വെളളത്തിൽ മുങ്ങി അസം: 2 ലക്ഷത്തോളം പേർ ദുരിതത്തിൽ; വരും ദിവസങ്ങളിലും കനത്ത മഴ
ഡൽഹി: രണ്ടു ദിവസമായി തുടരുന്ന പ്രളയം അസമിലെ രണ്ട് ലക്ഷത്തോളം ആളുകളെ ബാധിച്ചിരിക്കുകയാണ്. പെയ്തിറങ്ങിയ മഴയിൽ സംസ്ഥാനം വെള്ളത്തിനടിയിലായി. കനത്ത മഴ മണ്ണിടിച്ചിലിലേക്കും വെള്ളപ്പൊക്കത്തിലേക്കും നയിച്ചു. റെയിൽ, റോഡ് ഗതാഗതം താറുമാറായി.
സംസ്ഥാനത്ത് പെയ്ത മഴയും അതിന് പിന്നാലെ ഉണ്ടായ വെള്ളപ്പൊക്കവും 20 ജില്ലകളിലായി ഏകദേശം 2 ലക്ഷം ആളുകളെ പ്രതികൂലമായി ബാധിച്ചു. തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കം, മാരകമായ മണ്ണിടിച്ചിലിന് കാരണമാകുകയും ഹാഫ്‌ലോംഗ് റവന്യൂ സർക്കിളിലെ മൂന്ന് പേർ മരിക്കുന്നതിനും ഇടയാക്കി. കച്ചാർ ജില്ലയിൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രളയത്തിന് പിന്നാലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കച്ചാർ, ഹൊജായ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിവിധ ജില്ലകളിലായി 16 സ്ഥലങ്ങളിലെ കരകൾ തകർന്നു. പലയിടത്തും റോഡുകളും പാലങ്ങളും വീടുകളും പൂർണമായും ഭാഗികമായും നശിച്ചു. വലിയ നാശങ്ങൾക്കാണ് ഇപ്പോൾ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. മെയ് 15 മുതൽ ഹഫ്‌ലോംഗിലേക്കുള്ള എല്ലാ റോഡുകളും റെയിൽവേ പാതകളും തകർന്നതായി സംസ്ഥാന ബുള്ളറ്റിൻ വ്യക്തമാക്കി. ശക്തമായ ഉരുൾപൊട്ടലും വാർത്താ വിനിമയ ചാനലുകളുടെ തകർച്ചയും ദിമ ഹസാവോ ജില്ലയെ പൂർണ്ണമായും ഒറ്റപ്പെടുത്തി.
അതേസമയം, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംസ്ഥാനത്ത് ആകെ 1,97,248 പേരെ ബാധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ദുരന്ത നിവാരണ സേന (എൻ ഡി ആർ എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ് ഡി ആർ എഫ്), ഫയർ ആൻഡ് എമർജൻസി സർവീസ് എന്നിവ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ രക്ഷാ പ്രവർത്തനങ്ങൾക്കായി സഹായം നൽകുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഏഴ് ജില്ലകളിലായി 55 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 32,959 ഓളം വരുന്ന ആളുകളാണ് ഇവിടെ കഴിയുന്നത്. വരുന്ന മൂന്ന് ദിവസങ്ങളിൽ അസമിൽ കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കേരളത്തില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ലക്ഷദ്വീപിനു മുകളില്‍ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി നിലവില്‍ കേരളത്തിനു മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത.












Click it and Unblock the Notifications