കന്നിയങ്കത്തിന് ആംആദ്മി; തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; നിലനിര്‍ത്താന്‍ ബിജെപി; ഗോവ ആര്‍ക്കൊപ്പം?

  • Posted By:
Subscribe to Oneindia Malayalam

പനാജി: രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനാമായ ഗോവയില്‍ തെരഞ്ഞെടുപ്പ് ചൂടിന് യാതൊരു കുറവും ഇല്ല. ഗോവന്‍ തീരങ്ങളില്‍ ഇപ്പോള്‍ വീശുന്ന കാറ്റിന് ഭരണ അനുകൂല സ്വഭാവമാണോ ഭരണ വിരുദ്ധ സ്വഭാവമാണോ എന്ന് തീര്‍ത്ത് പറയാറായിട്ടില്ല. നിലവിലെ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഒപ്പം ഗോവയില്‍ ഒരു കൈ നോക്കാന്‍ അരവിന്ദ് കെജരിവാളിന്റെ ആംആദ്മിയുമുണ്ട്. ഒറ്റ ഘട്ടമായി ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ്.

1961ല്‍ പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമായ ഗോവ 1987 മെയ് 30ന് സ്വതന്ത്ര സംസ്ഥാനമാകുന്നതു വരെ കേന്ദ്ര ഭരണ പ്രദേശമായിരുന്നു. 1963ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പ്രാദേശീക പാര്‍ട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തകിനായിരുന്നു വിജയം. 1980ലായിരുന്നു കോണ്‍ഗ്രസ് ആദ്യമായി ഗോവന്‍ ഭരണം പിടിക്കുന്നത്. പിന്നീടിങ്ങോട്ട് 2000 വരെ കാത്തിരിക്കേണ്ടി വന്നു ബിജെപിക്ക് സ്വതന്ത്രമായി അധികാരത്തിലെത്താന്‍. പിന്നീട് കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഗോവ ഭരിച്ചു. അതില്‍ തന്നെ കൂടുതല്‍ തവണയും കോണ്‍ഗ്രസിനായിരുന്നു ഭരണം.

ചെറിയ സംസ്ഥാനം

രാജ്യത്തെ 25ാമത്തെ സംസ്ഥാനമായ ഗോവ വലുപ്പത്തില്‍ രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണ്. 19 ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഗോവയില്‍ 40 നിയോജക മണ്ഡലങ്ങളാണുള്ളത്. ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഇപ്പോള്‍ ഗോവ ഭരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് പ്രതിപക്ഷത്ത്.

മത്സരരംഗത്ത് 10 പാര്‍ട്ടികള്‍

വലുപ്പത്തില്‍ ചെറുതെങ്കിലും ഗോവയില്‍ ബലപരീക്ഷണത്തനൊരുങ്ങത് നാല് ദേശീയ പാര്‍ട്ടികളടക്കം 10 പാര്‍ട്ടികളാണ്. കോണ്‍ഗ്രസിനേയും ബിജെപിയേയും കൂടാതെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും സജീവമാണ്. പ്രാദേശിക പാര്‍ട്ടികളായ മഹാരാഷ്ട്രവാദി ഗോമന്തക്, ഗോവ വികാസ് പാര്‍ട്ടി, യുണൈറ്റഡ് ഗോവന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ശിവസേനയും ഗോസുരക്ഷാ മഞ്ചും സജീവമായ ഗോവന്‍ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയ സാന്നിദ്ധ്യം ഇക്കുറി ആം ആദ്മി പാര്‍ട്ടിയാണ്. എല്ലാവരും മത്സര രംഗത്ത് സജീവമാണെങ്കിലും രാജ്യം ഉറ്റു നോക്കുന്നത് ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി മത്സരത്തെയാണ്.

കന്നിയങ്കത്തിന് ആം ആദ്മി

ദില്ലിയില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് ഗോവയിലേക്ക് ആം ആദ്മി എത്തിയിരിക്കുന്നത്. ദില്ലിയില്‍ അധികാരത്തിലെത്തിയ ഉടന്‍ പാര്‍ട്ടി എടുത്ത തീരുമാനം ഇനി അഞ്ചു കൊല്ലത്തേക്ക് ദില്ലി ഭരണത്തില്‍ മാത്രമായിരിക്കും ശ്രദ്ധ. അഞ്ചു വര്‍ഷത്തിനു ശേഷമേ പാര്‍ട്ടി മറ്റൊരു സംസ്ഥനത്ത് മത്സരിക്കു എന്ന് തീരമാനമെടുത്തിരുന്നു. എന്നാല്‍ അതിനു ഘടക വിരുദ്ധമായി പഞ്ചാബിലും ഗോവയിലും മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. എങ്കിലും ഗോവന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സാന്നിദ്ധ്യമറിയിക്കുമെന്നു തന്നെയാണ് കണക്കു കൂട്ടല്‍. അടുത്തിടെ പുറത്തു വന്ന അഭിപ്രായ സര്‍വേകളും അത് ശരിവയ്ക്കുന്നുണ്ട്.

വെല്ലുവിളികളില്‍ പതറാതെ ബിജെപി

നിലവിലെ ഭരണക്ഷിയായ ബിജെപിക്ക് ഇക്കുറി ഗോവയിലെ അന്തരീക്ഷം അത്ര ശുഭകരമാകില്ല. അഭിപ്രയ സര്‍വേകള്‍ ബിജെപിക്ക് അനുകൂലമാണെങ്കിലും കടമ്പകള്‍ നിരവധിയുണ്ട് ബിജെപിക്കു മുന്നില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക ശക്തയായിരുന്ന മഹാരാഷ്ട്രവാദി ഗോമന്തും ശിവസേനയും ഗോസുരക്ഷാ മഞ്ചും ബിജെപിക്ക് എതിരായ നിലപാടുമായി രംഗത്തുണ്ട്. 40ല്‍ 37 സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപി മുഴവവന്‍ സ്ഥാനാര്‍ത്ഥികളുടേയും പേര് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയായരുന്ന മനോഹര്‍ പരീക്കര്‍ കേന്ദ്രപ്രതിരോധമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനേത്തുടര്‍ന്നാണ് ലക്ഷ്മീകാന്ത് പര്‍സേക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായത്. മനോഹര് പരീക്കറിന്റെ അസാന്നിദ്ധ്യം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

ബിജെപി ബദല്‍ മുന്നണി

ഒരു തെരഞ്ഞെടുപ്പില്‍ ഭരണപക്ഷ പാര്‍ട്ടിക്കെതിരായി പുതിയൊരു മുന്നണി രൂപപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ ബിജെപി ബദല്‍ മുന്നണിയുടെ അണിയറയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായ മൂന്ന് പാര്‍ട്ടികളാണുള്ളത്. ഭരണ തുടര്‍ച്ച സ്വപ്‌നം കണ്ടിറങ്ങുന്ന ബിജെപിക്ക് ഇത് കനത്ത വെല്ലുവിളിയാകും. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തേത്തുടര്‍ന്ന് ആര്‍എസ്എസ് മേധാവിയായരുന്ന വെലിങ്കാര്‍ രൂപീകരിച്ച ഗോസുരക്ഷാ മഞ്ചും ശിവസേനയുമാണ് ബിജെപി ബദല്‍ മുന്നണിക്കായി കൈകോര്‍ക്കുന്നത്. ഒപ്പം മഹാരാഷ്ട്രവാദി ഗോമന്തകും. മുന്നണി രൂപൂകരിച്ചാലും ഇല്ലെങ്കിലും മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ക്കെതിരെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന സൂചന എംജിപി നല്‍കി കഴിഞ്ഞു. 22 സീറ്റുകളില്‍ എംജിപിയും എട്ട് സീറ്റുകളില്‍ ഗോരക്ഷാ മഞ്ചും അഞ്ച് സീറ്റുകളില്‍ ശിവസേനയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.

ഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

2012 ഇലക്ഷന്‍ കോണ്‍ഗ്രസിന് അത്ര ശുഭകരമായിരുന്നില്ല. 34 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 9 സീറ്റുളില്‍ മാത്രമേ വിജയിക്കാനായൊള്ളു. ദിഗംബര്‍ കമ്മത്ത് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസിന് വിനയായത്. എന്‍ഡിഎയിലുണ്ടായ അഭിപ്രായ ഭിന്നതയും ബിജെപി വിരുദ്ധ മുന്നണിയും കാര്യങ്ങള്‍ അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഗോവയില്‍ കന്നി അങ്കത്തിനിറങ്ങുന്ന ആം ആദ്മി കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി ഉയര്‍ത്തും. ആം ആദ്മി നേടുന്ന വോട്ടുകള്‍ കോണ്‍ഗ്രസിന്റേതായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി)

1963 മുതല്‍ 1980 വരെ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയായിരുന്നു ഗോവ ഭരിച്ചിരുന്നത്. ഇക്കാലയളവില്‍ തന്നെ രണ്ടു ഘട്ടങ്ങളിലായി ഒരു വര്‍ഷത്തോളം ഗോവ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി. 1980ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനു ശേഷം പിന്നീടൊരിക്കലും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് അധികാരത്തില്‍ തിരിച്ചെത്താനായിട്ടില്ല. ഒറ്റക്കു ഭരണത്തിലെത്താനായില്ലെങ്കിലും ബിജെപിയുമായി സംഖ്യം ചേര്‍ന്ന് ഗോവന്‍ രാഷ്ട്രീയത്തില്‍ സജീവമാണ് എംജിപി. എന്നാല്‍ ഇക്കുറി ബിജെപിക്കെതിരെ സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് എജെപിയുടെ തീരുമാനം. 22 സീറ്റുകളിലാകും എംജിപി മത്സരിക്കുക.

ആര്‍ക്കൊപ്പം ഗോവ?

ഗേവയുടെ ഭരണം സ്വപനം കണ്ട് ഇക്കുറി നാല് പാര്‍ട്ടികളാണ് ഉള്ളത്. ബിജെപിയും കോണ്‍ഗ്രസും ആം ആദ്മിയും ഒപ്പം എംജിപി നേതൃത്വം നല്‍കുന്ന ബിജെപി വിരുദ്ധ മുന്നണിയും. മത്സരത്തില്‍ മുന്നില്‍ ബിജെപിയും കോണ്‍ഗ്രസും ആംആദ്മിയും തന്നെ. ഇക്കുറി കാര്യങ്ങള്‍ ബിജെപി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കഴിഞ്ഞ തവണത്തെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചവര്‍ ഒപ്പമില്ല എന്നത് വോട്ട് ശതമാനത്തെ ബാധിക്കും. കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്നത് ആം ആദ്മി തന്നെയാണ്. നിലവില്‍ പുറത്തുവരുന്ന അഭിപ്രായ സര്‍വേകള്‍ ബിജെപിക്ക് ഒപ്പമാണെങ്കിലും മത്സരം തീ പാറുമെന്ന കാര്യത്തില്‍ സംശയമില്ല. അന്തിമ വിധി വരാന്‍ മാര്‍ച്ച് 11 വരെ കാത്തിരിക്കണം.

English summary
Who will won in Goa 2017 assembly election? Congress, BJP and AAP are major parties focusing on Goa election.
Please Wait while comments are loading...