അസാം പ്രളയം; മരിച്ചവരുടെ എണ്ണം 26 ആയി, 1,374 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ
ഗുവാഹത്തി; അസാം പ്രളയത്തിൽ പുതിയതായി രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം 26 ആയി. നാഗോണിലെ കാമ്പൂരിലും കച്ചാർ ജില്ലയിലെ ഉദർബോണ്ടിലും ആണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 17 ജില്ലകളിലായി 5.8 ലക്ഷത്തിലധികം ആളുകൾ പ്രളയത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥിതി കൂടുതൽ മെച്ചപ്പെട്ട് വരുന്നുണ്ടെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കച്ചാർ, ദരംഗ്, ദിമ, ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, ജോർഹട്ട്, കാംരൂപ്, കാംരൂപ് മെട്രോപൊളിറ്റൻ, കർബി ആംഗ്ലോങ് വെസ്റ്റ്, കരിംഗഞ്ച്, ലഖിംപൂർ, മോറിഗാവ്, നാഗാരിയോൺ, എന്നി ജില്ലകളിലായി 5,80,100-ലധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണെന്ന് അസാം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. നാഗോണിൽ മാത്രം 3.46 ലക്ഷത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്നുണ്ട്. കച്ചാറിൽ 1.78 ലക്ഷം ആളുകളും മോറിഗാവിൽ 40,900-ലധികം ആളുകളും ദുരിതത്തിന്റെ പിടിയിലാണ്. ശനിയാഴ്ച വരെ സംസ്ഥാനത്തെ 22 ജില്ലകളിലായി 6.5 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിരുന്നത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആറംഗ ഇന്റർ മിനിസ്റ്റീരിയൽ കേന്ദ്ര സംഘം മേയ് 27, 28 തീയതികളിൽ കച്ചാർ, ദിമ ഹസാവോ, ദരാംഗ്, നാഗോൺ, ഹോജായ് ജില്ലകൾ സന്ദർശിക്കുമെന്ന് എഎസ്ഡിഎംഎ പ്രത്യേക പത്രക്കുറിപ്പിൽ അറിയിച്ചു. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലമുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കാനാണ് ഈ സന്ദർശനം. എഎസ്ഡിഎംഎയുടെ കണക്കുകൾ പ്രകാരം ഇപ്പോഴും 1,374 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 64,098.92 ഹെക്ടർ വിളകളാണ് ഇതിനോടകം നശിച്ചിട്ടുള്ളത്. ബാർപേട്ട, ബിശ്വനാഥ്, ധുബ്രി, കരിംഗഞ്ച്, നൽബാരി, ശിവസാഗർ, സോണിത്പൂർ, ടിൻസുകിയ, ഉദൽഗുരി ജില്ലകളിൽ വൻതോതിലുള്ള മണ്ണൊലിപ്പ് ഉണ്ടായെന്നും എഎസ്ഡിഎംഎ അറിയിക്കുന്നു.
ബ്രഹ്മപുത്രയുടെ പോഷകനദിയായ കോപിലി ധരംതുളിലും കാമ്പൂരിലും അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനത്തൊട്ടാകെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ കായലുകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. 9 ജില്ലകളിലായി ആകെ 3,09,406 വളർത്തു മൃഗങ്ങളെയും കോഴികളെയും ഉടമസ്തർക്ക് നഷ്ടപ്പെട്ടതായും എഎസ്ഡിഎംഎ അറിയിച്ചു. നിലവിൽ 12 ജില്ലകളിലായി 528 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ 18,107 കുട്ടികളടക്കം 81,712 പേർ അഭയം പ്രാപിച്ചിട്ടുണ്ട്. 1,457.41 ക്വിന്റൽ അരി, പരിപ്പ്, ഉപ്പ്, 6,747.07 ലിറ്റർ കടുകെണ്ണ, 9,161.8 ക്വിന്റൽ കാലിത്തീറ്റ, മറ്റ് പ്രളയ ദുരിതാശ്വാസ വസ്തുക്കൾ എന്നിവ ഇവിടങ്ങളിൽ നിന്ന് വിതരണം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications