അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് മോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരം: എംഎ ബേബി
തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി പി എം പിബി അംഗം എംഎ ബേബി. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷനേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്നത് വ്യക്തമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷനേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച വേളയിൽ ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ ഇങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടാക്കി തടങ്കലിൽ വയ്ക്കുന്നത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്നത് വ്യക്തമാണ്. മോദി ഭരണത്തിൽ ജനാധിപത്യം പുലരില്ല എന്നത് കൂടുതൽ വ്യക്തമാവുകയാണ്. ലോക്സഭയുടെ അവസാനസമ്മേളനക്കാലത്ത് 140ലേറെ പാർലമെന്റ് അംഗങ്ങളെ ഓരോ തൊടുന്യായങ്ങൾ പറഞ്ഞു പുറത്താക്കിയിട്ടാണ് പല പ്രധാന ബില്ലുകളും പാസാക്കിയത്.
ഹിറ്റ്‌ലർ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും നിയമം ആയിരിക്കും എന്ന ഒരു ചട്ടം ഹിറ്റ്ലർ പാസാക്കിയിരുന്നു. ജർമ്മൻ പാർലമെന്റിലെ കമ്യൂണിസ്റ്റുകാരെയും സോഷ്യലിസ്റ്റുകളെയും നേരിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. ഇതേ രീതിയാണ് മോദിയും പിന്തുടരുന്നത്.
ഏതാനും മാസം മുമ്പാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡെൽഹിയിലെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. അദ്ദേഹം ഇപ്പോഴും തടങ്കലിലാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ, കെജ്രിവാളിനെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് കോൺഗ്രസ് ചോദിച്ചത്.
ജനാധിപത്യം ധ്വംസനത്തിനെതിരെ തത്വാധിഷ്ഠിതമായ ഒരു നിലപാട് കോൺഗ്രസ് എടുക്കുന്നില്ല എന്നത് ഇത്തരുണത്തിൽ പറയാതിരിക്കാൻ ആവില്ല. രാജ്യത്തെ ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്ന ഈ വേളയിൽ എല്ലാ ജനാധിപത്യവാദികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.












Click it and Unblock the Notifications