അസം ബഹുഭാര്യത്വ നിരോധന നിയമം പാസാക്കി; 10 വര്‍ഷം വരെ തടവ്, വാറണ്ടില്ലാതെ അറസ്റ്റ്
ഗുവാഹത്തി: അസമില്‍ ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ല് നിയമസഭ പാസാക്കി. ബഹുഭാര്യത്വം ഇനി സംസ്ഥാനത്ത് കുറ്റകരമാണ്. ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ആദ്യ പങ്കാളിയുള്ള വിവരം അറിയിക്കാതെ രണ്ടാം വിവാഹം ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന രക്ഷിതാക്കള്‍, മത നേതാക്കള്‍, ഗ്രാമസഭകളുടെ അധികൃതര്‍ എന്നിവരെല്ലാം 2 വര്‍ഷം വരെ ശിക്ഷിക്കപ്പെടും.
കുറ്റം ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് നിയമം പറയുന്നുണ്ടെങ്കിലും എന്തായിരിക്കും ശിക്ഷ എന്ന് വ്യക്തമാക്കുന്നില്ല. ഒന്നിലധികം കല്യാണം കഴിക്കുന്നവര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ജോലി കിട്ടില്ല. സര്‍ക്കാരിന്റെ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കില്ല. കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് വാറണ്ട് ആവശ്യമില്ല. പരാതി ഉയര്‍ന്നാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാം.

ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ഇക്കാര്യം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിക്കും. ഈ സമിതിയാണ് നഷ്ടപരിഹാരം വിധിക്കുക. അതേസമയം, നിയമം സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ ബാധകമാകില്ല. ബോഡോലാന്റ് പ്രദേശത്തും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ബഹുഭാര്യത്വം ആകാം. ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായിട്ടാണ് ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്നത്.
മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി
പുതിയ നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിയമസഭയില്‍ പറഞ്ഞു. യഥാര്‍ഥ മുസ്ലിങ്ങള്‍ നിയമത്തെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇസ്ലാം ബഹുഭാര്യത്വം പ്രോല്‍സാഹിപ്പിക്കുന്നില്ല. ഇസ്ലാം മത വിശ്വാസികള്‍ക്ക് യഥാര്‍ഥ മുസ്ലിം ആകാനുള്ള അവസരമാണ് നിയമം ഒരുക്കുന്നത് എന്നും മുഖ്യമന്ത്രി പറയുന്നു.
തുര്‍ക്കിയില്‍ ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. പാകിസ്താനില്‍ ഇത്തരം വിഷയം കൈകാര്യം ചെയ്യാന്‍ ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു. അസം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. താന്‍ വീണ്ടും മുഖ്യമന്ത്രിയായാല്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ അസമില്‍ ഏകസിവില്‍കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അതേസമയം, എഐയുഡിഎഫ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്ല് ഭരണഘടനക്ക് എതിരാണ് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബില്ല് എതിര്‍ക്കപ്പെടേണ്ടതാണ് എന്നും എഐയുഡിഎഫ് അംഗമായ അമീനുല്‍ ഇസ്ലാം പറഞ്ഞു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിയമം ബാധകമാകാത്തത് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്തു. പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രി ഏകസിവില്‍ കോഡ് കൊണ്ടുവരുമെന്ന് പറയുക എന്നാണ് അവര്‍ ഉന്നയിക്കുന്ന ചോദ്യം.












Click it and Unblock the Notifications