അസം എന്തുകൊണ്ട് എസ്‌ഐആറില്‍ നിന്ന് പുറത്തായി? ആശ്ചര്യം എന്ന് യോഗേന്ദ്ര യാദവ്, കേരളം ഇന്‍
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ച എസ്‌ഐആര്‍ നടപ്പാക്കാന്‍ പോകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ അസം ഇല്ല. കേരളം ഉള്‍പ്പെടെ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. ഈ വേളയിലാണ് ബിജെപി ഭരിക്കുന്ന അസം പുറത്തു നില്‍ക്കുന്നത്. ആശ്ചര്യകരമാണ് ഇക്കാര്യം എന്ന് സാമൂഹിക നിരീക്ഷന്‍ കൂടിയായ യോഗേന്ദ്ര യാദവ് പറയുന്നു.
12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക തീവ്ര പരിശോധന നടക്കാന്‍ പോകുന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പോണ്ടിച്ചേരി, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും ഇതില്‍ ഭാഗമാണ്. എന്നാല്‍ അടുത്ത ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അസം ഇല്ലാത്തതാണ് ചര്‍ച്ചയാകുന്നത്.

ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വിശദീകരണം നല്‍കി. അസമിലെ പൗരത്വ രജിസ്‌ട്രേഷന്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണ് എന്ന കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അസമിന് വേണ്ടി പ്രത്യേകമായി എസ്‌ഐആര്‍ പ്രഖ്യാപനമുണ്ടാകുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായി എന്‍ആര്‍സി നടപ്പാക്കിയ സംസ്ഥാനമാണ് അസം.
അസമിലെ പൗരത്വ വിഷയങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അത് പൂര്‍ത്തിയാകേണ്ടതുണ്ടെന്നും ഗ്യാനേഷ് കുമാര്‍ പറയുന്നു. സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് വോട്ടര്‍ പട്ടിക നവീകരിക്കുന്നത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അസമില്‍ എസ്‌ഐആര്‍ ഇല്ലാത്തത് ആശ്ചര്യപ്പെടുത്തുന്നു എന്ന് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.
എസ്‌ഐആര്‍ നടപടി ബിഹാറില്‍ വലിയ വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പ്രതിഷേധം ഇക്കാര്യത്തിലുണ്ടായി. അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ യോഗ്യരായ പലരെയും പുറത്താക്കാന്‍ ശ്രമമുണ്ടായി എന്ന് പ്രതിപക്ഷം പറയുന്നു. ബിഹാറില്‍ സുതാര്യമായിട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
രാജ്യത്ത് എന്‍ആര്‍സി നടപ്പാക്കിയ ഏക സംസ്ഥാനം അസം ആണ്. ഈ നടപടി വലിയ വിവാദമായിരുന്നു. 2019ല്‍ പട്ടിക പുറത്തിറക്കിയപ്പോള്‍ ബിജെപി വരെ ഇതിനെതിരെ രംഗത്തുവന്നു. 19 ലക്ഷം പേര്‍ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താകുന്നതായിരുന്നു സാഹചര്യം.
ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരാണ് പുറത്തായവരില്‍ കൂടുതലും എന്ന വിമര്‍ശനും ഉയര്‍ന്നു. തദ്ദേശീയരെ ഒഴിവാക്കുകയും വിദേശികളെ ഉള്‍പ്പെടുത്തുകയും ചെയ്തു എന്ന വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയത്. എന്‍ആര്‍സി പട്ടികക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. കേന്ദ്രം, അസം സര്‍ക്കാര്‍, രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല.












Click it and Unblock the Notifications