മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ച ബിജെപി നേതാവിനേയും ഫേസ്ബുക്ക് സംരക്ഷിച്ചു; ടൈം മാഗസിൻ റിപ്പോർട്ട്
ദില്ലി; ബിജെപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്ക് തങ്ങളുടെ നയങ്ങളിൽ വെള്ളം ചേർക്കുന്നതായുള്ള അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചിരുന്നു.
ഇപ്പോഴിതാ അസം ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളേയും ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിൻ റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ബിജെപി-വാട്സ് ആപ് ബന്ധം ആരോപിച്ച് രൂക്ഷ വിമർശനം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.

ബിജെപി എംഎൽഎയുടെ പോസ്റ്റ്
ആസാമിലെ ഹൊജായ് നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎയായ ഷിലാദിത്യ ദേവിനെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്നായിരുന്നു ടൈം മാഗസിൻ ആഗസ്റ്റ് 27 ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അറസ്റ്റിലായ മുസ്ലീം യുവാവിനെ കുറിച്ചായിരുന്നു ഷിലാദിത്യയുടെ പോസ്റ്റ്.

പോസ്റ്റ് നീക്കിയെന്ന് ഫേസ്ബുക്ക്
ഇങ്ങനെയാണ് ബംഗ്ലാദേശ് മുസ്‌ലിംകൾ ഞങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ലക്ഷ്യമിടുന്നത്, എന്നായിരുന്നു വാർത്ത പങ്കുവെച്ച് ഷിലാദിത്യ കുറിച്ചത്. 800 പേരാണ് ഷിലാദിത്യയുടെ പോസ്റ്റ് അന്ന് പങ്കുവെച്ചത്. വർഗീയ പോസ്റ്റ് എന്ന നിലയിൽ സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു എന്നായിരുന്നു ഫേസ്ബുക്ക് വാദം.

ഫേസ്ബുക്കിനെ ബന്ധപ്പെട്ടു
എന്നാൽ പോസ്റ്റ് ഒരു വർഷത്തോളം നീക്കം ചെയ്തിരുന്നില്ലെന്ന് ടൈം മാഗസിൻ റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്റ്റ് 21 ന് ഇത് സംബന്ധിച്ച് ടൈം ഫേസ്ബുക്കിനെ ബന്ധപ്പെടുന്നതുവരെ ഇത് നീക്കം ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ അന്താരാഷ്ട്ര നിരീക്ഷക ഗ്രൂപ്പായ ആവാസിലെ മുതിര്‍ന്ന അംഗം അല്‍ഫാബിയ സൊയാബ് ഫേസ്ബുക്ക് ഇന്ത്യ ജീവനക്കാരുമായി ഒരു വീഡിയോ ചാറ്റ് നടത്തിയിരുന്നു.2019 ലായിരുന്നു ഇത്.

ശിവനാഥ് തുക്രാൽ
അന്ന് ഫെയ്‌സ്ബുക്കിന്റെ വിദ്വേഷ പ്രചരണ നിയമങ്ങൾ ലംഘിച്ച 180 പോസ്റ്റുകൾ സൊയാബ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഒരു മണിക്കൂർ നീണ്ട യോഗത്തിനിടെ പകുതിക്ക് വെച്ച് ഫേസ്ബുക്കിന്റെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ശിവ്‌നാഥ് തുക്രാൽ എഴുന്നേറ്റ് പോകുകയായിരുന്നുവെന്ന് സൊയാബ് പറയുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ ദക്ഷിണേന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടറാണ് തുക്രാൻ.
എൻഡിടിവിയുടെ മുൻ പത്രപ്രവർത്തകനായ തുക്രാൽ 2017 ലാണ് ഫേസ്ബുക്കിൽ ചേർന്നത്.

അംഖി ദാസും തുക്രാലും
ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അംഖി ദാസും തുക്രാലും ചേർന്ന് 2017 ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി നേരത്തേ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്രസർക്കാരിന് വേണ്ടി ലോബിയിങ്ങ് ചെയ്യുകയാണ് തുക്രാൽ എന്ന് മുൻ ജീവനക്കാർ പറഞ്ഞതായി ടൈം റിപ്പോർട്ടിൽ പറയുന്നു.

ഫേസ്ബുക്ക് വിശദീകരണം
ആവാസ് ബിജെപി എംപിയുടെ പോസ്റ്റിനെ സംബന്ധിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ വിഷയം ഞങ്ങൾ പരിശോധിച്ചിരുന്നു. വർഗീയ വിദ്വേഷ പ്രചരണം നിയമങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. ആദ്യപരിശോധനയ്ക്ക് ശേഷം അത് നീക്കം ചെയ്യാതിരുന്നത് ഞങ്ങളുടെ വീഴ്ചയാണെന്ന് ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞതായി മാഗസിൻ റിപ്പോർട്ട് ചെയ്തു.സൊയാബുമുള്ള യോഗത്തിൽ നിന്ന് ശിവനാഥ് വിട്ട് നിന്നത് വിഷയം ഗൗരവമല്ലാതിരുന്നിട്ടല്ലെന്നും മറിച്ച് ആവാസ് ചൂണ്ടിക്കാട്ടിയ 180 വിദ്വേഷ പ്രചരണങ്ങളിൽ 70എണ്ണത്തിനെതരെ നടപടി കൈക്കൊണ്ടുവെന്നും ഫേസ്ബുക്ക് അറിയിച്ചു.

മുസ്ലീം വിരുദ്ധത
അതേസമയം നടപടി സ്വീകരിച്ചത് ബിജെപി നേതാക്കളുടെ പോസ്റ്റുകൾക്കെതിരെയാണോ എന്ന കാര്യത്തിൽ ഫേസ്ബുക്ക് വിശദീകരണം നൽകിയിട്ടില്ല. ദേവിന്റെ ഒരു വിദ്വേഷ പ്രചരണ പോസ്റ്റിനെ കുറിച്ച് മാത്രമേ ആവാസ് പ്രതിപാദിച്ചിട്ടു ള്ളൂവെങ്കിലും കടത്ത വർഗീയതും മുസ്ലീം വിരുദ്ധതയും പലപ്പോഴായി പ്രകടിപ്പിച്ചിട്ടുള്ള ആളാണ് ദേവ്.

ബിജെപിയുടെ പിടിയിലാകും
അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി-ഫേസ്ബുക്ക് ബന്ധത്തിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. അമേരിക്കയുടെ ടൈം മാഗസിൻ വാട്‌സ്ആപ്പ്-ബിജെപി അവിശുദ്ധ ബന്ധം തുറന്നുകാട്ടുന്നു: 40 കോടി ഇന്ത്യക്കാർ ഉപയോഗിക്കുന്നതാണിത്. വാട്‌സ്ആപ്പ് വഴിയുള്ള പണമിടപാടുകൾക്ക് മോഡി സർക്കാരിന്റെ അംഗീകാരം ആവശ്യമുണ്ട്. അങ്ങനെ വാട്സ് ആപും ബിജെിയുടെ പിടിയിലാകും, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.