മോദിക്ക് മറുപടി പുതിയ രൂപത്തില്‍; കെജ്രിവാളിന്റെ ഗംഭീര പ്രഖ്യാപനം, ഗുജറാത്തില്‍ ഇനി പോര് ഇങ്ങനെ
ദില്ലി: സൗജന്യങ്ങളുടെ രാഷ്ട്രീയത്തെ സൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇത്തരക്കാര്‍ രാഷ്ട്രത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇത് ആംആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ മോദിക്ക് സ്വന്തം നാട്ടില്‍ നിന്ന് തന്നെ മറുപടി നല്‍കിയിരിക്കുകയാണ് എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തിനായി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയാണ് കെജ്രിവാള്‍ മോദിയെ ഞെട്ടിച്ചത്. ഇതോടെ പോരാട്ടം എഎപിയും ബിജെപിയും തമ്മിലായിരിക്കുകയാണ്.

300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് ഗുജറാത്തില്‍ കെജ്രിവാളിന്റെ പ്രഖ്യാപനം. അതായത് മോദിയുടെ സൗജന്യ രാഷ്ട്രീയ വിമര്‍ശനത്തിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ് കെജ്രിവാള്‍. തടസ്സങ്ങളില്ലാതെ വൈദ്യുതി എത്തിക്കുമെന്നാണ് കെജ്രിവാളിന്റെ അവകാശവാദം. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ് ഗുജറാത്തില്‍. അതുകൊണ്ട് തന്നെ പ്രഖ്യാപനം വളരെ പ്രാധാന്യമുള്ളതാണ്.
വൈദ്യുതി ബില്ലുകള്‍ ബാക്കി കിടക്കുന്നുണ്ടെങ്കില്‍ അതെല്ലാം എഴുതി തള്ളുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു. 2021 ഡിസംബര്‍ 31 വരെയുള്ള വൈദ്യുത ബില്ലുകള്‍ എഴുതി തള്ളുമെന്നാണ് പ്രഖ്യാപനം. ഗുജറാത്തിലേക്ക് ഇനിയും വരുമെന്ന് കെജ്രിവാള്‍ പറയുന്നു. കര്‍ഷകരുടെ വൈദ്യുത ബില്ലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും എഎപി പ്രഖ്യാപനം നടത്തുമെന്ന് കെജ്രിവാള്‍ പറഞ്ഞു. വന്‍ ജനാവലി തന്നെ ഓഡിറ്റോറിയത്തില്‍ കെജ്രിവാളിന്റെ പ്രസംഗം കേള്‍ക്കാനായി എത്തിയിരുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി എഎപിക്കെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ആളുകള്‍ വോട്ട് തട്ടുകയാണെന്ന് എഎപിയെ സൂചിപ്പിച്ച് മോദി വിമര്‍ശിച്ചിരുന്നു. ചിലര്‍ മധുരവുമായി വരും. ആ പഞ്ചാര നുണഞ്ഞ് നിങ്ങളില്‍ നിന്ന് വോട്ട് നേടുകയാണ് അവരുടെ ലക്ഷ്യം. യുവാക്കള്‍ കരുതിയിരിക്കണം. ഇവരുടെ രാഷ്ട്രീയം രാജ്യത്തിന്റെ വികസനത്തിനും സുസ്ഥിരതയ്ക്കും അപകടകരമാണെന്നും മോദി തുറന്നടിച്ചു.
മധുരം നല്‍കുക എന്നത് ക്ഷേത്രത്തിലെ പ്രസാദം പോലെയാണ്. ഞങ്ങള്‍ അത് നല്ല സ്‌കൂളുകള്‍, ആശുപത്രികള്‍, സൗജന്യ വൈദ്യുതി എന്നിവയുടെ രൂപത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മന്ത്രിമാരുടെയും അവരുടെ സുഹൃത്തുക്കളുടെയും വൈദ്യുതി ബില്ലുകള്‍ എഴുതി തള്ളുന്നുണ്ട്. ഞങ്ങള്‍ക്ക് അത് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ആഗ്രഹമുണ്ട്. അത് ഏറ്റവും ആവശ്യമായ കാര്യമാണ്.
ബംഗാളില്‍ 200 യൂണിറ്റ് വൈദ്യുതി അമിത് ഷാ സൗജന്യമായി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു. ഹിമാചല്‍ പ്രദേശിലും ബിജെപി അത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിന് മാത്രം അതില്ല. എന്ത് വന്നാല്‍ ബിജെപിക്ക് മാത്രമേ ജനങ്ങള്‍ വോട്ട് ചെയ്യൂ എന്നാണ് അവര്‍ കരുതുന്നതെന്നും കെജ്രിവാള്‍ തുറന്നടിച്ചു.












Click it and Unblock the Notifications