലഭിക്കുന്നവര്‍ക്കായി പ്രത്യേക പരിശീലന പദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

സാധാരണക്കാര്‍ക്കായുള്ള ബജറ്റ്
സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റായിരിക്കും ധനമന്ത്രി പ്രഖ്യാപിക്കുകയെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ഭവന പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിന് അടയ്ക്കുന്ന പണത്തിന് നികുതി നല്‍കേണ്ട സമ്പ്രദാം അവസാനിപ്പിച്ചേക്കാനും സാധ്യതയുണ്ട്. തൊഴില്‍രഹിത വേതനം 5000 രൂപയായി ഉയര്‍ത്തും. നികുതി അടയ്ക്കുന്ന രീതി ലളിതമാക്കാനും വികലാംഗര്‍ക്ക് ആദായ നികുതിയിലെ ഇളവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

പെണ്‍കുട്ടികളുടെ സുരക്ഷ
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിന് ബജറ്റിന്റെ നല്ലൊരു ഭാഗം നീക്കി വെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷയാണ് അതിലൊന്ന്. മുന്‍ ബജറ്റില്‍ വനിതകളുടെ സുരക്ഷയ്ക്കായി നിര്‍ഭയ ഫണ്ടുകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിക്രമങ്ങള്‍ കുറഞ്ഞിരുന്നില്ല. ഫണ്ടുകള്‍ വേണ്ട രീതിയില്‍ ഉദ്യോഗസ്ഥര്‍ ചെലവഴിക്കുന്നില്ലെന്ന് സര്‍ക്കാരിന് പരാതിയുണ്ട്. ഇതോടൊപ്പം സാനിറ്ററി നാപ്കിന്റെ 12 ശതമാനം ജിഎസ്ടി യും സര്‍ക്കാര്‍ കുറച്ചേക്കും.












Click it and Unblock the Notifications